സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യകേരളത്തിൽ അതിശക്തമായ മഴക്കും വടക്കൻ കേരളത്തിൽ അതി തീവ്ര മഴക്കും ആണ് സാധ്യത. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് ഉണ്ട്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് ആണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാൽ കേരള കർണ്ണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കേരള തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ഇടുക്കി .ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും, ശക്തമായ കാറ്റ്, മണ്ണിടിയുന്നത് മൂലം ഗതാഗത തടസ്സം എന്നിവ കണക്കിലെടുത്ത് ബുധനാഴ്ച (17.7.2024) ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഷിബ ജോർജ് അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസ, കിൻഡർ ഗാർഡൻ, എന്നിവയ്ക്കും അവധി ബാധകമാണ്. ട്യൂഷൻ സെൻററുകൾ ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ല എന്ന് കളക്ടർ അറിയിച്ചു. പൂർണ്ണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.