ഷിരൂർ: ഉത്തര കന്നഡയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശി അർജുനെകാണാതായിട്ട് ഇന്നേക്ക് എട്ടുദിവസം. ഇന്നുമുതൽ പുഴ കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടക്കുക. റോഡിലെ മണ്ണിനടിയിൽ ലോറി ഇല്ലെന്ന് ഉറപ്പായ സാഹചര്യത്തിൽ പുഴയിലാകും ഇന്ന് പരിശോധന. ലോറി പുഴയിൽ പുതഞ്ഞുപോകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഫെറക്സ് ലൊക്കേറ്റർ 120, ഡീപ് സെർച്ച് ഡിറ്റക്ടർ തുടങ്ങി അത്യാധുനിക സംവിധാനങ്ങൾ തെരച്ചിലിനായി ഉപയോഗിക്കും.
സൈന്യത്തിൻറെ നേതൃത്വത്തിലായിരിക്കും തെരച്ചിൽ. ഇന്നലെ വൈകിട്ടോടെ,പുഴയ്ക്ക് അടിയിൽ നിന്ന് പുതിയ സിഗ്നൽ കിട്ടിയിരുന്നു. ലോറി കരഭാഗത്ത് ഇല്ലെന്നും മണ്ണിൽ പുതഞ്ഞ് പോകാനുള്ള സാധ്യത തള്ളാനാവില്ലെന്നും സൈന്യം വ്യക്തമാക്കി.
പുഴയിൽ കര ഭാഗത്ത് നിന്ന് 40 മീറ്റർ അകലെയാണ് സിഗ്നൽ കിട്ടിയിട്ടുള്ളത്. ലോറി ചളിമണ്ണിൽ പൂണ്ട് പുതഞ്ഞ് പോയിരിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്ന് സൈന്യം പറയുന്നു. എന്നാൽ, കനത്ത ഒഴുക്കാണ് പുഴയിലുള്ളത്. നാവികസേന സിഗ്നൽ കിട്ടിയ സ്ഥലത്ത് ഇന്ന് വിശദമായ തെരച്ചിൽ നടത്തും.വെള്ളത്തിൽ ഉപയോഗിക്കാവുന്ന ഫെറക്സ് ലൊക്കേറ്റർ 120-യും ഡീപ് സെർച്ച് മൈൻ ഡിറ്റക്റ്ററും ഉപയോഗിച്ചാവും സിഗ്നൽ ലഭിച്ച ഭാഗത്ത് തെരച്ചിൽ നടത്തുക.