തലവടി: വെള്ളപ്പൊക്ക ദുരിതം ഏറെ അനുഭവിക്കുന്ന അപ്പർ കുട്ടനാട്ടിലെ തലവടിയിൽ ദുരന്തനിവാരണ സംഘത്തെ വിന്യസിച്ചു. തമിഴ്നാട് കാരക്കോണത്തു നിന്നുള്ള ഫോർത്ത് ബെറ്റാലിയൻ എൻ.ഡി.ആർ.എഫ് സംഘമാണ് തലവടിയിൽ എത്തിയത്.അടിയന്തിര ഘട്ടത്തിൽ ദുരിത ബാധിത പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിക്കാനും ദുരിത ബാധിതർക്ക് ലഭ്യമായ സേവനം നൽകാനുമാണ് സംഘത്തിന് ചുമതല.
ജില്ല കളക്ടറിൻ്റെ മേൽനോട്ടത്തിലാണ് എൻ.ഡി.ആർ.എഫ് സംഘം സന്ദർശനം നടത്തുന്നത്. ജില്ലയിലെ വിവിധ ദുരന്തബാധിത പ്രദേശങ്ങളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. എസ്.ഐ വിശാലിന്റെ നേതൃത്വത്തിലുള്ള 16 അംഗ സംഘം നീരേറ്റുപുറത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വില്ലേജ് ഓഫീസർ റെജി പോൾ ബ്ലോക്ക് പഞ്ചായത്തംഗം അജിത് കുമാർ പിഷാരത്ത് എന്നിവരും സംഘത്തിനൊപ്പമുണ്ടായിരുന്നു.
കനത്ത മഴയ്ക്കൊപ്പം കിഴക്കൻ വെള്ളത്തിന്റെ വരവു വർധിച്ചതോടെ അപ്പർ കുട്ടനാട്ടിൽ ജലനിരപ്പുയർന്നു. തലവടി പഞ്ചായത്തിലെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. പമ്പാനദിയിലും മണിമലയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്.