കൽപറ്റ: ഇന്നലെ പുലർച്ചെ മൂന്നരയോടെ കൽപറ്റ ബൈപാസിൽ മൈലാടിപ്പാറയ്ക്ക് 200 മീറ്റർ അകലെയാണ് മലവെള്ളപാച്ചിലുണ്ടായത്. ഇൗ സമയം അതുവഴി പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘമാണു റോഡിൽ അസാധാരണമായ രീതിയിൽ വെള്ളമൊഴുകുന്നതായി.കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ റോഡിലാകെ ചെളിയും വലിയ കല്ലുകളും ചിതറിക്കിടക്കുന്നതായി കണ്ടെത്തി. ശക്തമായ ഒഴുക്കിൽ ഇവിടെ നിന്നുള്ള വലിയ കല്ലുകളും ചെളിയും 400 മീറ്റർ അകലെ ദേശീയപാതയോരത്തെ പൊലീസ് എയ്ഡ്പോസ്റ്റിനു സമീപം വരെയെത്തി. രാവിലെ നാലരയോടെ പൊലീസ് മണ്ണുമാന്തിയന്ത്രം എത്തിച്ച് ചെളിയും കല്ലുകളും നീക്കാൻ ശ്രമം തുടങ്ങി. പിന്നാലെ കൽപറ്റ അഗ്നിരക്ഷാ സംഘവും സ്ഥലത്തെത്തി.
നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. വാഹനത്തിരക്കു കുറഞ്ഞ സമയമായതിനാൽ ദുരന്തം ഒഴിവായി. മൈലാടിപാറയ്ക്കു സമീപത്തായി സ്വകാര്യവ്യക്തിയുടെ തോട്ടത്തിലെ വെള്ളക്കെട്ട് നിറഞ്ഞു കവിഞ്ഞതും പ്രവർത്തനം നിലച്ച ക്വാറിക്കെട്ടിലെ ബണ്ട് പൊട്ടിയതുമാണ് മലവെള്ളപാച്ചിലിന് കാരണമെന്ന് വനംവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തി