തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി 42 മണിക്കൂര്‍ നേരം ലിഫ്റ്റില്‍ കുടുങ്ങി. ഉള്ളൂര്‍ സ്വദേശി രവീന്ദ്രന് ആണ് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മെഡിക്കല്‍ കോളേജിലെ ലിഫ്റ്റില്‍ കുടുങ്ങിയത്. ഇദ്ദേഹത്തെ പുറത്തെത്തിച്ചത് തിങ്കളാഴ്ച പുലര്‍ച്ചെ ആറുമണിക്ക്. ഓര്‍ത്തോ ഒപിയില്‍ വന്നതായിരുന്നു രവീന്ദ്രന്. താന്‍ പല തവണ അലാറം അടിച്ചിട്ടും ആരും എത്തിയില്ലെന്ന് രവി പ്രതികരിച്ചു.
ശനിയാഴ്ച നടുവേദനയുടെ ചികിത്സയ്ക്കായി എത്തിയതായിരുന്നു ഇയാള്‍. ഇതിനിടെയില്‍ കേടായിപ്പോയ ലിഫ്റ്റില്‍ കയറി കുടുങ്ങുകയായിരുന്നു. ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍ എത്തിയപ്പോഴായിരുന്നു രവി ലിഫ്റ്റില്‍ കുടുങ്ങിയ വിവരം അറിഞ്ഞത്.
രവീന്ദ്രന്റെ ഫോണ്‍ നിലത്തുവീണ് പൊട്ടി തകരാറിലായിരുന്നു. അതിനാല്‍ താൻ ലിഫ്റ്റിൽ കുടുങ്ങിയ വിവരം ആരെയും വിളിച്ചറിയിക്കാൻ സാധിച്ചില്ല. ആശുപത്രിയിലുള്ള മറ്റാരുടെയും ശ്രദ്ധയിൽ ഇക്കാര്യം പെട്ടതുമില്ല. ഇതിനിടെ ലിഫ്റ്റ് ഓപ്പറേറ്റര്‍ ലിഫ്റ്റ് ലോക്ക് ചെയ്ത് പോകുകയും ചെയ്തു. ഞായാറാഴ്ചയായതിനാല്‍ അടുത്ത ദിവസവും ആരും ലിഫ്റ്റിനടുത്ത് എത്തുകയോ തുറക്കുകയോ ചെയ്തില്ല. അതേസമയം രവീന്ദ്രൻ നായരെ കാണാതായതോടെ കുടുംബം മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി. തുടർന്ന് ഇന്ന് രാവിലെ ലിഫ്റ്റ് തകരാര്‍ പരിഹരിക്കുന്നതിനായി തൊഴിലാളികള്‍ എത്തി തുറന്നപ്പോഴാണ് അവശനിലയില്‍ രവീന്ദ്രനെ കണ്ടെത്തിയത്. രവീന്ദ്രനെ ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. രക്തസമ്മർദം സംബന്ധിച്ച ബുദ്ധിമുട്ടുകളല്ലാതെ അദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.