ഷിരൂർ: അർജുനെ കണ്ടെത്താൻ ഷിരൂരില്‍ എത്തിയ പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ ‘ഈശ്വർ മാല്‍പെ’ സംഘം ദൗത്യം ഏറ്റെടുത്തു. മത്സ്യത്തൊഴിലാളികളുടെ 8 അംഗ സംഘം ഗംഗാവലി പുഴയില്‍ തിരച്ചില്‍ നടത്തും. ഇവർ ഉടൻ പുഴയിലിറങ്ങും. വിവിധ ഉപകരണങ്ങളുമായാണ് ശനിയാഴ്ച രാവിലെയോടെ ഇവർ ഷിരൂരിലെത്തിയത്. ഗംഗാവലിയിലെ അടിയൊഴുക്കിന് സമാനമായ ഒരുപാട് സാഹചര്യങ്ങളില്‍ ഇതിനുമുമ്ബും ഇടപെട്ടിട്ടുണ്ടെന്ന് സംഘത്തലവനായ ഈശ്വർ പറഞ്ഞു. എസ്.പിയും ഡിവൈ.എസ്.പിയും ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ദൗത്യത്തിനായി വന്നത്.
അടിയൊഴുക്കുള്ള പുഴയില്‍ ഇറങ്ങി പരിചയമുള്ളവരാണ് സംഘത്തിലുള്ളവർ. നിരവധി പേരെ ഇവർ രക്ഷപ്പെടുത്തിയിട്ടുണ്ട്. നിരവധി മൃതദേഹങ്ങള്‍ പുഴയില്‍നിന്ന് എടുത്തിട്ടുണ്ട്. ഉഡുപ്പി ജില്ലയിലാണ് മാല്‍പെ. വെള്ളത്തില്‍ നൂറ് അടിവരെ താഴെ പോയി മൃതദേഹങ്ങള്‍ പുറത്തെത്തിച്ചിട്ടുണ്ട്.
നേവിയുടെ ബോട്ടില്‍ പോയി വെള്ളത്തിനടിയിലേക്ക് നങ്കൂരം കയർകെട്ടി ഇടും. പിന്നീട് വെള്ളത്തിലേക്ക് ഇറങ്ങി നങ്കൂരത്തിന്റെ സഹായത്തോടെ പുഴയുടെ അടിത്തട്ടില്‍ നിലയുറപ്പിക്കും. മറ്റിടങ്ങളില്‍നിന്ന് അർജുനെ കണ്ടെത്താൻ സാധിക്കാത്തതിനാല്‍ ലോറിക്ക് ഉള്ളില്‍ തന്നെ ഉണ്ടാകുമെന്നാണ് വിശ്വാസം ഈശ്വർ പറഞ്ഞു.