തിരുവനന്തപുരം: ജോലിക്കിടെ പൊതുജനങ്ങളിൽ നിന്ന് ആക്രമണം നേരിടുന്ന ജീവനക്കാർക്ക് നിയമ പരിരക്ഷയും ചികിത്സാ സഹായവും ഉറപ്പുവരുത്തുമെന്ന് കെ.എസ്.ഇ.ബി. ജീവനക്കാർക്കെതിരെ ശാരീരികവും മാനസികവുമായ അതിക്രമം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് ചെയർമാന്റെ ഓഫീസിൽ നിന്നുള്ള അറിപ്പ് കഴിഞ്ഞ കൊല്ലം മാത്രം ഫീൽഡ് ജീവനക്കാർക്കെതിരെ ഇരുപതിലേറെ ആക്രമങ്ങളുണ്ടായെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പ് വിശദീകരിക്കുന്നു. ആക്രമത്തിന് ഇരയാകുന്നവർക്ക് തങ്ങളുടെ ഭീമമായ ചികിത്സാ ചെലവുകളും വ്യവഹാരച്ചെലവുകളും സ്വയം വഹിക്കേണ്ട സ്ഥിതിയാണ് നിലവിലുണ്ടായിരുന്നത്. കൃത്യമായ ജോലി സമയം പോലും നോക്കാതെ രാവും പകലും പ്രകൃതിക്ഷോഭമുൾപ്പെടെ തികച്ചും പ്രതികൂലമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നവരാണ് കെ.എസ്.ഇ.ബി ഫീൽഡ് ജീവനക്കാർ. വൈദ്യുതിയുമായി ബന്ധപ്പെട്ടുള്ളതിനാൽത്തന്നെ അപകടകരമായ പ്രവർത്തന മേഖലയാണിത് എന്ന സവിശേഷതയുമുണ്ട്. അതിക്രമങ്ങൾക്കിരയാകുന്ന ജീവനക്കാർക്ക് പരിക്ക് സാരമല്ലെങ്കിൽ തൊട്ടടുത്ത സർക്കാർ ആശുപത്രിയിലും മാരകമാണെങ്കിൽ ജില്ലയിലെ സ്വകാര്യ സ്പെഷ്യാൽറ്റി ആശുപത്രിയിലും ചികിത്സ ഉറപ്പാക്കും. ചികിത്സയുടെ എല്ലാ ചെലവും കെ.എസ്.ഇ.ബി വഹിക്കും.