കൊച്ചി: എറണാകുളം വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന അജ്ഞന ചന്ദ്രന്റെ സംസ്കാരം ഇന്ന് രാവിലെ 11മണിക്ക് വീട്ടുവളപ്പിൽ നടക്കും. മഞ്ഞപ്പിത്തം കരളിനെയും, വൃക്കയെ ബാധിച്ചതിനെ തുടർന്ന് 75 ദിവസമായി വെന്റിലേറ്ററിലായിരുന്നു അഞ്ജന. രോഗം ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്ന് ഇന്നലെ വൈകീട്ട് കൊച്ചിയിലെ ലിസ്സി ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
25 ലക്ഷത്തോളം രൂപയാണ് അജ്ഞനക്ക് ഇത് വരെ ചികിത്സക്ക് ചിലവായത്. സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും സഹായത്തിലായിരുന്നു ചികിത്സ. സർക്കാർ സഹായം ഒന്നുമില്ലാത്തതിനാൽ ഭൂമി വിറ്റും മകളുടെ ചികിത്സ തുടരാൻ കുടുംബം തയ്യാറെടുക്കുന്നതിനിടെ ആണ് മരണം. അജഞ്നയോടുള്ള സർക്കാരിന്റെ അവഗണന കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നൽകിയിരുന്നു.
വേങ്ങൂരിൽ വാട്ടർ അതോറിറ്റി വിളിച്ച് വരുത്തിയ ദുരന്തത്തിൽ ഏപ്രിൽ17 മുതൽ രോഗബാധിതരായത് 253പേരാണ്. അതിലൊരാളായിരുന്നു അഞ്ജനയും. അഞ്ജനയും ഭർത്താവ് ശ്രീകാന്തിനുമുൾപ്പടെ വെങ്ങൂരിൽ നിരവധി പേർക്ക് രോഗം അതീവ ഗുരുതരമായിരുന്നു. 75 ദിവസത്തോളമാണ് മരണത്തോട് മല്ലിട്ട് അഞ്ജന വെന്റിലേറ്ററിൽ കഴിഞ്ഞത്.
ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന അഞ്ജനയെ സർക്കാർ തിരിഞ്ഞ് നോക്കിയില്ലെന്ന് മാതാപിതാക്കൾ ആരോപിച്ചിരുന്നു. ഇതുവരെ സർക്കാർ സഹായം ഒന്നും കിട്ടിയിട്ടില്ലെന്നും, ആരോഗ്യമന്ത്രിയെ ഫോണിൽ പോലും ബന്ധപ്പെടാൻ കഴിയുന്നില്ലെന്നുമായിരുന്നു അഞ്ജനയുടെ മാതാപിതാക്കൾ പറഞ്ഞത്.
‘മകൾ കണ്ണ് തുറക്കും, ബോധമുണ്ട്, അത്ര മാത്രം ഒള്ളൂ. അനങ്ങാനോ നാവ് ഒന്ന് ചലിപ്പിക്കാനോ സാധിച്ചിട്ടില്ല. 75 ദിവസമായി ഇതുവരെ ഒന്ന് മിണ്ടിയിട്ടില്ല, രക്ഷപ്പെടുമെന്ന പ്രാർത്ഥനയിലാണെന്നായിരുന്നു കഴിഞ്ഞ ദിവസം അഞ്ജനയുടെ മാതാപിതാക്കൾ പറഞ്ഞത്. ഒടുവിൽ എല്ലാ പ്രതീക്ഷകളും അസ്തമിച്ച്, അഞ്ജന കഴിഞ്ഞ ദിവസം വൈകിട്ടോടെ മരണപ്പെടുകയായിരുന്നു.