നാലുവർഷം മുൻപ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച പ്ലാസ്റ്റിക് കാരിബാഗുകളുടെ നിരോധനം നടപ്പാക്കുന്നതിലെ സർക്കാർ വീഴ്ചയാണ് നഗരങ്ങളിലെ മാലിന്യ കൂമ്പാരത്തിനു കാരണം.
ഖര-ജൈവ മാലിന്യങ്ങൾ പ്ലാസ്റ്റിക് ബാഗുകളിലാക്കി റോഡുകളിലും തോടുകളിലും ഓടകളിലും വലിച്ചെറിയുന്ന സമ്പ്രദായം കേരളത്തിലാകെ മലിനീകരണം സൃഷ്ടിച്ചിരിക്കുകയാണ്.
മാലിന്യങ്ങൾ കുന്നു കൂടുന്ന സ്ഥലങ്ങളിൽ കൊതുകുകൾ പെരുകിയതാണ് ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ വ്യാപനത്തിന് ഇടയാക്കിയിട്ടുള്ളത്. ജല മലിനീകരണം മൂലമാണ് കോളറ പലയിടത്തും പടരുന്നത്.
കടലിലും കായലിലും പുഴകളിലും പ്ലാസ്റ്റിക് പൊതികളാണ് മത്സ്യ തൊഴിലാളികളുടെ വലയിൽ മീനിനു പകരമായി കുടുങ്ങുന്നത്.
തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട് മുഴുവനും പ്ലാസ്റ്റിക് കൂടുകളാണ്. മാലിന്യവൽക്കരണത്തിൽ കേരള സർക്കാരും നഗരസഭയും റെയിൽവേയും ഒരുപോലെ കുറ്റവാളികളാണ്.
യു.ഡി.എഫ് സർക്കാർ നടപ്പാക്കിയ ഓപ്പറേഷൻ അനന്ത എന്ന പദ്ധതി എൽ.ഡി.എഫ് സർക്കാർ ഉപേക്ഷിച്ചതു കൊണ്ടാണ് ഒരു മനുഷ്യജീവൻ ബലി കൊടുക്കേണ്ടി വന്നത്. ആധുനിക യന്ത്രോപകരങ്ങൾ ഉപയോഗിച്ച് മൂന്നു ദിവസം ശ്രമിച്ചിട്ടും മാറ്റാൻ കഴിയാത്ത മാലിന്യം മൂന്നു സാധാരണ മനുഷ്യരെ ഉപയോഗിച്ച് നീക്കാൻ ഇറക്കിയതാണ് ഈ ദുരന്തത്തിനു കാരണം.
മാലിന്യ നിർമ്മാർജ്ജനം നടപ്പാക്കേണ്ട ഹരിത കേരളം, ശുചിത്വ കേരളം ആർദ്രം എന്നീ മിഷനുകൾ ഇപ്പോൾ പ്രവർത്തനക്ഷമമല്ല. മാലിന്യ നിവാരണ ബോർഡ് നിശബ്ദത പുലർത്തുന്നു. തദ്ദേശ സ്വയം ഭരണ വകുപ്പ് മഴക്കാല പൂർവ ശുചീകരണം പോലും ഈ വർഷം നടത്തിയിട്ടില്ല.