സഹായാത്രികക്ക് സ്നേഹപൂര്‍വ്വം

ശാലിനി ടി എസ് :കൊച്ചി 8 മാര്‍ച്ച്‌ (ഹി സ): ഇന്ന് അന്താരാഷ്‌ട്ര വനിതാ ദിനം . 1990 കളിലാണ് തികഞ്ഞ അടിമത്തത്തില്‍ നിന്നും മോചനം വേണമെന്ന് പ്രഖ്യാപിച്ചു ന്യുയോര്‍ക്കില്‍ വനിതാ ദിനാചരണം മാര്‍ച്ച് 8 നു ആരംഭിച്ചത് . അത് പതിയെ ലോകമെങ്ങും  അലയടിച്ചു. അമ്മയും ശക്തിയുമായി ആരാധിച്ചിരുന്ന സ്ത്രീ ഒരുവേള അടിമയായി അവഹെളിക്കപ്പെടുകയും ഇപ്പോള്‍ ഉയിര്ത്തെഴുന്നെല്‍പ്പിന്റെ  പാതയിലുമാണ് . സ്വന്തമായി ഈ ലോകത്ത് ഒരു ഉറച്ച സ്ഥാനം വേണമെന് സഹന സമരത്തിനൊടുവില്‍ സ്ത്രീ തിരിച്ചറിയുകയും പടവെട്ടുകയും ചെയ്തു. ഒരു പരിധി വരെ സ്വന്തമിടം എന്നത് സാധിച്ചെടുക്കാന്‍ അവള്‍ക്കായി . എന്നാല്‍ മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീ ആയി. വീണ്ടും അസ്വാതന്ത്ര്യവും അവഗണനയും അവളെ വേട്ടയാടുന്നു.

“സ്ത്രീ എവിടെയും സ്വതന്ത്രയല്ല . ഇനി ആകുമെന്നും തോന്നുന്നില്ല .തനിച്ചു യാത്ര ചെയ്യാന്‍ പോലും അവള്‍ക്കു  സാധ്യമല്ല.വിശ്വാസം നഷ്ട്ടപ്പെട്ട ഒരു സമൂഹമാണ് ഇന്ന് . സ്ത്രീക്ക് നല്ല സ്വത്വ ബോധമുണ്ട് അവള്‍ക്കില്ലാത്തത് അംഗീകാരമാണ്. , സ്ത്രീ സ്വാതന്ത്രം …. ഇന്നും സ്വപ്നം കാണാന്‍ സാധിക്കുന്ന ഒന്നാണ്; ഇനിയും യാധാര്ത്യമാകാത്ത്ത ഒന്ന് –  എഴുത്തുകാരി ഇന്ദിര പറവൂര്‍

ആകാശവും ഭൂമിയും രാവും പകലും പങ്കു വെക്കണം എന്നുറക്കെ പ്രഖ്യാപിച്ചു വീണ്ടും ഒരു വനിതാദിനം വന്നണയുമ്പോള്‍  ആഘോഷിക്കാന്‍ പല ദിവസങ്ങള്‍ ഉള്ളത് പോലെ ഇങ്ങനെയും ഒരു ദിനം എന്നാണു പലരും കരുതുന്നത് . ഈ വനിതാ ദിനത്തില്‍ വ്യത്യസ്ത മേഖലകളിലെ മൂന്നു പ്രതിഭകള്‍  നമ്മോടൊപ്പം ചേരുകയാണ് അവരുടെ വാക്കുകളിലേക്കു :

“വനിതാ ദിനം ആവശ്യം തന്നെയാണ് . എന്നാല്‍ ഇന്നത്തെ വനിതാ ദിനങ്ങള്‍ വെറും ആഘോഷങ്ങളാണ് . മുദ്രാവാക്യം വിളികളിലും സത്യപ്രതിജ്ഞകളിലും അവ ഒതുങ്ങിപ്പോകുന്നു. അന്ന് നിരത്തിലിറങ്ങി നടക്കുന്ന സ്ത്രീകളെ നാളെ അടുക്കളകളിലും കിടപ്പ് മുറികളിലും മാത്രം കാണുന്ന അവസ്ഥ മാറണo.”- ആകാശവാണി സീനിയര്‍ പ്രോഗ്രാം എക്സിക്യുട്ടിവും നിരൂപകയും ആയ കെ ആര്‍ ഇന്ദിര.

