ലോക സഭ തെരഞ്ഞെടുപ്പ്: ആലത്തൂര്‍ വീണ്ടും ഇടത്തോട്ട്?

ശാലിനി ടി എസ് 

 

പരമ്പരാഗതമായി ഇടതുപക്ഷ ആഭിമുഖ്യമുള്ള പ്രദേശങ്ങള്‍ ഉള്‍ക്കൊണ്ടതാണ് ഇന്നത്തെ ആലത്തൂര്‍ ലോക സഭാ മണ്ഡലംഎന്ന് പറയുന്നതില്‍ തെറ്റില്ല. മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയത്തെ തുടര്‍ന്ന് 2008ല്‍ സംവരണ മണ്ഡലമായ ഒറ്റപ്പാലം ഇല്ലാതാവുകയും പകരം ആലത്തൂര്‍ രൂപംകൊള്ളുകയും ആയിരുന്നു.

മണ്ണെറിഞ്ഞാല്‍ പൊന്നുവിളയുന്ന പാലക്കാടന്‍ പാടശേഖരങ്ങളില്‍ ഏറിയപങ്കും ഉള്‍പ്പെടുന്നത് ആലത്തൂര്‍ മണ്ഡലത്തിലാണ്‌. കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളെ ചോരയും നീരും നല്‍കി പരിപോഷിപ്പിച്ച പാരമ്പര്യമാണ് ഈ പാടശേഖരങ്ങളില്‍ പണിയെടുക്കുന്ന കര്‍ഷക തോഴിലാളികളുടെത്.

പാലക്കാട്ടെ കാര്‍ഷിക പ്രാധാന്യമുള്ള പ്രദേശങ്ങള്‍ക്കൊപ്പം തൃശ്ശൂര്‍ ജില്ലയിലെ തൊഴിലാളി പ്രാമുഖ്യമുള്ള ചില നിയമസഭാ മണ്ഡലങ്ങള്‍ കൂടി ചേര്‍ന്നതാണ് ആലത്തൂര്‍ എന്ന് വരുമ്പോള്‍ ഈ മണ്ഡലത്തിന്റെ പൊതു രാഷ്ട്രീയ ചിത്രം ഏതാണ്ട് തെളിയുന്നു.

ഇങ്ങനെയൊക്കെ ആണെങ്കിലും മുന്‍കാലങ്ങളിലെപ്പോലെ കക്ഷിരാഷ്ട്രീയത്തിന്റെ പേരില്‍ അന്ധമായി വോട്ടു കുത്താന്‍ ഇവിടത്തെ കര്‍ഷകര്‍ തയ്യാറാവുമോ എന്ന് സംശയിക്കെണ്ടതുണ്ട്.

“ഞാന്‍ ഒരു ഇടതുപക്ഷ വിശ്വാസിയാണ്, എന്നാലും ആളെ നോക്കിയേ ഞാന്‍ വോട്ടു ചെയ്യൂ,”  അര നൂറ്റാണ്ട് കാലമായി കമ്മ്യൂണിസ്റ്റ്‌ തവ്ത്വ ശാസ്ത്രങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്ന ചാമി എന്ന കര്‍ഷകതൊഴിലാളി പറയുന്നു.

ഇടതു, വലതു മുന്നണികള്‍ക്കിടയിലൂടെ നൂഴ്ന്നു കയറാന്‍ ശ്രമിക്കുന്ന ബി ജെ പി യും പതുക്കെ തങ്ങളുടെ സാന്നിധ്യം ഇവടെ ഉറപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് എങ്കിലും ഇതുവരെ വോട്ടര്‍മാര്‍ക്കിടയില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് ആയിട്ടില്ല. മോദിതരംഗത്തിന്റെ തിരയിളക്കങ്ങള്‍ മുതലാക്കാന്‍ ശേഷിയുള്ള ഊര്ജ്ജസ്വലരായ നേതാക്കളുടെ അഭാവം ആ കക്ഷിയെ കര്യംമായി അലട്ടുന്നു. എന്നിരുന്നാലും ഇന്ത്യയില്‍ എമ്പാടും ഇന്ന് നിലനില്‍ക്കുന്ന രാഷ്ട്രിയ അന്തരീക്ഷം കണക്കിലെടുത്താല്‍  പതിവില്‍ കവിഞ്ഞ പിന്തുണ ബി ജെ പി സ്ഥാനാര്‍ഥിക്ക്  ലഭിക്കാനിടയുണ്ട്.

