സ്ത്രീകളോട് മോശമായ പെരുമാറ്റവും ലൈംഗികാതിക്രമവും നടത്തിയെന്ന ആരോപണത്തിൽ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് നടൻ ജോൺ വിജയ്ക്കെതിരായ തെളിവുകൾ പുറത്ത്. ജോൺ വിജയ്ക്കെതിരെ ഏതാനും സ്ത്രീകൾ നൽകിയ പരാതികളുടെ സ്ക്രീൻഷോട്ടുകൾ ഗായിക ചിന്മയി പുറത്തുവിട്ടു. ഏതാനും ദിവസങ്ങൾക്കുമുൻപ് അഭിമുഖമെടുക്കാൻ ചെന്ന് കാത്തിരിക്കവേ തന്നോട് നടൻ മോശമായി പെരുമാറിയെന്ന് ഒരു മാധ്യമപ്രവർത്തക സോഷ്യൽ മീഡിയയിലൂടെ തുറന്നുപറഞ്ഞതിന് പിന്നാലെയാണിപ്പോൾ ചിന്മയി സ്ക്രീൻ ഷോട്ടുകൾ പുറത്ത് വിട്ടത്.ജോലി സ്ഥലത്തും പരസ്യമായും നടൻ മോശമായ തരത്തിൽ സ്ത്രീകളെ നോക്കുന്നത് അവരിൽ അസ്വസ്ഥതയുണ്ടാക്കുന്നു എന്നാണ് സ്ക്രീൻഷോട്ടുകളിലെ ഉള്ളടക്കം.ഇയാൾ പൊതുജനങ്ങൾക്ക് വരെ ഒരു ശല്യമാണ്. ചെന്നൈയിലെ ക്ലബുകളിലേയും പബ്ബുകളിലേയും സ്ഥിരസന്ദർശകനാണ് ജോൺ വിജയ്. ‘നോ’ എന്ന വാക്കിന്റെ അർത്ഥം ഇയാൾക്ക് അറിയില്ല. ഒരിക്കൽ ശല്യം സഹിക്ക വയ്യാതെ ഞാൻ ക്ലബിലെ ബൗൺസർമാരെ അറിയിക്കുകയായിരുന്നു’,ചിന്മയി പോസ്റ്റ് ചെയ്ത ഒരു സ്ക്രീൻഷോട്ടിലെ ഉള്ളടക്കം ഇങ്ങനെയായിരുന്നു.