വിഴിഞ്ഞം: കേരളത്തിൽ ആദ്യമായി ക്ലോവർ ലീഫ് മാതൃകയിൽ റോഡ് വരുന്നു. വിഴിഞ്ഞം തുറമുഖത്തു നിന്നുള്ള റോഡ് ബൈപാസുമായി ബന്ധിപ്പിക്കുന്നത് ക്ലോവർ ലീഫ് മാതൃകയിൽ. നാലു വളയങ്ങൾ പരസ്പരം ചേരുന്ന രൂപമാണ് ക്ലോവർ ലീഫ്. ഇത്തരത്തിൽ നിലവിൽ സംസ്ഥാനത്തെവിടെയും റോഡുകളില്ല. തുറമുഖത്തോടനുബന്ധിച്ച ദീർഘദൂര ഭൂഗർഭ റെയിൽപാതയ്ക്കും പദ്ധതി. ഇതിനുള്ള നിർദേശം സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണ്.
മുല്ലൂരിലെ തുറമുഖ കവാടത്തിൽനിന്ന് ബൈപാസ് വരെയുള്ള 1.7 കിലോമീറ്റർ പാതയയിലെ രണ്ടു പാലത്തിന്റെ നിർമാണം പൂർത്തിയാവുകയാണ്. പകുതിയോളം റോഡിന്റെ രൂപരേഖയുമായി. ബൈപാസിൽ നിന്നുള്ള ഗതാഗതത്തെ ബാധിക്കാതെ തുറമുഖത്തിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് ഇരുഭാഗത്തേക്കും പോകാൻ കഴിയുന്ന രീതിയിലാണ് നിർമാണം. റോഡ് വികസനത്തിന് 20 ഏക്കർ സ്ഥലം വേണ്ടി വരുമെന്നാണ് റിപ്പോർട്ട് പറയുന്നത്.
വിഴിഞ്ഞം തുറമുഖത്തേക്കുള്ള തുരങ്ക റെയിൽപ്പാത നിർമാണവും വൈകാതെ സാധ്യമായേക്കും. പദ്ധതി നടപ്പിലാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രിയും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. വിഴിഞ്ഞത്തു നിന്നു ബാലരാമപുരം വരെ നീളുന്ന 10.7 കിലോമീറ്റർ നീളമുള്ളതാണ് തുരങ്ക റെയിൽ പാത.