എന്നാല്‍ വനിതാ ദിനം മഹത്തരമാണെന്നുo അഭിപ്രായം ഉണ്ട് . “സ്ത്രീ ദിനം മഹാതാണ് . ആഘോഷങ്ങളും നല്ലത് തന്നെ . ഒന്നുമില്ലാത്ത ലോകത്ത് ഒരു ദിനം സ്ത്രീകള്‍ക്ക് വേണ്ടി ഉണ്ടാവുക എന്നത് വലിയൊരു കാര്യം തന്നെയാണ് . വിദ്യാഭ്യാസത്തിലും ജീവിതസാഹചര്യത്തിലും കേരളത്തിലെ സ്ത്രീകള്‍ മുന്‍പന്തിയിലാണ് അതിനാല്‍ വനിതാ ദിനമെങ്കിലും അവര്‍ക്കറിയാം . എന്നാല്‍ അശക്തരും അജ്ഞ്ഞരുമാണ് പല സംസ്ഥാനക്കാരും അവര്‍ക്കിടയില്‍ എല്ലാ ദിവസവും ഒരുപോലെ തന്നെ.”- സെയില്‍സ് ടാക്സ് അസിസ്റ്റന്റ്റ് കമ്മിഷണറും സ്ത്രീ വിമോചന വാദിയുമായ ഉമാദേവി പറയുന്നു .

 

അമ്മയായും ശക്തിയായും സ്ത്രീ സ്നേഹവും ബഹുമാനവും അര്‍ഹിക്കുന്നു എന്ന് അംഗീകരിചിരുന്ന ഇന്ത്യയില്‍ നിന്നും അവഗണനയുടെ പാതാള ലോകത്തേക്ക് അവള്‍ വലിചെരിയപ്പെടുകയായിരുന്നു. കാലം ഒരു ചക്രമാണ് … ഒരിക്കല്‍ ഉയര്‍ന്നിരുന്നത് താഴുകയും താഴ്ന്നിരുന്നത് ഉയരുകയും ചെയ്യും . ഒരിക്കല്‍ ഗൃഹനായികയും തറവാട്ടമ്മയും ആയിരുന്ന സ്ത്രീക്ക് അഭിപ്രായ സ്വാതന്ത്ര്യവും സാമ്പത്തിക ഭദ്രതയും ഉണ്ടായിരുന്നു. അനുകരണ സംസ്കാരം നശിപ്പിച്ചത് ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തെയും സംസ്കാരത്തെയും ആണ് . വിദേശ സംസ്കാരത്തിന്റെ അടിമയായ ഇന്ത്യയില്‍ സ്ത്രീകളുടെ കണ്ണുനീരില്‍ നിന്ന് അഗ്നി പടര്‍ന്നു . സ്ത്രീയെ സമൂഹം പഠിപ്പിച്ചത് ഭുമിയോളം ക്ഷമിക്കാനാണ്. ഒരു പരിധി കഴിഞ്ഞപ്പോള്‍  അതൊരു വന്‍ പൊട്ടിത്തെറിയില്‍ അവസാനിക്കുകയും ചെയ്തു. വിപ്ലവ പ്രസ്ഥാനങ്ങള്‍ക്കും ശാശ്വത പരിഹാരം കാണാനാകാതെ അവളിന്നും അവഗണനയുടെ മേച്ചില്‍ പുറത്താണ്. വനിതകളുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണാനയോ  സ്ത്രീ സംഘടനകള്‍ക്ക്?

“സ്ത്രീ സംഘടനകളുടെ കാര്യം എടുത്താല്‍ പരിതാപകരമായാണ് പലതും പ്രവര്‍ത്തിക്കുന്നത് എന്ന് ഇന്ദിര തുറവൂര്‍ പറയുമ്പോള്‍ സ്ത്രീ സംഘടനകള്‍ക്ക് ഒരു പരിധി വരെ ഇത്തരം അവഗണനകള്‍ മാറ്റാനും സ്ത്രീയെ മുന്നോട്ടു കൊണ്ട് വരാനും സാധിച്ചിട്ടുണ്ടെന്നു ഉമാദേവി പറയുന്നു

“പണ്ട് മാനസി പോലുള്ള സജീവ സ്ത്രീ സംഘടനകള്‍ ഉണ്ടായിരുന്ന സ്ഥാനത് ഇന്ന് എന്‍ ജി ഒ കള്‍ പോലെ പ്രവര്‍ത്തിക്കുന്ന വനിതാ സംഘടനകളാണ് നിലവില്‍ ഉള്ളത് . നല്ല സംഘടനകള്‍ കുറ്റിയറ്റതിനു പിന്നില്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ട് ; പുരുഷന്റെ സ്വാര്‍ത്ഥതയടക്കം . എന്‍ ജി ഒ കളുടെയും  രാഷ്ട്രീയ സംഘടനകളുടെയും  കീഴിലെ  സ്ത്രീ സംഘടനകള്‍ ചില പ്രത്യേക ആശയം പ്രചാരിപ്പിക്കാന്‍ വേണ്ടി മാത്രം നില കൊള്ള്കയും ചെയ്യുന്നു . ഒരു പ്രശ്നത്തില്‍ ഇടപെടുന്ന സംഘടനകള്‍ അടുത്ത പ്രശ്നം വരുമ്പോള്‍ വിശ്രമ വേളയിലാകുന്നതും പ്രശ്നം തന്നെയാണ്” എന്ന് കെ ആര്‍ ഇന്ദിര

