മാള അരവിന്ദന്‍ അന്തരിച്ചു

പ്രശസ്ത നടന്‍ മാള അരവിന്ദൻ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് കോയന്പത്തൂരിലെ കോവൈ മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 6.30നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംസ്കാരം സ്വദേശമായ മാളയിൽ നടത്തും. ഗീതയാണ് ഭാര്യ. മുത്തു, കല എന്നിവർ മക്കളാണ്.

1941ൽ എറണാകുളം ജില്ലയിലെ വടവുകോട്ട് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന അയ്യപ്പന്റേയും അദ്ധ്യാപികയായ പൊന്നമ്മയുടേയും മകനായാണ് മാള അരവിന്ദൻ ജനിച്ചത്.ജീവിതത്തിന്റെ ആദ്യകാലത്ത് തബലിസ്റ്റ് ആയിരുന്ന അരവിന്ദൻ നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. അമ്മയ്ക്കൊപ്പം തൃശൂരിലെ മാളയിൽ വന്നു താമസമാക്കിയ അരവിന്ദൻ പിന്നീട് മാള അരവിന്ദൻ എന്ന പേരിൽ പ്രശസ്തനാവുകയായിരുന്നു.

ആദ്യം നാടകങ്ങളിൽ ചെറിയ വേഷങ്ങൾ അഭിനയിച്ച മാള പിന്നീട് പ്രൊഫഷണൽ നാടകങ്ങളുടെ ഭാഗമായി. കേരളത്തിലെ പ്രധാന നാടക കമ്പനികളായ കോട്ടയം നാഷണൽ തിയേറ്റേഴ്‌സ്, നാടകശാല, സൂര്യസോമ എന്നിവരുടെ നാടകങ്ങളിൽ ഒട്ടേറെ പ്രത്യക്ഷപ്പെട്ടു. സൂര്യസോമായുടെ നിധി എന്ന നാടകത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച നടനുള്ള അവാർഡ് ലഭിച്ചു. 1968 ൽ ഡോ. ബാലകൃഷ്ണന്റെ സിന്ദൂരം എന്ന ചിത്രത്തിലൂടെയാണ് അരവിന്ദൻ സിനിമാരംഗത്തെത്തിയത്.


2014ൽ പുറത്തിറങ്ങിയ പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയാണ് മാളയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.മിമിക്‌സ് പരേഡ്, കന്മദം, അഗ്നിദേവൻ,ആളൊരുങ്ങി അരങ്ങൊരുങ്ങി, പൂച്ചക്കൊരു മൂക്കുത്തി, വെങ്കലം, ഉപ്പുകണ്ടം ബ്രദേഴ്‌സ്,ഭൂതക്കണ്ണാടി, ജോക്കർ, കണ്ടു കണ്ടറിഞ്ഞു, കൊച്ചു കൊച്ചു സന്തോഷങ്ങൾ, മധുര നൊമ്പരക്കാറ്റ്, വധു ഡോക്ടറാണ്. മീശമാധവൻ, മഹായാനം, പട്ടാളം,സേതുരാമയ്യർ സി.ബി.ഐ, ലൂസ് ലൂസ് അരപ്പിരി ലൂസ്, പെരുമഴക്കാലം, രസികൻ. സന്ദേശം,പുണ്യാളൻ അഗർബത്തീസ് തുടങ്ങീ നാനൂറോളം സിനിമകളിൽ അഭിനയിച്ചു.

Add a Comment

Your email address will not be published. Required fields are marked *