പാലക്കാട് ജില്ലയില്‍ നിന്നുള്ള താരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍ തൃശ്ശൂര്‍ ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി എന്നീ 7 നിയമസഭാ  മണ്ഡലങ്ങള്‍ അടങ്ങിയതാണ് സംവരണ മണ്ഡലമായ ആലത്തൂര്‍.

 

2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിച്ച പി കെ ബിജു ആലത്തൂരിനെ പ്രതിനിധീകരിച്ചു ലോകസഭയില്‍ എത്തി.  20960 വോട്ടിനാണ് ബിജു തന്റെ തൊട്ടടുത്ത എതിരാളി  കൊണ്ഗ്രെസ്സ് സ്ഥാനാര്‍ഥിയായ എന്‍ കെ സുധീറിനെ പരാജയപ്പെടുത്തിയത്.

2011 ലെ നിയമസഭാതെരഞ്ഞെടുപ്പു ഫലങ്ങളുടെ അടിസ്ഥാനത്തില്‍ അവലോകനം ചെയ്‌താല്‍ ആലത്തൂര്‍ ഇടതുപക്ഷത്തിനു അനുകൂലമായി വിധി എഴുതേണ്ടതാണ്. ഏഴു മണ്ഡലങ്ങളില്‍ അഞ്ചും ഇടതു പക്ഷ സ്ഥാനാര്‍ഥികള്‍  സ്വന്തം.

എന്നാല്‍ ജനപ്രതിനിധി എന്നനിലയില്‍ ബിജുവിന്റെ പ്രവര്‍ത്തനങ്ങള്‍  ജനങ്ങള്‍ എങ്ങിനെ വിലയിരുത്തും എന്ന് പറഞ്ഞുകൂടാ. തൊട്ടടുത്ത പാലക്കാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സി പി എം അന്ഗംമായ എം ബി രാജേഷിന്റെ പ്രകടനങ്ങളുമായി താരതമ്യം ചെയ്‌താല്‍ ബിജു ഏറെ പിന്നിലാണ് എന്ന് പറയേണ്ടിവരും. എന്നിരുന്നാലും മണ്ഡലത്തില്‍ പൊതുവേ ബിജുവിനെതിരെ ഒരു വികാരം നിലവിലില്ല.

പര്ലമെന്റ്റ് അംഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പ്രാദേശിക വികസന ധനത്തിന്റെ നല്ലൊരുപങ്ക് ബിജു ചെലവഴിച്ചിട്ടില്ല. അര്‍ഹതയുള്ള 19 കോടിയില്‍ 3.83 കോടി ഇനിയും സ്വന്തം മണ്ഡലത്തില്‍ പ്രയോജനപ്പെടുതിയിട്ടില്ല.

സഭയില്‍ 86 ശതമാനം മാത്രമേ ബിജു ഹാജരായുട്ടുള്ളൂ എങ്കിലും അദ്ദേഹം 106 ചര്‍ച്ചകളില്‍ പങ്കെടുക്കുകയും 436 ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടാമങ്കത്തിനിറങ്ങുന്ന പി കെ ബിജുവിനെ ഇത്തവണ എതിരിടുന്നത് കൊണ്ഗ്രെസ്സിലെ കെ എ ഷീബയാണ്. കൊണ്ഗ്രെസ് സ്ഥാനാര്‍ഥിയുടെ പരിചയക്കുറവും, പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളും  സി പി എം സ്ഥാനാര്‍ഥി പി കെ ബിജുവിന് വിജയം സരളമാക്കും എന്ന് കരുതാം.

എന്നാല്‍, ആലത്തൂരിലെ 580126 പുരുഷ വോട്ടര്‍മാരും, 613073 വനിതാ സമ്മതിദായകരും ചേര്‍ന്നാണ് മണ്ഡലത്തിന്റെ വിധി നിര്‍ണ്ണയിക്കേണ്ടത്.

(സുരേഷ്)

Add a Comment

Your email address will not be published. Required fields are marked *