പോലീസ് ഉദ്യോഗസ്ഥർക്ക് തങ്ങളുടെ ജോലിസമയം കഴിഞ്ഞാൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ഉള്ള സാഹചര്യം ഉണ്ടായാൽ പോലീസ് ഉദ്യോഗസ്ഥർക്ക് മാനസിക സമ്മർദ്ദം ഇല്ലാതെ ജോലി ചെയ്യാൻ സാധിക്കുമെന്നും കഴിവതും 10 കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ വീടിനടുത്തുള്ള പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകേണ്ടതുണ്ടെന്നും തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ ഐപിഎസ് പറഞ്ഞു.
കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പൊതുസമ്മേളനവും പോലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണവും സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ കായിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും വർക്കലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കിരൺ നാരായണൻ ഐപിഎസ്.
കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡൻറ് വിജു റ്റിയുടെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ ഇൻറലിജൻസ് എസ് പി ആർ പ്രതാപൻ നായർ മുഖ്യാതിഥിയായി. തിരുവനന്തപുരം റൂറൽ അഡിഷണൽ എസ് പി സി വിനോദ്, കേരള പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഷിനോദാസ് എസ് ആർ, വൈസ് പ്രസിഡൻറ് സഞ്ജു കൃഷ്ണൻ ,കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡണ്ട് കെഎൽ നിഷാന്ത്, വർക്കല മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി നിതിൻ, കെപിഎ തിരുവനന്തപുരം സിറ്റി ജില്ലാ സെക്രട്ടറി അനീസ് മുഹമ്മദ് എന്നിവർ സംസാരിച്ചു. ഉന്നത വിജയം നേടിയ പോലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡ് വിതരണവുംസമ്മേളനത്തോടനുബന്ധിച്ച് നടത്തിയ കായിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.കെ പി എ തിരുവനന്തപുരം റൂറൽ ജില്ല സെക്രട്ടറി വിനു ജി വി സ്വാഗതവും വൈസ് പ്രസിഡൻറ് ഷജിൻ ആർ എസ് നന്ദിയും രേഖപ്പെടുത്തി.