സ്ത്രീയുടെ മാനവും അഭിമാനവും വീണ്ടെടുക്കാനും സംരക്ഷിക്കാനും ലോകമഹായുദ്ധങ്ങള്‍ തന്നെ നടന്നിട്ടുണ്ട് എന്നാല്‍ ഇപ്പോള്‍ സ്വയം സംരക്ഷിക്കാന്‍ പോലും അവള്‍ക്കാകുന്നില്ല.

ഉപഭോഗ സംസ്കാരത്തിന്റെ പാത പിന്തുടര്‍ന്ന് സ്ത്രീയെ ജീവനുള്ള ഒരുപകരണം ആക്കി മാറ്റാന്‍ പുരുഷന്‍ തിടുക്കം കൂട്ടി .. നീ ഒരുപകരണമാണ് എന്ന് അവളെ ചെറുപ്പം മുതല്‍ പഠിപ്പിക്കുകയും ചെയ്തു. അറിഞ്ഞോ അറിയാതെയോ അവളും  ഉപഭോഗ സംസ്കാരത്തിന്റെ ഇരയും അടിമയുമായി

“മനസ് കൊണ്ടു സ്നേഹിക്കാന്‍ മറന്നു പോവുകയാണ് പുതിയ കുട്ടികള്‍ പലപ്പോഴും. ഒരു പെണ്ണ് അവളുടെ ശരീരം മാത്രമല്ല എന്നാ തിരിച്ചറിവ് ആണ്‍ കുട്ടികള്‍ക്കും ഉണ്ടാകേണ്ടതാണ്” – ഉമാദേവിയുടെ വാക്കുകള്‍  .

ബൌധിക വികാസത്തിനപ്പുറം മേനിയഴകിലും മുഖസൌന്ദര്യത്തിലും അവള്‍ ഭ്രമിക്കുകയും ചെയ്തു. വ്യക്തിത്വത്തിലും ജ്ഞാനത്തിലും അധിഷ്ട്ടിതമായ വളര്‍ച്ച അന്യം നിന്നതും ചൂഷണങ്ങള്‍ പെരുകാനിടയാക്കി. പിന്നിട് ഒരു തിരിച്ചു വരവ് നടത്താന്‍ ബോധപൂര്‍വം ശ്രമം ഉണ്ടാവുകയും അതില്‍ അവള്‍ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു . അവിടെ വീണ്ടും അടിച്ചമര്‍ത്തലുകള്‍ ഉണ്ടായി .

പെണ്‍കുട്ടികളെ വളര്ത്തുന്നതിലെ പിഴവുകളും അവര്‍ വളര്‍ന്നു വരുന്ന സാഹചര്യങ്ങളും വിലയിരുത്തേണ്ടത് അത്യാവശ്യമാണ് .

“പെണ്‍കുട്ടികളെ വളര്‍ത്തുന്ന രീതികളും പീഡനങ്ങള്‍ ചെറുക്കാന്‍ അവളെ ആശക്തയാക്കി. കരാട്ടെ പഠിപ്പിക്കുന്നതിന് എതിരാണ് പലരും. പെണ്‍കുട്ടി നൃത്തം മാത്രം പഠിച്ചാല്‍ മതിയത്രേ” – എന്ന് കെ ആര്‍ ഇന്ദിര .

ലൈംഗിക വിദ്യാഭ്യാസം നല്‍കണം എന്നാ ആവശ്യം കേരളം പാടെ തള്ളിയത് കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്  .പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണങ്ങള്‍ എന്താണെന്ന് ശരിക്കും മനസിലാക്കാത്തത്‌ അവളെ ഒരു പരിധി വരെ അപകടത്തില്‍ ചാടിക്കുന്നു.ശരിയായ ലൈംഗിക വിദ്യാഭ്യാസo ആണ്‍ പെണ് വ്യത്യാസമില്ലാതെ നല്‍കിയാല്‍ ഒരു പരിധി വരെ ഇതിനു പരിഹാരം കാണാനാകും.

“ഇപ്പോള്‍ 8-)o ക്ലാസില്‍ ഇത്തരം പാഠഭാഗങ്ങള്‍ ഉള്‍ക്കൊള്ളിചിട്ടുണ്ടെങ്കിലും അധ്യാപകര്‍ക്ക് വളരെ മികച്ചരീതിയില്‍ ഇത് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നില്ല.അവര്‍ക്ക് നാണക്കേടാണ് എന്നാ സ്ഥിതി വന്നിരിക്കുന്നു. പുരുഷാധ്യാപകര്‍ തന്നെ പെണ്‍കുട്ടികള്‍ക്ക് പേടിസ്വപ്നം ആകുന്ന കാഴ്ചയാണ് ഇന്ന് ..”എന്ന് ഉമാദേവി .

