തിരുവനന്തപുരം: വിജ്ഞാനാധിഷ്ഠിത തൊഴിലവസരങ്ങൾ തൊഴിലന്വേഷകർക്ക് ലഭ്യമാക്കുന്നതിനായി കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്ക്) നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കേരള നോളജ് ഇക്കോണമി മിഷൻ പ്രമുഖ വ്യവസായ സംഘടനയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസുമായും (GTECH), മ്യുലേൺ ഫൗണ്ടേഷൻ, IEEE എന്നിവരുമായി സംയുക്തമായി സംഘടിപ്പിച്ച ലോഞ്ച് പാഡ് കേരള – 2024 തൊഴിൽ മേള തിരുവനന്തപുരം ടെക്നോപാർക്ക് ക്യാമ്പസിലെ ക്ലബ് ഹൗസിൽ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
ചെയർ IEEE കേരള സെക്ഷൻ പ്രൊഫ. മുഹമ്മദ് കാസിം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജിടെക് സെക്രട്ടറി ശ്രീകുമാർ.വി, കെഡിസ്ക് മെമ്പർ സെക്രട്ടറി ഡോ.പി. വി. ഉണ്ണികൃഷ്ണൻ, കെടിയു വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, മ്യുലേൺ ഫൗണ്ടേഷൻ സിഇഒ ആൻഡ് ഡയറക്ടർ ദീപു എസ് നാഥ്, ഹൈ പവർ ഐ.ടി കമ്മിറ്റി റിച്ചാർഡ് ആന്റണി, ചെയർ – ഇൻഡസ്ട്രി റിലേഷൻസ് IEEE റോണി അലക്സ് തോമസ് എന്നിവർ സംസാരിച്ചു.
വിദ്യാഭ്യാസയോഗ്യത മാത്രം അടിസ്ഥാനമാക്കി നിയമനം നടത്തുന്ന പരമ്പരാഗത രീതികളിൽ നിന്ന് വ്യത്യസ്തമായി ഉദ്യോഗാർത്ഥിയുടെ അറിവ്, നൈപുണിശേഷി, മാറുന്ന സാങ്കേതികവിദ്യ സ്വായത്തമാക്കാനുള്ള കഴിവ് എന്നിവയെ അടിസ്ഥാനമാക്കിയാണ് ലോഞ്ച് പാഡ് കേരള – 2024 തൊഴിൽ മേള സംഘടിപ്പിച്ചത്. ഐടി/ഐടിഇഎസ് മേഖലയിലെ മികച്ച തൊഴിലുകളിലേക്ക് തൊഴിലന്വേഷകരെ എത്തിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.
മൂന്നുമാസത്തിനിടയിൽ 4000 ത്തോളം എൻജിനിയറിംഗ് മേഖലയിലുള്ള തൊഴിലന്വേഷകരെ വിവിധ സ്ക്രീനിംഗ് ടെസ്റ്റുകൾ വഴി തിരഞ്ഞെടുത്ത ശേഷമാണു ഇന്റർവ്യൂ നടത്തിയത്. ഇരുപതോളം കമ്പനികളിൽ നിന്ന് നൂറ്റിയമ്പതിൽപരം തൊഴിലവസരങ്ങൾ ആണ് ലഭ്യമാക്കിയത്. മുന്നൂറോളം തൊഴിലന്വേഷകർ തൊഴിൽ മേളയിൽ പങ്കെടുത്തു.