രാമായണം എന്നാൽ രാമന്റെ അയനം എന്നാണ് അർത്ഥം. അയനം എന്നാൽ യാത്ര അല്ലെങ്കിൽ പാത എന്നെല്ലാം പറയാം. പാത എന്ന അർത്ഥം എടുക്കുമ്പോൾ ഇവിടെ രാമന്റെ പാത എന്നു മാത്രമല്ല രാമൻ കാണിച്ചുതരുന്ന പാത എന്നുകൂടി നമ്മൾ മനസ്സിലാക്കണം. രാമായണത്തെ പൂർവരാമായണം, ഉത്തരരാമായണം എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്. ഇതിൽ ബാലി, രാവണൻ തുടങ്ങിയ അതികായന്മാരെ നാമാവശേഷമാക്കിയ ധീരനായിട്ടുള്ള രാമന്റെ ശൗര്യം ആണ് പൂർവരാമായണം വിശദമാക്കുന്നതെങ്കിൽ ശ്രീരാമന്റെ കാരുണ്യമാണ് ഉത്തരരാമായണത്തിലെ പ്രതിപാദ്യവിഷയം. രാമായണത്തിനെ കരിമ്പുനീരിനോടാണ് വാല്മീകി മഹർഷി ഉപമിച്ചിരിക്കുന്നത്. നമുക്കറിയാം രാമായണത്തിലെ ഓരോ ഭാഗത്തിനും വാല്മീകി പേരിട്ടിരിക്കുന്നത് കാണ്ഡമെന്നാണ്. കാണ്ഡമെന്നുള്ള വാക്കിന് പല അർത്ഥങ്ങളുണ്ട്. കാണ്ഡത്തിന്റെ ഒരർത്ഥം കരിമ്പിന്റെ കഷ്ണം എന്നാണ്. കരിമ്പ് എങ്ങനെയൊക്കെ വളഞ്ഞിരുന്നാലും എല്ലാ ഭാഗത്തിനും ഒരേ മധുരമാണ്. അതുപോലെതന്നെ വനവാസത്തിലും വെറുപ്പിലും പട്ടാഭിഷേകത്തിലും ദുഃഖത്തിലുമെല്ലാം രാമായണം ഒരുപോലെ മനോഹരമാണ്.
കരിമ്പിന് നിറയെ കമ്പുകളുണ്ട്, കട്ടിയുള്ള പുറംതോടുകളുണ്ട്, എന്നാൽ നീര് അതിമധുരമാണ്. അതുപോലെതന്നെ ദുഷ്ടകഥാപാത്രങ്ങളും അനിഷ്ടസംഭവങ്ങളും ധാരാളം ഉണ്ടെങ്കിലും ഈ ഇതിഹാസം അതിമനോഹരമാണ്. ധാരാളം ചിന്തകൾ നമ്മളിലേക്ക് പ്രവഹിപ്പിക്കുന്നുണ്ട് ഈ രാമായണം. ശ്രീരാമന്റെ പിതാവ് ഒരു സ്ത്രീക്കുവേണ്ടിയിട്ടാണ് രാമനെ കാട്ടിലേക്കയച്ചത്. രാമനെ കാട്ടിലേക്കയക്കുക എന്നുപറയുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് ശ്രീരാമനെന്നാൽ ധർമമാണ്. ‘രാമോ വിഗ്രഹവാൻ ധർമ’, ധർമം വിഗ്രഹരൂപമെടുത്തതാണ് രാമൻ. അപ്പോൾ ഒരു സ്ത്രീക്കുവേണ്ടി രാമനെ കാട്ടിലേക്കയച്ചു എന്നു പറയുമ്പോൾ സ്ത്രീക്കുവേണ്ടി ധർമത്തിനെ ഉപേക്ഷിച്ചു എന്നു വേണം നാം മനസ്സിലാക്കാൻ. ശ്രീരാമനോ ധർമത്തിനു വേണ്ടി സ്ത്രീയെ കാട്ടിലേക്കയച്ചു. ധർമത്തിനുവേണ്ടി ഭാര്യയെ ഉപേക്ഷിച്ചു.
ധർമത്തെ സ്നേഹിക്കുമ്പോൾ നമ്മളെല്ലാം ശ്രീരാമനായി മാറും. അധർമ്മത്തെ സ്നേഹിക്കുമ്പോൾ നമ്മളെല്ലാം രാവണനായി മാറുകയും ചെയ്യും. ശ്രീരാമന്റെ മാത്രം ചരിതമാണ് രാമായണം എന്ന് നമുക്ക് പറയുവാൻ സാധിക്കില്ല. സീതയുടെ മറ്റൊരു പേരാണ് രമ. അതുകൊണ്ട് രാമായണം എന്നുള്ളത് സീതയുടെ ചരിതം എന്നുകൂടി മനസ്സിലാക്കാൻ സാധിക്കും. ചുരുക്കം പറഞ്ഞാൽ സീതാരാമന്മാരുടെ സംയുക്തചരിതമാണ് രാമായണം. രാമായണം ഒരുപോലെ മധുരതരമാണ് എന്നുപറയുന്നതിന് കാരണം രാമതത്വം എന്നാൽ ആനന്ദത്വമാണ് എന്നുള്ളതുകൊണ്ടാണ്. രാമ എന്നാൽ തൃപ്തിയേകുന്നവൻ ആനന്ദം നിറയ്ക്കുന്നവൻ എന്നർത്ഥം. രാമനാമം ജപിക്കുമ്പോഴും രാമായണം പാരായണം ചെയ്യുമ്പോഴും നമ്മുടെ ഉള്ളിലുള്ള ആ ആത്മാരാമനെ നമ്മൾ തൊട്ടുണർത്തുകയാണ് ചെയ്യുന്നത്.
രാമനാമം ശൈവചൈതന്യവും വൈഷ്ണവ ചൈതന്യവും ചേർന്നതാണ്. മഹാവിഷ്ണുവിന്റെ ഏറ്റവും വിശിഷ്ടമായ മന്ത്രമാണ് ഓം നമോ നാരായണായ. ഈ മന്ത്രത്തിന്റെ ജീവൻ അല്ലെങ്കിൽ മൂലസ്വരം എന്നുപറയുന്നത് ‘രാ’ എന്നുള്ള അക്ഷരമാണ്. ഈ അക്ഷരം മാറ്റിയാൽ ‘ഓം നമോ നായനായ ‘എന്നാകും. എനിക്ക് പോകാൻ ഒരു ഗതിയുമില്ല എന്ന അർത്ഥമാണ് . മഹാദേവന്റെ ഏറ്റവും വിശിഷ്ടമായിട്ടുള്ള മന്ത്രമാണ് ഓം നമഃ ശിവായ. ഈ മന്ത്രത്തിന്റെ ജീവനാണ് ‘മ’ എന്നുള്ള അക്ഷരം. ഈ അക്ഷരം മാറ്റിയാൽ ‘ഓം നഃ ശിവായ എന്നാകും . അതായത് എനിക്ക് യാതൊരു സൗഖ്യവും വേണ്ട എന്നാകും. വൈഷ്ണവമന്ത്രത്തിന്റെ ജീവനായിട്ടുള്ള ‘രാ’ യും ശൈവമന്ത്രത്തിന്റെ ‘മ’ യും ചേർത്താണ് വസിഷ്ഠമഹർഷി ദശരഥമഹാരാജാവിന്റെ മൂത്ത പുത്രന് രാമ എന്ന് നാമകരണം ചെയ്തത്. അതിനാൽ ശിവഭക്തന്മാർക്കും വൈഷ്ണവഭക്തന്മാർക്കും ഒരുപോലെ സ്വീകരിക്കാവുന്ന ഒരു നാമമാണ് ഈ രാമനാമം. ഇങ്ങനെയുള്ള രാമനാമം നിരന്തരമായി ജപിച്ച് നമ്മൾ രാമനെപ്പോലെയായി മാറണം. എങ്കിൽ മാത്രമേ രാമായണം മുഴുവൻ വായിച്ചു എന്നുനമുക്ക് പറയാൻ സാധിക്കൂ.