ശാരിരിക പീഡനങ്ങളും ലൈംഗിക പീഡനങ്ങളും മാനസിക പീഡനങ്ങളും വല്ലാതെ വര്‍ധിക്കുന്നുണ്ട് സ്ത്രീക്ക് നേരെ. വിദ്യാസമ്പന്നായായാലും ശക്തമായി “അരുതെന്ന്” പറയാന്‍ അവള്‍ക്കാകുന്നില്ല. സമൂഹം അവളെ മാത്രം കുറ്റപെടുത്തുന്ന ഒരവസ്ഥയാണ് ഇതിനു കാരണം.

“ബസില്‍ വച്ചു കുട്ടികളോട് മോശമായി പെരുമാരുന്നവര്‍ക്കെതിരെ സഹയാത്രികരായ സ്ത്രീകള്‍ ശബ്ദിക്കില്ല. ഇനിയഥവാ ശബ്ദിച്ചാല്‍ അവള്‍ ഒറ്റപ്പെടുകയും ചെയ്യും . ഇരപോലും അവളോടൊപ്പം കാണില്ല. അത്ര മോശമായ മനോഭാവമാണ് സമൂഹം സ്ത്രീയില്‍ വളര്‍ത്തിയെടുത്തത്‌ എന്നും  ഉമാദേവി പറയുന്നു.

പ്രതികരിക്കുന്നതിനപ്പുറം ഭയവും വിഷാദവും നാണക്കേടും അവളില്‍ പിടി മുറുക്കുന്നു .

“കൈവിട്ട കൂട്ട് കുടുംബവും ഏറി വരുന്ന തിരക്കും മനസുകളെ അസ്വസ്ഥമാക്കുന്നു.. സ്ത്രീ ആശക്തയാനെന്ന ബോധം അവളെ തളര്‍ത്തുകയും ചെയ്യുന്നു. സമൂഹം അങ്ങനെയാണ്  അവളെ പഠിപ്പിക്കുന്നതും . കുറെ ക്ഷമിക്കുക പിന്നെ പൊട്ടിത്തെറിക്കുകയും പൊട്ടിക്കരയുകയും ചെയ്യുക അതാണ്‌ തന്റെ വഴിയെന്നു അവള്‍ ചിന്തിക്കുന്നു” എന്ന് ഇന്ദിര പറവൂര്‍

 

കൊച്ചു കുട്ടികള്‍ വരെ ലൈംഗികാധിക്രമാങ്ങള്‍ക്ക് വിധേയമാകുമ്പോള്‍ അത് അവരുടെ ഭാവി ജീവിതം വരെ തകിടം മറിക്കും . ഈ അടുത്ത് കണ്ണൂരില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ അദ്ധ്യാപകന്‍ തന്നെ പീഡിപ്പിച്ച വാര്‍ത്ത കേരളം ഞെട്ടലോടെയാണ് വായിച്ചത് . മാതാ- പിതാ ഗുരു ദൈവം എന്നാ സങ്കല്‍പം  ഉടഞ്ഞു വീഴുകയാണ് ഇവിടെ . അമ്മ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുക , അച്ഛനും സഹോദരനും പെണ് കുട്ടിയെ പീഡിപ്പിക്കുക … സാക്ഷര കേരളം ലജ്ജിച്ചു തല താഴ്ത്തിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും ഒരു സ്ത്രീ സംഘടനകള്‍ പോലും ഇതിനെതിരേ രംഗത്ത്‌ വന്നില്ല എന്നത് ഗൌരവപൂര്‍വ്വം കാണേണ്ടതാണ് .

“ചെറിയ പെണ്‍കുട്ടികള്‍ക്ക്  നേരെയുള്ള മൃഗീയമായ ലൈംഗികാക്രമണങ്ങള്‍ ശിശു ക്ഷേമ സമിതി നോക്കട്ടെ എന്നും അത് വനിതാ സംഘടനകള്‍ നോക്കട്ടെ എന്നും സംഘടനകള്‍ വടം വലി നടത്തുമ്പോള്‍ കുഞ്ഞ് നൊമ്പരങ്ങള്‍ മായാതെ ജീവിത കാലം മുഴുവന്‍ നില നില്‍ക്കുകയും അത് പുരുഷ വിദ്വേഷം വളര്‍ത്തുകയും പരിപാവനമായ കുടുംബ വ്യവസ്ഥിതിയെ തകിടം മരിക്കുകയും ചെയ്യും” എന്ന് കെ ആര്‍ ഇന്ദിര പറയുന്നു.

