തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും അധ്യാപികയുമായ ഡാലിയയുടെ ഹൃദയം 12 വയസുകാരിക്കു മാറ്റിവച്ചു.ശ്രീചിത്ര ആശുപത്രിയില്‍ നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി. ഇവിടെ നടക്കുന്ന ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയാണിത്. ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജിയില്‍ ചികിത്സയിലുള്ള തൃശൂര്‍ ചാവക്കാട് സ്വദേശിനി 12 വയസുകാരിയ്ക്കാണ് ഹൃദയം മാറ്റിവച്ചത്.
കൊല്ലം കരുനാഗപ്പള്ളി ആലുംകടവ് സ്വദേശിയായ ഡാലിയ ടീച്ചര്‍ മസ്തിഷ്ക മരണമടഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. ഹൃദയവും, രണ്ട് വൃക്കകളും കരളും രണ്ട് കണ്ണുകളും ഉള്‍പ്പെടെ 6 അവയവങ്ങളാണ് ദാനം ചെയ്തത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍നിന്നാണു ഹൃദയം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്കു പിന്നാലെ സര്‍ക്കാര്‍ മേഖലയില്‍ ഹൃദയ മാറ്റം നടക്കുന്ന രണ്ടാമത്തെ സ്ഥാപനമാണിത്