ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലെ തകരാറിനെ തുടര്‍ന്ന് ആഗോളതലത്തില്‍ വിവിധ സേവനങ്ങള്‍ തടസപ്പെട്ടു. ഇന്ത്യയിലടക്കം വിമാന സര്‍വീസുകളേയും ബാങ്കുകളേയും പ്രശ്നം ബാധിച്ചു. ഇന്ത്യയില്‍ എ.ടി.എമ്മുകളേയും പ്രശ്നം ബാധിച്ചിട്ടുണ്ട്. ഡല്‍ഹി, മുംബൈ, ബെംഗളൂരു വിമാനത്താവളങ്ങളില്‍ വിവിധ വ്യോമയാന കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു.
മൈക്രോസോഫ്റ്റ് വിൻഡോസിലെ സൈബർ സുരക്ഷാ പ്ലാറ്റ്ഫോമായ ക്രൗഡ്സ്ട്രൈക്കാണ് ഇന്ന് രാവിലെയോടെ ലോകമാകെ നിശ്ചലമായത്. ഇന്ത്യ, ഓസ്ട്രേലിയ, ജർമ്മനി, യുഎസ്, യുകെ ഉൾപ്പടെ നിരവധി രാജ്യങ്ങളിലെ നിരവധി ഐടി സംവിധാനങ്ങളെ വെള്ളിയാഴ്ചയുണ്ടായ ഈ സൈബർ തകരാർ ബാധിച്ചു. ഇതോടെ നിരവധി സൈബർ സേവനങ്ങളും ഏറെ നേരം നിശ്ചലമായി. ആഗോളതലത്തില്‍ വിവിധ വാണിജ്യ സ്ഥാപനങ്ങളുടെയും സേവനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിട്ടുണ്ട്.