മാന്നാർ: മഴ കുറവായിരുന്നെങ്കിലും മല വെള്ളം കൂടിയെത്തിയതോടെ അപ്പർകുട്ടനാട്ടിലെ ജലാശയങ്ങളിലെ ജലനിരപ്പു വീണ്ടും ഉയർന്നു. ബുധനൂർ തയ്യൂരിൽ ദുരിതാശ്വാസ ക്യാംപ് തുറന്നു. ചെറിയ മഴയിൽ പോലും വെള്ളത്തിൽ മുങ്ങുന്ന ബുധനൂർ പഞ്ചായത്തിലെ എണ്ണയ്ക്കാട് വില്ലേജിലെ പ്ലാക്കാത്തറ പ്രദേശത്തു നിന്നും പുറത്തേക്കുള്ള വഴികളിലെല്ലാം 3 മുതൽ 5 വരെ അടി വെള്ളമുണ്ട്. രണ്ടു കുടുംബങ്ങളിലെ 6 പേരെ തയ്യൂർ പകൽ വീട്ടിലേക്കു മാറ്റി പാർപ്പിച്ചു.
പമ്പാനദിയിലെ ജലനിരപ്പ് ഇന്നലെ ഉയർന്നു. ഇതു കാരണം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പമ്പയുടെ തീരപ്രദേശമായ മുല്ലശേരി കടവ്, കൂര്യത്ത് കടവ്, വിഷവർശേരിക്കര മണപ്പുറം, ഇടയാടി, വാലയിൽ എന്നിവിടങ്ങളിൽ വെള്ളം കയറി. ഇലമ്പലനം തോടു കവിഞ്ഞതോടെ മൂർത്തിട്ട മുക്കാത്താരി ബണ്ടു റോഡിൽ വെള്ളത്തിൽ മുങ്ങി. വലിയ മരങ്ങളും മാലിന്യവും ധാരാളമായി ഒഴുകി വരുന്നുണ്ട്. ചെന്നിത്തല തെക്ക്, പ്രായിക്കര, പറയങ്കേരി, ചില്ലിത്തുരത്ത്, സ്വാമിത്തറ, പാമ്പനംചിറ, തേവർകടവ്, കാരിക്കുഴി, ചിത്തിരപുരം, തിരുമാലക്കര എന്നിവിടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്.