ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം നൽകുന്ന പ്രഥമ ഉമ്മൻ ചാണ്ടി
കാരുണ്യ പുരസ്കാരത്തിന് സി.എച്ച് മുഹമ്മദുകോയ മെമ്മോറിയൽ ചാരിറ്റബിൾ സെൻ്ററും
കരുണാലയം ചാരിറ്റബിൾ സെൻ്ററും തെരഞ്ഞെടുക്കപ്പെട്ടതായി ഡി സി സി പ്രസിഡൻ്റ് പാലോട് രവി അറിയിച്ചു.
രാജ്യത്തിൻ്റെ നാനാഭാഗത്തുനിന്നും തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻ്ററിൽ ചികിത്സക്കായി എത്തുന്ന നിർദ്ധനരായ ക്യാൻസർരോഗികളുടെ ചികിത്സയും ഭക്ഷണവും, താമസവും സൗജന്യമായി മാതൃകാപരമായി നടത്തുന്ന സ്ഥാപനമാണ്
പട്ടം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സി എച്ച് സെൻ്റർ എന്നറിയപ്പെടുന്ന സി.എച്ച് മുഹമ്മദുകോയ മെമ്മോറിയൽ ചാരിറ്റബിൾ സെൻ്റർ.ആ തുരസേവന രംഗത്ത് മഹനീയമായ പ്രവർത്തന പാരമ്പര്യമാണ് സ്ഥാപനത്തിൻ്റേതെന്ന് കമ്മിറ്റി വിലയിരുത്തി.
അഗതികളും ആലംബഹീനരുമായ അമ്മമാർക്കായി
പോത്തൻ കോട് കേന്ദ്ര മാക്കി മലങ്കര കത്തോലിക്കസഭ മേജർ അതിരൂപതക്ക് കീഴിൽ മേരി മക്കൾ സമൂഹത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന സ്ഥാപനമാണ് കരുണാലയം ചാരിറ്റബിൽ സെൻ്റർ. സ്നേഹത്തിൻ്റെ പ്രതിരൂപമായി ഈ സംഘടന നിശബ്ദമായി നമുക്കിടയിൽ പ്രവർത്തിക്കുന്നു.
പതിനായിരത്തി ഒന്ന് രൂപയും ഉമ്മൻ ചാണ്ടിയുടെ ചിത്രം ആലേഖനം ചെയ്ത ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്ഉമ്മൻ ചാണ്ടി
കാരുണ്യ പുരസ്കാരം.
ഉമ്മൻ ചാണ്ടി യുടെ ഒന്നാം ചരമവാർഷികത്തിൻ്റെ ഭാഗമായി ജൂലൈ 18 ന് വൈകുന്നേരം 3.30 ന് വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളന വേദിയിൽ വച്ച് ഉമ്മൻ ചാണ്ടി
കാരുണ്യ പുരസ്കാരം കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഡോ.ശശി തരൂർ വിതരണം ചെയ്യുമെന്ന് പാലോട് രവി അറിയിച്ചു.