സ്ത്രീക്ക് അംഗീകാരം ഉണ്ടായിരുന്ന സമൂഹമായിരുന്നു നമ്മുടേത്‌ . സ്ത്രീ സ്വന്തമായി നില കൊള്ളും  . ശക്തിയും സൗന്ദര്യവും ഉള്ള സ്ത്രീയെ പുരുഷന്‍ അടിമയാക്കുന്നത് അവളോടുള്ള ഭയം കൊണ്ടാണ് . സമൂഹത്തില്‍ പുരുഷന്‍  ഉണ്ടാക്കിയെടുത്ത കാപട മുഖം മൂടികള്‍ അഴിഞ്ഞു വീഴാന്‍ ഇടയാവുന്നത് അവന്‍ സഹിക്കാവുന്നതിലും അപ്പുറമാണ്. അധികാരത്തിന്റെ ചെങ്കോലും കിരീടവും സ്വന്തമാക്കി പുരുഷന്‍ അശ്വമേധം നടത്തുന്ന ആധുനിക ലോകത്ത് സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കാനാകുന്നില്ല.

“വിധവകളായ സ്ത്രീകള്‍ക്ക് തനിയെ ജീവിക്കാനും കുട്ടികളെ വളര്‍ത്താനും സാധിക്കുന്നു. അവള്‍ക്കു ശക്തിയും കഴിവും ഉണ്ട് എന്നാല്‍ ഒരു വിഭാര്യന് തനിയെ ഒരു വര്ഷം പോലും ജീവിക്കാനാകില്ല . അവന്‍ അശക്തനും സ്വയം പര്യാപ്തത  ഇല്ലാത്തവനും ആണ് . സ്ത്രീ ശക്തിയുടെ മുന്നില്‍ മുട്ട് മടക്കുകയും എന്നാല്‍ തോല്‍ക്കാന്‍ തയാറാകാത്ത അവസ്ഥയും ആണ് അവളെ ചവിട്ടി തേക്കാന്‍ പുരുഷന് ശക്തി നല്‍കുന്നത്.” എന്ന് കെ ആര്‍ ഇന്ദിര .

“എടാ എല്ലാ ശുംഭന്മാരും  ഭാര്യമാരെ തല്ലുന്നത് അവരെ പേടിച്ചിട്ടാണ്” എന്ന് മധുപാലിന്റെ ഒരു കഥയില്‍ നാണു ശരത്ച്ചന്ദ്രനോട് പറയുന്നു.

ഏഷ്യയില്‍ തന്നെ വിവാഹ് മോചനം ഏറ്റവും കൂടുതല്‍ കേരളത്തില്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു . മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ പണ്ട് സ്ത്രീ വിവാഹമോചത്തെ കുറിച്ച് ആലോചിക്കുന്നത് പാപമായി കരുതി . പിന്നീട് പുരുഷന്‍ മുന്‍ കൈ എടുത്തു അവന്റെ ഗര്‍വം പ്രദര്‍ശിപ്പിക്കാന്‍  വിവാഹമോചനം നേടിതുടങ്ങി .ഉര്‍വശീശാപം ഉപകാരമെന്നപോലെ സ്ത്രീ സ്വയം നില നില്പിനുള്ള ഉപായം കണ്ടെത്തി . മരിച്ചു ജീവിക്കേണ്ട അവസ്ഥ ഇല്ലെന്നു  അവള്‍ പുരുഷന് മുന്നറിയിപ്പ് നല്‍കി .

“പ്രകൃതിയും പരുഷനും ഒന്നിക്കണം എന്നത് നിയമമാണ് . നല്ല ബന്ധം ആണെങ്കില്‍ അതൊരു പുണ്യമാണ് . മറിച്ചാണെങ്കില്‍ നരകവും ആണെന്ന്” കെ ആര്‍ ഇന്ദിര .

“കേരളത്തില്‍ വിവാഹ മോചനം കൂടി വരുന്നു. അതൊരു തെറ്റല്ല. തനിക്കു ഇഷ്ട്ടമല്ലാത്ത ഒരാളോടൊപ്പം അന്തിയുറങ്ങുക എന്നത് ആശാസ്യമല്ലാത്ത ഒരവസ്ഥയാണ്” ഉമാദേവിയുടെ വാക്കുകള്‍

“വിവാഹ മോചനം കൂടാന്‍ കാരണം സാമ്പത്തിക സ്ഥിരത മാത്രമല്ല . യോജിപ്പില്ലായ്മയും അതിനുള്ള മനസില്ലായ്മയും ആണ് . തെറ്റേത് ശരിയേത് എന്ന് വേര്‍തിരിച്ചരിയാനുള്ള കഴിവും പുതിയ കുട്ടികള്‍ക്കില്ല. ഏറിയ പങ്കും വീടിനു പുറത്തു ജീവിക്കുന്ന പുതു തലമുറ പങ്കു വെക്കലുകള്‍ക്ക് മറ്റു സൌഹൃദങ്ങള്‍ തേടുന്നത് കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കി” എന്ന്  ഇന്ദിര പറവൂര്‍ വിലയിരുത്തുന്നു .

വിവാഹ മോചനം നെടാനോരുങ്ങുന്ന സ്ത്രീയുടെ മാനസിക വ്യാപാരങ്ങളെയും അവളുടെ വാദങ്ങളെയും പിന്തുണയ്ക്കുന്ന ബന്ധുക്കളും സമൂഹവും വിവാഹമോചനത്തിന് ശേഷം അവളെ മറ്റൊരു തരത്തിലാണ് ചിത്രീകരിക്കുന്നത്. സ്വന്തം വീട്ടുകാര്‍ വരെ അവളെ കുറ്റപ്പെടുത്തുന്നു. വിവാഹ മോചനത്തിന് ശേഷം അവളെ സമൂഹവും വീട്ടുകാരും ഒരു മാഗ്നിഫയിംഗ് ഗ്ലാസിനു ചുവട്ടിലേക്ക്‌ നീക്കി നിര്‍ത്തും. അടുത്ത പടി എത്രയും പെട്ടന്ന് ഒരു പുനര്‍ വിവാഹം നടത്തലാണ്. പൊരുത്തപ്പെടാനാകാതെ അവള്‍ വലയും പിന്നെ വീണ്ടും സഹനo തുടരും. ഇനിയൊരു വിവാഹ മോചനം ആലോചിക്കാന്‍ അവള്‍ക്കാവില്ല ; ചോദ്യശരങ്ങളും ആക്ഷേപവും പരിഹാസവും അവളുടെ എല്ലാ ശക്തിയും കെടുത്തിയിട്ടുണ്ടാകും .

“വിവാഹ മോചനം നേടി വരുന്നവള്‍ ഇന്നും സമൂഹത്തിന്റെ കണ്ണില്‍ മോശക്കാരിയാണ് . അവള്‍ അഹങ്കാരിയാണ്. ഒരു പുരുഷന്റെ തുണയില്ലാതെ ജീവിക്കാനാകില്ല എന്ന് സ്ത്രീയെ സമൂഹം പഠിപ്പിക്കുകയാണ്” …കെ ആര്‍ ഇന്ദിര പറയുന്നു

വിവാഹ മോചനം നേടണമെന്ന് ഉള്ളാലെ ആഗ്രഹിക്കുന്ന പലരും മറ്റു പല സാഹചര്യങ്ങളും കൊണ്ട് അങ്ങനെ ചെയ്യാതിരിക്കുന്നുണ്ട് .

“വിവാഹ മോചനം നേടാത്ത്ത് കുട്ടികളെ മാത്രം ഓര്ത്താനെന്നു ചിലര്‍ പറയാറുണ്ട്‌. മാതൃത്വം സംരക്ഷിക്കാന്‍ പലരും ജീവിതം വെറുതെ അങ്ങനെ ജീവിച്ചു തീര്‍ക്കുകയാണ്. കടുത്ത നിരാശയും വിഷാദാവുമാണ് അവിടെ നിറയുന്നത്” എന്ന് ഇന്ദിര തുറവൂര്‍ .

ഏറ്റവും കൂടുതല്‍ വിവാഹ് മോചനം നടക്കുന്നത് വിവാഹേതര ബന്ധങ്ങള്‍ ഉണ്ടാക്കുന്ന വിള്ളലുകള്‍ മൂലമാണ് . പങ്കു വെക്കാനും ഇഷ്ട്ടാനിഷ്ടങ്ങള്‍ പറയാനും ഒന്നിച്ചിരിക്കാനും സ്ത്രീയും പുരുഷനും ഇണകളെ തേടുകയാണ്  .

കൃഷിയും കന്നുകാലി വളര്‍ത്തലും ഒക്കെയായി സ്വയം പര്യാപ്തത പണ്ടേ സ്തീക്കള്‍ക്ക് ഉണ്ടായിരുന്നു . പക്ഷെ നാടോടിയപ്പോള്‍ സ്വയം പര്യാപ്തതക്ക്  രാവുംപകലും അവള്‍ യത്നിക്കേണ്ടി വന്നു. എല്ലാ മേഖലകളിലും അവള്‍ കഴിവ് തെളിയിച്ചു . പുരുഷന്‍ ചെയ്യുന്ന എല്ലാ ജോലികളും അവള്‍ക്കും ചെയ്യാം എന്ന സ്ഥിതിയായി .അവിടെയുമുണ്ടായി എതിര്‍പ്പുകള്‍ .

“മാധ്യമങ്ങളിലും മറ്റും ജോലി ചെയ്യുന്ന സ്ത്രീയെ രാത്രി യാത്ര ചെയ്യുകയും പണിയെടുകുകയും ചെയ്യുന്നതിന്റെ പേരില്‍ പരിഹസിക്കാനും കുറ്റപെടുത്താനും സമൂഹം മടിച്ചിരുന്നില്ല . ഇന്ന് കാലം മാറി . അവള്‍ ഇത്തരം ജോലികളില്‍ കഴിവ് തെളിയിച്ചു . ഇപ്പോള്‍ അടവ് മാറ്റി പിടിച്ചിരിക്കുകയാണ് . പരിഹാസവും കുറ്റപ്പെടുത്തലുകളും നിര്‍ത്തി . അവളെ മാനസികമായും ശാരീരികമായും തളര്ത്തുകയാണ്. പീഡനങ്ങള്‍ അധികവും രാത്രി ജോലികള്‍ ഉള്ള മേഖലകളില്‍ ആണ്” എന്ന് മാധ്യമ പ്രവര്‍ത്തകയായ കെ ആര്‍ ഇന്ദിര . എവിടെയാണ് സ്ത്രീകളുടെ ശക്തി ? എവിടെയാണ് അവള്‍ക്കു പിഴക്കുന്നത്‌ ? എന്നാ അന്വേഷണം അനിവാര്യമാണ് ഇവിടെ .

“ഒരുവള്‍ ഒറ്റയ്ക്ക് നില്‍ക്കുകയും പോവുകയും ചെയ്യുമ്പോള്‍ മാത്രമാണ് അവള്‍ ആശക്തയാകുന്നത്. 5 സ്ത്രീകള്‍ ഒന്നിച്ചു നിന്നാല്‍ ഒരു മുഴുവന്‍ സമൂഹം വിചാരിച്ചാലും അവരെ പരാജയപ്പെടുത്താന്‍ ആകില്ല . എന്നാല്‍ നിര്‍ഭാഗ്യ വശാല്‍ സ്ത്രീക്ക് സ്ത്രീ തന്നെയാണ് ശത്രു. മിക്ക സ്ത്രീകളും  മറ്റോരുവളെ തനിക്കു  മുകളില്‍ കാണാന്‍ ആഗ്രഹിക്കുന്നില്ല . ഒരു ചാക്രിക പ്രവര്‍ത്തനം പോലെ പരസ്പരം ഉള്ള കുറ്റപെടുതലുകള്‍ തുടരുമ്പോള്‍ എല്ലാ സ്ത്രീകളും പരസ്പരം മോശക്കാരാവുകയാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ സ്വന്തം ശവക്കുഴി തോടുകയാണ് അവള്‍.”.- കെ ആര്‍ ഇന്ദിരയുടെ വാക്കുകള്‍ അന്വര്തമാണ് .

വസ്ത്ര ധാരണമാണ് പീഡനം കൂടാന്‍ കാരണം എന്ന് രണ്ടു മാസം മുന്പ് ഇന്ത്യയിലെ ഒരു വനിതാ കമ്മിഷന്‍ അംഗം പറഞ്ഞത് ഏറെ ചര്‍ച്ചാ വിഷയമായിരുന്നു . വിവിധ സ്ത്രീ സംഘടനകള്‍ അവര്‍ക്കെതിരെ രംഗത്ത്‌ വന്നപ്പോള്‍ അത് സ്വന്തം അഭിപ്രായമാണെന്നു പറഞ്ഞു തടിതപ്പി. സ്ത്രീകളെ സ്ത്രീകള്‍ തന്നെ മോശമായി ചിത്രീകരിക്കുകയാണ്. എന്തായാലും മേനി പ്രദര്‍ശനമല്ല പുരുഷനില്‍ മൃഗീയത ഉണര്‍ത്താന്‍ കാരണം എന്ന് വ്യക്തം . പിഞ്ചു കുട്ടികള്‍ മുതല്‍ പീഡനത്തിനിരയാകുന്നത് വസ്ത്ര ധാരണം കൊണ്ടോ മേനിയഴക് കൊണ്ടോ അല്ല . താരതമ്യേന മാന്യമായ വസ്ത്രധാരണവും ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരവും ഉള്ള ഇന്ത്യയിലും കേരളത്തിലും പീഡനങ്ങള്‍ വളരെ കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ലളിതാംബിക അന്തര്‍ജ്ജനം എന്ന മുത്തശ്ശി വെട്ടിയോരുക്കിയ പാതയിലൂടെ പിന്നെയും എത്രയോ പേര്‍ ….. പക്ഷെ അംഗീകാരത്തിന്റെ പ്രശ്നം ഇവിടെയും ഉണ്ട് . പെണ്ണെഴുത്തുകള്‍  എന്ന് ആക്ഷേപിച്ചു ഒരു മൂലയിലേക്ക് നീക്കിയിരുതുകയാണ് പല പ്രതിഭകളെയും . ഈ മേഖലയിലെ എഴുത്തുകള്‍ കുറയാനുമിത് കാരണമായി .

“പുതിയ പെണ്ണെഴുത്ത്കള്‍ അവഗണിക്കപെടുന്നത് അവളുടെ ഭാവനാ മണ്ഡലം തീരെ ചെറുതായത് കൊണ്ടാണ് . ഒരു ഇത്തിരി പോരo വട്ടത്തില്‍ ഇരുന്നു മുനിഞ്ഞു കത്തുകയാണ് വിളക്കുകള്‍.ഒരു കൊച്ചു ദ്വാരത്തിലൂടെ നോക്കി ലോകം കണ്ടു എഴുതുമ്പോള്‍ ലോകം മുഴുവന്‍ കണ്ട പുരുഷന്‍ ഹെമിഗ് വേയെ പോലെ എഴുതുന്നു” എന്ന് കെ ആ ഇന്ദിര .

സ്ത്രീകള്‍ക്കും അവകാശങ്ങള്‍  ഉണ്ടെന്നും അവരും ജനാധിപത്യത്തിന്‍റെ  ഭാഗമാണെന്ന വാദവും ശക്തമായതോടെ വനിതാ സംവരണ ബില്‍ എന്നാ മഹത്തായ ആശയം ഉടലെടുത്തു . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 6൦ ശതമാനം സംവരണം വന്നെങ്കിലും പാര്‍ലമെന്റില്‍ വന്നില്ല . മൂന്നിലൊന്നു സംവരണം ബില്ലിലൂടെ വ്യവസ്ഥ ചെയ്തു . ഇപ്പോള്‍ പാസാവുമെന്നു ചിന്തിച്ചെങ്കിലും അവസാന  ഘട്ടത്തില്‍ നിരാശയെകി പാര്ലമെന്റ്റ് സമ്മേളനം പിരിഞ്ഞു . വീണ്ടും കാത്തിരിപ്പിന്റെ നാളുകള്‍ …..

“തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 60 ശതമാനം സംവരണം സ്ത്രീക്ക് നല്‍കിയത് അവളെ സമാധാനിപ്പികാന്‍ വേണ്ടി അനുവദിച്ചതാണ് . ഒരു എം പി സ്ഥാനമോ എം എല്‍ എ അതാനമോ നഷ്ടമാകുന്നത് അവനു സഹിക്കാനാകില്ല അതിനാല്‍ തന്നെ മൂന്നിലൊന്നു സംവരണം നടക്കാന്‍ പോകുന്നില്ല”-.കെ ആര്‍ ഇന്ദിര പറഞ്ഞു .

“വനിതാ സംവരണ ബില്ലുകള്‍ ലോക സഭയില്‍ പാസാക്കാനാകാഞ്ഞത് പുരുഷ വര്‍ഗ്ഗത്തിന്റെ കടുത്ത എതിര്‍പ്പ് മൂലമാണ് . അവന്റെ സ്വാര്‍ത്ഥതയുടെ ഫലമാണ്‌ . സ്വന്തം അവസരം കുറയും എന്നാ ഭയം അടക്കി ഭരിക്കുകയാണ് അതിനാല്‍ മാത്രമാണ് ബില്‍ സഭയില്‍ പാസാകാതിരുന്നത്” എന്ന് ഉമാദേവിയും  പിന്താങ്ങുന്നു .

ഇവിടെ വ്യക്തമാണ് സ്ത്രീയോടുള്ള  പുരുഷന്റെ കാഴ്ചപ്പാട്

“സ്തീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ മാറാന്‍ ആദ്യം സമൂഹവും സ്വന്തം വീട്ടിലെ അന്തരീക്ഷവും ആണ് മാറേണ്ടത്” എന്ന് ഉമാദേവി പറയുന്നു

 

വനിതാ ക്ഷേമ പരിപാടികള്‍ കടലാസിലും വിപ്ലവം നിരത്തിലും മാത്രമായി ഒതുങ്ങുകയാണ്. അത് മനുഷ്യ മനസുകളിലേക്ക് ചെക്കെറാതെ സ്ത്രീകളോടുള്ള സമീപനം മാറില്ല. അവളെ ജീവിത സഖിയായും സഹായാത്രികയായും സഹജീവിയായും കാണാന്‍ പുരുഷനും സമൂഹവും തയാറാകണം. സ്ത്രീയുടെ അവകാശങ്ങള്‍ മനുഷ്യാവകാഷങ്ങളായി അംഗീകരിക്കപ്പെടുകയും വേണം…..

 

Add a Comment

Your email address will not be published. Required fields are marked *