തിരുവനന്തപുരം: പകരം വയ്ക്കാനില്ലാത്ത സ്വരമാധുര്യം, മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് ഇന്ന് 61 വയസ്. നാലു പതിറ്റാണ്ടായി ലോകം കേൾക്കുന്നു ആ ശബ്ദം.. അല്ല, കേൾക്കാൻ കൊതിക്കുന്നു.
1963 ജൂലൈ 27 ന് പ്രശസ്ത സംഗീതജ്ഞൻ കരമന കൃഷ്ണൻ നായരുടേയും ശാന്തകുമാരിയുടേയും മൂന്ന് മക്കളിൽ രണ്ടാമത്തവളായി ചിത്ര ജനിച്ചു. അച്ഛനായിരുന്നു ആദ്യ ഗുരു. ചിത്രയെ സ്ഫുടം ചെയ്തെടുത്തത് കർണ്ണാടക സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടിയായിരുന്നു. ഓമനക്കുട്ടിയുടെ സഹോദരൻ എം.ജി രാധാകൃഷ്ണനാണ് ചിത്രയെന്ന പാട്ടുകാരിയെ മലയാള സിനിമയിലേക്ക് കൈപിടിച്ച് നടത്തിയത്. 1979 ൽ അദ്ദേഹം സംഗീതം നിർവഹിച്ച അട്ടഹാസം എന്ന ചിത്രത്തിലൂടെ. ആ സിനിമ ഒരു വർഷത്തിന് ശേഷമാണ് പുറത്തിറങ്ങിയത്. അതിനും മുമ്പ് പത്മരാജൻ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം എന്ന ചിത്രത്തിലെ അരികിലോ അകലെയോ.. എന്ന ചിത്ര പാടിയ ഗാനം പുറത്തിറങ്ങി.
ഞാൻ ഏകനാണ് എന്ന ചിത്രത്തിനു വേണ്ടി സത്യൻ അന്തിക്കാട് രചിച്ച് എം.ജി രാധാകൃഷ്ണൻ സംഗീതമൊരുക്കിയ രജനീ പറയൂ… എന്ന ഗാനം ചിത്രയുടെ ആദ്യ സോളോ ഹിറ്റായി. 1983ൽ പുറത്തിറങ്ങിയ മാമ്മാട്ടിക്കുട്ടിയമ്മ എന്ന ചിത്രത്തിലെ ആളൊരുങ്ങി അരങ്ങൊരുങ്ങി.. എന്ന ഗാനം ചിത്രയുടെ കരിയർ ഗ്രാഫ് ഉയർത്തി. അതോടെ അവസരങ്ങളുടെ വസന്തകാലം ചിത്രയെ തേടിയെത്തി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി മിക്ക ഭാഷകളിലും ആ മധുരശബ്ദം ഒഴുകി നടക്കുന്നു.
1986ൽ പുറത്തിറങ്ങിയ സിന്ധുഭൈരവി എന്ന ചിത്രത്തിലെ പാടറിയേ, പഠിപ്പറിയേ.. എന്ന ഗാനത്തിലൂടെ ചിത്രയ്ക്ക് ആദ്യ ദേശീയ പുരസ്കാരം. 1987 ൽ നഖക്ഷതങ്ങളിലെ ”മഞ്ഞൾ പ്രസാദവും… എന്ന ഗാനത്തിന് രണ്ടാമത്തെ ദേശീയ പുരസ്കാരം. ഏറ്റവുമൊടുവിൽ 2004 ൽ തമിഴ് ചിത്രം ഓട്ടോഗ്രാഫിലെ ഒവ്വൊരു പൂക്കളുമേ… എന്ന ഗാനത്തിലൂടെ ചിത്ര ആറാമത്തെ ദേശീയ പുരസ്കാരവും സ്വന്തമാക്കി.
15 സംസ്ഥാന പുരസ്കാരങ്ങൾക്ക് പുറമെ തമിഴ്നാട്, ആന്ധ്ര, കർണാടക, ഒറീസ സർക്കാരിന്റെയും പുരസ്കാരങ്ങൾ ചിത്രയ്ക്ക് ലഭിച്ചിട്ടുണ്ട്. 2005ൽ രാജ്യം പത്മശ്രീ നൽകി ചിത്രയെന്ന പാട്ടിന്റെ പാലാഴിയെ ആദരിച്ചു.