പാരിസ്: പ്രമുഖ ഫാഷൻ ഡിസൈനർ തരുൺ തഹിലിയാനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പരിഹാസം. ഒളിമ്പിക്സ് മാർച്ച് പാസ്റ്റിനുള്ള ഇന്ത്യൻ താരങ്ങളുടെ യൂണിഫോമിന്റെ നിലവാരത്തെ ചൊല്ലിയായിരുന്നു വിമർശനം. ടെക്സ്റ്റൈൽ, കൈത്തറി മേഖലകളിൽ സമ്പന്ന പൈതൃകമുള്ള ഒരു രാജ്യത്തിന്റെ ടീമിന് ഒരു ആഗോള വേദിയിൽ എന്തിനാണ് ഇത്രയും മോശമായ രീതിയിൽ അവതരിപ്പിച്ചതെന്നും ചോദ്യങ്ങളുണ്ട്.
വെളുത്ത കുർത്തയും പൈജാമയും ഇന്ത്യൻ ത്രിവർണ പതാകയിലെ കുങ്കുമവും പച്ചയും കലർന്ന ജാക്കറ്റുമായിരുന്നു പുരുഷ അത്‌ലറ്റുകളുടെ വേഷം. അതേസമയം ത്രിവർണം പ്രിന്റ് ചെയ്ത സാരിയായിരുന്നു വനിത കായികതാരങ്ങൾ അണിഞ്ഞത്. ഏറെ പ്രശസ്തനായ ഡിസൈനർ തരുൺ തഹിലിയാനിയാണ് ഇതൊരുക്കിയതെന്നറിഞ്ഞതോടെയാണ് വിർശനം കൂടിയത്.
ഈ യൂനിഫോമുകളേക്കാൾ മികച്ച സാരികൾ 200 രൂപക്ക് മുംബൈ തെരുവുകളിൽ വിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ടെന്നായിരുന്നു ഡോ. നന്ദിത അയ്യർ എക്സിൽ കുറിച്ചത്. ഡിജിറ്റൽ പ്രിന്റുകൾ, വിലകുറഞ്ഞ പോളിസ്റ്റർ തുണികൾ, യാതൊരു ഭാവനയും ഇല്ലാതെ ഒരുമിച്ചെറിഞ്ഞ ത്രിവർണം എന്നിവയുടെ സംയോജനമാണിതെന്നും അവർ കൂട്ടിച്ചേർത്തു.
ഇത് രാജ്യത്തിന്റെ നെയ്ത്ത് പാരമ്പര്യത്തിന്റെ പ്രതീകമാണെന്നും അഞ്ച് മണിക്കൂറോളം താരങ്ങൾ ചൂടിൽ നിൽക്കേണ്ട കാര്യം പരിഗണിക്കേണ്ടി വന്നെന്നും വിമർശനങ്ങൾക്ക് മറുപടിയായി ഡിസൈനർ തരുൺ തഹ്‍ലിയാനി പറഞ്ഞു.