ന്യൂഡൽഹി: കാർഗിൽ യുദ്ധ വിജയത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കാർഗിലിലെത്തും. രാവിലെ 9.20 ഓടെ കാർഗില്‍ യുദ്ധ സ്മാരകം സന്ദർശിക്കുന്ന പ്രധാനമന്ത്രി വീരമൃത്യു വരിച്ച സൈനികർക്ക് ശ്രദ്ധാഞ്ജലിയർപ്പിക്കും. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത വീര സൈനികരെ മോദി ആദരിക്കും. കാര്‍ഗില്‍ യുദ്ധ മ്യൂസിയത്തിലെ സന്ദര്‍ശക പുസ്തകത്തില്‍ അദ്ദേഹം കുറിപ്പെഴുതും. കാര്‍ഗില്‍ മേഖലയില്‍ വിന്യസിച്ചിരിക്കുന്ന സൈനികരെയും സൈനികോദ്യോഗസ്ഥരെയും നേരില്‍ക്കണ്ട്, ഫോട്ടോയെടുത്താണ് പ്രധാനമന്ത്രി മടങ്ങുക.
ഷിങ്കുൻ – ലാ തുരങ്ക പദ്ധതിക്കും പ്രധാനമന്ത്രി തുടക്കമിടും. തുരങ്കം പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്കമായി ഇതു മാറും. ഷിങ്കുൻ – ലാ തുരങ്കം ഇന്ത്യൻ സായുധ സേനകളുടെയും ഉപകരണങ്ങളുടെയും വേഗത്തിലുള്ള നീക്കം ഉറപ്പാക്കുമെന്ന് അധികൃതർ പറഞ്ഞു.
നിമ്മു – പദും – ദാർച്ച റോഡില്‍ ഏകദേശം 15,800 അടി ഉയരത്തില്‍ 4.1 കിലോമീറ്റർ നീളമുള്ള ഇരട്ടക്കുഴല്‍ തുരങ്കം ഉള്‍പ്പെടുന്നതാണ് പദ്ധതി. ലഡാക്കിലെ സാമ്ബത്തിക-സാമൂഹ്യ വികസനം പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.