ഇടുക്കി കല്ലാർവാലി എസ്റ്റേറ്റിൽ പുതിയ മാനേജ്മെന്റും പഴയ മാനേജ്മെന്റും തമ്മിലുണ്ടായ സംഘർഷത്തിൽ നാലുപേർക്ക് വെട്ടേറ്റു. വെട്ടേറ്റ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ആന്ധ്ര സ്വദേശികളുടെ ഉടമസ്ഥതയിലുള്ള കല്ലാർ വാലി എസ്റ്റേറ്റ് രണ്ടുവർഷം മുമ്പാണ് കട്ടപ്പന സ്വദേശിക്ക് പാട്ടത്തിന് നൽകിയത്. കരാർ എടുത്ത പുതിയ മാനേജ്മെന്റ് പഴയ തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു.ഇതിനെതിരെ, തൊഴിലാളികൾ മൂന്ന് മാസമായി സമരത്തിലാണ്.
ഇതിനിടെ ഇന്നലെ അർധരാത്രിയോടെ പഴയ മാനേജ്മെന്റ് അധികൃതർ എസ്റ്റേറ്റിലെത്തി പൂട്ട് പൊളിച്ച് അകത്ത് കടന്നിരുന്നു.ഇതോടെയാണ് സംഘർഷം ഉണ്ടായത്. സംഭവത്തിൽ അടിമാലി പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അടിമാലി പൊലീസ് അന്വേഷണം തുടങ്ങി. ഇരു കൂട്ടർക്കുമെതിരെ കേസെടുക്കുമെന്നാണ് പൊലീസിന്റെ വിശദീകരണം