ആമയിഴഞ്ചാന്‍തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച ജോയിയുടെ മൃതദേഹം മാരായമുട്ടത്തെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷമാണ് മൃതദേഹം ജോയിയുടെ സഹോദരന്റെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചത്. പത്ത് മിനിറ്റില്‍ താഴെയായിരുന്നു പൊതുദര്‍ശനം.
മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നതിനാല്‍ ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശവും ഉണ്ടായിരുന്നു. ജോയിയെ അവസാനമായി കാണാന്‍ നാട്ടുകാരടക്കം നിരവധി പേര് എത്തിയിരുന്നു. തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ ആര്യ രവീന്ദ്രന്, എംഎല്‍എ സി.കെ.ഹരീന്ദ്രന്‍ എന്നിവര്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സംസ്കാര ചടങ്ങിനെത്തിയിരുന്നു.
ജനപ്രതിനിധകളും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധകളും ജോയിയുടെ സംസ്കാര ചടങ്ങിനെത്തിയിരുന്നു. നാല് ഉറപ്പുകള്‍ സര്‍ക്കാരും കോര്‍പ്പറേഷനും നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വലിയ പ്രതിഷേധങ്ങളില്ലാതെ സംസ്കാര ചടങ്ങുകള്‍ നടന്നതെന്ന് ജോയിയുടെ കുടുംബം പറഞ്ഞു. ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ, സഹോദരന് ജോലി, ജോയിയുടെ കുടുംബത്തിന് വീട്, വീട്ടിലേക്ക് വഴി എന്നിങ്ങനെ നാല് ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും കുടുംബം പറഞ്ഞു