തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ശുചീകരണ തൊഴിലാളി ജോയി (42)യുടെ മൃതദേഹം തെരച്ചില്‍ സംഘം കണ്ടെത്തി. തെരച്ചില്‍ തുടങ്ങി 46 മണിക്കൂറിന് ശേഷം മൃതദേഹം ടണലിന് പുറത്തെ കനാലില്‍ പൊങ്ങുകയായിരുന്നു. തകരപ്പറമ്ബ് വഞ്ചിയൂര്‍ കനാലിലായിരുന്നു മൃതദേഹം പൊങ്ങിയത്. ചിത്രാഹോമിന് പിന്നില്‍ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം മൃതദേഹം ജോയിയുടേത് തന്നെയെന്ന് പൂർണമായും സ്ഥിരീകരിക്കുന്നതിനായി ബന്ധുക്കളെ വിളിപ്പിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ 9.30 യോടെയാണ് മൃതദേഹം കണ്ടെത്തിയത്. ജീര്‍ണ്ണിച്ച അവസ്ഥയിലാണ് മൃതദേഹം. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. റെയില്‍വേയില്‍ നിന്നും വെള്ളം ഒഴുകിയെത്തുന്ന സ്ഥലമാണ് ഇവിടം. ജോയിയ്ക്കായുള്ള തെരച്ചില്‍ ഇന്ന് മുന്നാം ദിവസത്തിലേക്ക് കടന്നിരുന്നു.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്നു ജോയി. ശനിയാഴ്ച 11 മണിയോടെയാണ് ജോയിയെ കാണാതായത്. കഴിഞ്ഞ രണ്ടു ദിവസമായി പോലീസും ഫയര്‍ഫോഴ്സും സ്കൂബ ഡൈവിങ് ടീമും എന്‍.ഡി.ആര്.എഫ്. സംഘവും തെരച്ചില്‍ നടത്തിയെങ്കിലും ജോയിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് നാവികസേനയുടെ പ്രത്യേക സംഘമാണ് തെരച്ചില്‍ നടത്തിയത്. ശനിയാഴ്ച രാവിലെ തുടങ്ങിയ രക്ഷാദൗത്യം രാത്രി ഒന്നരയ്ക്കാണു നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെ ആറു മണിയോടെ പുനരാരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തിയത്. മുങ്ങല്‍ വിദഗ്ധര്‍ അടക്കമുള്ള 30 അംഗ എന്‍.ഡി.ആര്.എഫ്. സംഘം സ്ഥലത്തെത്തിയിരുന്നു.