ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനായി മണ്‍കൂനയില്‍ നടത്തിയ തെരച്ചിലിൽ ലോറി കണ്ടെത്താനായില്ല. റഡാര്‍ പരിശോധനയിൽ മാര്‍ക്ക് ചെയ്ത സ്ഥലങ്ങളിലെല്ലാം കുഴിച്ചു നോക്കിയെങ്കിലും ലോറി കണ്ടെത്താനായില്ല. അതിനാൽ അർജുന് വേണ്ടിയുളള തെരച്ചിൽ ഇനി റോഡിൽ തുടർന്നേക്കില്ലെന്നും കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണബൈരെ ഗൗഡ അറിയിച്ചു. റോഡിലേക്ക് വീണ 98% മണ്ണും നീക്കിയെങ്കിലും ഇത്ര വലിയൊരു ട്രക്കിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നിരുന്നാലും റോഡിലേക്ക് വീണ മണ്ണിനടിയില്‍ ലോറി ഇല്ല എന്ന് ഒരിക്കല്‍ കൂടി വിദഗ്ധര്‍ പരിശോധന നടത്തി ഔദ്യോഗികമായി സ്ഥിരീകരിച്ച ശേഷം മാത്രമായിരിക്കും ഇത്.
വാഹനം പുഴയിലുണ്ടാകുമെന്നാണ് നിഗമനം. അർജുന്റെ വാഹനം കരയിലുണ്ടാകാൻ 99 ശതമാനവും സാധ്യതയില്ലെന്നും വാഹനം. 150 അടിയോളം ഉയരത്തിൽനിന്ന് മണ്ണ് ഇടിഞ്ഞുനിരങ്ങി താഴേക്ക് വന്നപ്പോൾ ലോറിയും മണ്ണിനൊപ്പം പുഴയിലേക്ക് വീഴാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് അധികൃതർ പറയുന്നു. ഇവിടെ പുഴയ്ക്ക് 25 അടിയിലേറെ ആഴമുണ്ട്. പുഴയ്ക്ക് വെളിയിലേക്ക് ഉയർന്നുനിൽക്കുന്ന മൺകൂനയ്ക്ക് 30 അടിയോളം ഉയരമുണ്ടാകും. റഡാർ സിഗ്നൽ സംവിധാനം വെള്ളത്തിൽ പ്രവർത്തിക്കില്ല. അതിനാൽ വെള്ളത്തിൽ തെരച്ചിൽ നടത്തുക അതീവ സങ്കീർണമാണ്. വിദ്ഗ്ധ സഹായം തേടുകയാണെന്നും ഇതെല്ലാം സൈന്യത്തിന്റെ നിര്‍ദേശപ്രകാരം മാത്രമായിരിക്കും.
പ്രദേശത്ത് കനത്ത മഴയുള്ളതിനാൽ രാത്രി തെരച്ചിൽ നടത്തരുതെന്ന് ജിയോളജിക്കൽ സർവേ നിർബന്ധമായും പറഞ്ഞിട്ടുണ്ട്. അതിനാൽ രാത്രി ഓപ്പറേഷൻ ഉണ്ടാവില്ലെന്നും കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണബൈരെ ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു.