സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. കണ്ണൂരും കാസര്‍കോടും കോട്ടയത്തും ആലപ്പുഴയിലും മരം വീണ് അപകടങ്ങള്‍. കൊച്ചി നഗരത്തില്‍ റോഡ് ഇടിഞ്ഞുവീണു. ചെമ്പു മുക്കില്‍ നിന്ന് അട്ടിപ്പേറ്റി നഗറിലേക്കുള്ള റോഡാണ് ഇന്നലെ പുലര്‍ച്ചെ ഇടിഞ്ഞത്. രണ്ടുമാസം മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡാണിത്. ആലപ്പുഴയില്‍ മരം വീണ് സ്കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്ക് പരിക്കേറ്റു. കണ്ണൂരും കാസര്‍ഗോഡും കോട്ടയത്തും വീടുകള്‍ തകര്‍ന്നു.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഫലമായി സംസ്ഥാനത്ത് ഇന്നും വരും ദിവസങ്ങളിലും അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ തീരത്ത് ന്യൂനമര്‍ദവും രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരളത്തില്‍ വ്യാപകമായി ഇടിന്നലോടും കാറ്റോടും കൂടിയ അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. നാളെയും മറ്റന്നാളും കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.