മലയാളികൾ പൊതുവെ കർക്കിടകമാസത്തിലാണ് രാമായണം വായിക്കുന്നത്. ഇന്ന് ചിലപ്പോൾ പലരുടെയും രാമൻ പല അവസ്ഥകളിലായിരിക്കും. ചിലരുടെ രാമൻ വില്ലൊടിച്ചുകഴിഞ്ഞിരിക്കും, ചിലരുടെ രാമൻ ഭാർഗവരാമന്റെ മുന്നിലാകാം, ചിലരുടെ രാമൻ കാട്ടിലാകാം, ചിലപ്പോൾ രാമൻ അയോധ്യയിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയുമാകും.
പലരും വളരെ വേഗത്തിൽ രാമായണം വായിച്ചുതീർക്കാനായി ശ്രമിക്കുന്നുണ്ടായിരിക്കാം. അങ്ങനെ ചെയ്താൽ ഒരിക്കലും രാമന്റെ കഥ നമ്മുടെ ഹൃദയത്തിലേക്ക് പ്രവേശിക്കുകയില്ല. പാൽപ്പായസം ഒറ്റയടിക്ക് കുടിച്ചാൽ ഒരു രസവും ഉണ്ടാകുകയില്ല. കുറേശ്ശേ കുറേശ്ശേ കുടിച്ചാൽ അതിന്റെ സ്വാദ് നമുക്ക് ശരിക്കും ആസ്വദിക്കാൻ പറ്റും. രാമായണം വായിക്കാൻ തുടങ്ങുമ്പോൾ നമ്മുടെ മുന്നിൽ ഒരു ശത്രുവുണ്ട്. രാവണൻ, എന്നാൽ രാമന് രാവണനോട് ശത്രുത ഉണ്ടായിരുന്നില്ല. രാമന്റെ ആ ഒരു മനസ്സ് നമുക്ക് ലഭിച്ചു കഴിഞ്ഞാലേ രാമായണം വായിച്ചുകഴിഞ്ഞു അല്ലെങ്കിൽ രാമായണം നമ്മൾ മനസ്സിലാക്കി എന്നു പറയാൻ സാധിക്കൂ. അങ്ങനെയാണെങ്കിൽ കാലം സാക്ഷിയാണ് രാമായണം നമുക്ക് ശാന്തി തന്നിരിക്കും.
പൂര്‍വ്വം രാമ
തപോവനാദി ഗമനം
ഹത്വാമൃഗം കാഞ്ചനം
വൈദേഹീഹരണം
ജടായു മരണം
സുഗ്രീവ സംഭാഷണം
ബാലീനിഗ്രഹണം
സമുദ്രതരണം
ലങ്കാപുരീ മര്‍ദ്ദനം
കൃത്വാ രാവണകുംഭകര്‍ണ്ണനിധനം
സമ്പൂണ്ണ രാമായണം.
—————————
ശ്ലോകത്തിന്‍റെ വാക്യാര്‍ത്ഥം
ഒരിക്കല്‍ രാമന്‍ വനത്തിലേക്ക് പോയി. മാന്‍പേടയെ പിന്തുടര്‍ന്നു. സീത അപഹരിക്കപ്പെട്ടു. ജടായു വധിക്കപ്പെട്ടു. സുഗ്രീവനുമായി സംഭാഷണമുണ്ടായി. ബാലി വധിക്കപ്പെട്ടു. സമുദ്രംതരണം ചെയ്തു. ലങ്ക ദഹിക്കപ്പെട്ടു. തുടര്‍ന്ന് രാവണനും, കുംഭകര്‍ണ്ണനുംകൂടി വധിക്കപ്പെട്ടു. ആദ്ധ്യാത്മരാമായണത്തിന്‍റെ സംഗ്രഹമാണിത്.
സമ്പൂർണ്ണ രാമായണപാരായണഫലം