മലപ്പുറം: നിപ്പ ബാധിച്ചു മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 9 പേരുടെ സാംപിളുകൾ നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍. 13 പേരുടെ സാംപിളുകളാണ് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നത്.രോഗം ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ രക്ഷിതാക്കളുടെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട പാലക്കാട് സ്വദേശികളായ രണ്ടു പേരുടെയും പരിശോധനാ ഫലം ഇതില്‍ ഉള്‍പ്പെടും.
നിലവില്‍ 406 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 194 പേര് ഹൈ റിസ്ക് കാറ്റഗറിയിലാണ്. ഹൈ റിസ്ക് കാറ്റഗറിയില്‍ ഉള്‍പ്പെട്ടവരില്‍ 139 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 15 പേരാണ് വിവിധ ആശുപത്രികളിലായി അഡ്മിറ്റായി ചികിത്സ തേടുന്നത്. ഫലം നെഗറ്റീവാവുകയും പനി അടക്കമുള്ള ലക്ഷണങ്ങള്‍ സുഖപ്പെടുകയും ചെയ്തവരെ ഡിസ്ചാര്‍ജ് ചെയ്യും. ഇവര്‍ പ്രോട്ടോകോള്‍ പ്രകാരമുള്ള ഐസൊലേഷനില്‍ തുടരണം.