കണ്ണൂർ പയ്യന്നൂരിൽ പൊലീസ് നടത്തിയ റെയ്ഡില്‍ വന്‍ കുഴല്‍പ്പണ ഇടപാടു സംഘം പിടിയിലായി.പിടിയിലായവരുടെ പക്കൽനിന്നും രേഖകളില്ലാത്ത 46 ലക്ഷം രൂപയാണ് പിടികൂടിയത്. മഹാരാഷ്ട്ര സ്വദേശികളായ സത്യവാങ് ആദര്‍ശ്, ശിവജി എന്നിവരാണ് പിടിയിലായത്.പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന് കേന്ദ്രീകരിച്ച് കുഴല്‍പണ ഇടപാട് നടക്കുന്നുണ്ടെന്ന പയ്യന്നൂര്‍ ഡിവൈഎസ്പി കെ.വിനോദ്കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന റെയ്ഡിലാണ് പ്രതികൾ പിടിയിലായത്.
റെയില്‍വെ സ്റ്റേഷനു സമീപം നിലയുറപ്പിച്ച പൊലീസ് സംശയാസ്പദമായ രീതിയില്‍ കണ്ട രണ്ടു പേരെ പരിശോധിച്ചപ്പോഴാണ് ഇവര്‍ വാഹനത്തില്‍ കൊണ്ടുവരികയായിരുന്ന പണം സഹിതം പിടിയിലായത്. വലിയ ബാഗിനകത്ത് നോട്ടുകള്‍ കെട്ടുകളായി സൂക്ഷിച്ചിരിക്കുകയായിരുന്നു.കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തതിനു ശേഷം പണം തൊണ്ടിമുതലായി കണ്ടുകെട്ടി. കുഴല്‍പണ കടത്തു സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്നാണ് പൊലീസിന്റെ സംശയം.