പത്തനംതിട്ട: പമ്പ ഹിൽടോപ്പിൽ നിന്ന് ആരംഭിച്ച് സന്നിധാനത്ത് മാളികപ്പുറം ഭാഗത്തെ പൊലീസ് ബാരക്കിന് പിന്നിൽ അവസാനിക്കുന്നതാണ് നിർദിഷ്ഠ റോപ് വേ. 2.7 കിലോമീറ്റർ ദൈർഘ്യമുള്ള റോപ് വേയ്ക്ക് 5 ടവറുകളാണ് വേണ്ടത്. തുടക്കത്തിൽ സാധനങ്ങൾ കൊണ്ടു പോകുന്നതിനാണ് റോപ് വേ ഉപയോഗിക്കുന്നതെങ്കിലും ഒരു അടിയന്തര കാബിൻ കൂടി ഇതോടൊപ്പം ഉണ്ടാകും. 8 വർഷം മുമ്പ് വിഭാവനം ചെയ്ത പദ്ധതിയാണ് യാഥാർഥ്യത്തിലേക്ക് അടുക്കുന്നത്.
റോപ് വേയ്ക്കായി വനം വകുപ്പിൽ നിന്ന് ഏറ്റെടുക്കുന്ന വന ഭൂമിക്ക് പകരം കഞ്ഞിക്കുഴിയിൽ പകരം ഭൂമി കണ്ടെത്തി വനം വകുപ്പിന് നൽകാമെന്ന് റവന്യൂ വകുപ്പ് സമ്മതിച്ചിട്ടുണ്ട്. ഇവിടം പരിഹാര വനവൽകരണത്തിന് ഉതകുന്ന ഭൂമി ആണെന്ന് റവന്യൂ വകുപ്പ് വനം വകുപ്പിനെ അറിയിച്ചു. ഇതു സംബന്ധിച്ച് ദേവസ്വം, വനം, റവന്യൂ മന്ത്രിമാർ യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തിരുന്നു. റോപ് വേയ്ക്ക് 4.53 ഹെക്ടർ വനഭൂമിയാണ് വേണ്ടത്. ഇത്രയും ഭൂമി കഞ്ഞിക്കുഴിയിൽ നിന്ന് റവന്യൂ വകുപ്പ് കണ്ടെത്തും. വനം വകുപ്പിൻ്റെ പരിശോധനയിൽ ഭൂമി വനവൽകരണത്തിന് യോജിച്ചതാണെന്ന് കണ്ടെത്തിയാൽ ഭൂമി റവന്യൂ വകുപ്പ് വനം വകുപ്പിന് കൈമാറും. ഭൂമിയുടെ വില ദേവസ്വം ബോർഡ് അടയ്ക്കും. തുടർന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ ഉടൻ റോപ് വേയുടെ നിർമാണം ആരംഭിക്കും