ഷിരൂർ: കർണാടകയിലെ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ പതിനൊന്നാം ദിവസത്തിലേക്ക്. ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്കാണ് തിരച്ചിലിന് കനത്ത വെല്ലുവിളിയാകുന്നത്.
അനുകൂല കാലാവസ്ഥയാണെങ്കിൽ മാത്രമാകും നേവിയുടെ സ്കൂബ ഡൈവർമാർ പുഴയിലിറങ്ങുക. നിലവിൽ ഒഴുക്ക് 6 നോട്സാണ്. 3 നോട്സിനു താഴെ എത്തിയാലെ മുങ്ങൽവിദഗ്ധർക്ക് ഇറങ്ങാനാകൂ. അതിശക്തമായ ഒഴുക്ക് തിരച്ചിലിന് തടസ്സമാകുന്നതായി നേവി അറിയിച്ചു. ഷിരൂരിൽ രാവിലെ മുതൽ കനത്ത മഴയാണ്.
അർജുന്റെ ട്രക്ക് ഇപ്പോൾ റോഡിൽ നിന്നും 50 മീറ്റർ അകലെയാണുള്ളത്. ട്രക്കിന്റെ മുകൾഭാഗം 5 മീറ്റർ താഴെയും ലോറിയുള്ളത് 10 മീറ്റർ ആഴത്തിലുമാണ്. അതേസമയം, ലോറിക്കകത്ത് അർജുൻ ഉണ്ടോ എന്നു സ്ഥിരീകരിക്കാനായില്ല. ഇന്നലെ പകൽ തെർമൽ ഇമേജിങ് പരിശോധനയിൽ പുഴയ്ക്കടിയിലെ ലോറിക്കകത്തു മനുഷ്യശരീരത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് നിർത്തിവെച്ച ഡ്രോൺ പരിശോധന പുനരാരംഭിച്ചിട്ടില്ല