പത്തനംതിട്ട: കർക്കിടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് തുറക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുക. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ഉണ്ടാവില്ല. കർക്കിടകം ഒന്നായ ജൂലൈ 16ന് പുലർച്ചെ അഞ്ച് മണിക്ക് ക്ഷേത്ര നട തുറക്കും.
പതിവ് അഭിഷേകത്തിനുശേഷം നെയ്യഭിഷേകം നടക്കും. 20 ന് രാത്രി പത്തിന് നട അടയ്ക്കും. തീർത്ഥാടകർക്ക് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് ദർശനത്തിന് എത്താവുന്നതാണ്. അതേസമയം, ശബരിമല കർക്കിടകമാസ പൂജയോടനുബന്ധിച്ച് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതൽ 20 വരെ തീർത്ഥാടകർക്കായി വിപുലമായ യാത്രാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചു.