കൊച്ചി: എറണാകുളം- ബംഗളൂരു ബന്ദേ ഭാരത് എക്സ്പ്രസ് സ്പെഷൽ സർവീസ് ആരംഭിക്കുന്നു. ഈ മാസം 31 മുതൽ സർവീസ് ആരംഭിക്കും. ആഴ്ചയിൽ മൂന്നു ദിവസം വീതമാണ് എറണാകുളം – ബെംഗളൂരു, ബെംഗളൂരു – എറണാകുളം റൂട്ടിൽ വന്ദേ ഭാരത് സർവീസ് നടത്തുക. ബംഗളൂരുവിൽ നിന്നുള്ള സർവീസ് ഓഗസ്റ്റ് 1 മുതൽ 26 വരെയാണ്.മൊത്തം 12 ട്രിപ്പുകൾ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്.
എറണാകുളം – ബെംഗളൂരു റൂട്ടിൽ ജൂലൈ 31 മുതൽ ഓഗസ്റ്റ് 25 വരെയാണ് ട്രെയിൻ സർവീസ് നടത്തുക. എറണാകുളത്തു നിന്നു ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലും (06001), ബംഗളൂരുവിൽ നിന്നു വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലും (06002) ആയിരിക്കും സർവീസ്. എറണാകുളത്തു നിന്നു ഉച്ചയ്ക്ക് 12.50നു യാത്ര തിരിച്ചു രാത്രി 10നു ബംഗളൂരുവിൽ എത്തും. ബംഗളൂരുവിൽ നിന്നു രാവിലെ 5.30നു തിരിച്ച് ഉച്ചയ്ക്ക് 2.20നു എറണാകുളത്ത് എത്തും. തൃശൂർ, ഷൊർണൂർ, പാലക്കാട് ജങ്ഷൻ, പോഡനൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോളാർപേട്ട് എന്നീ സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റോപ്പുള്ളത്. 8 കോച്ചുള്ള റാക്കാണ് ഓടിക്കുന്നത്. യാത്രക്കാരുടെ തിരക്കു മാനിച്ചാണ് തീരുമാനമെന്നു ദക്ഷിണ റെയിൽവേ വ്യക്തമാക്കി.