എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബെന്നറ്റ് എബ്രഹാം സാമ്പത്തിക തിരിമറി, വ്യാജരേഖ ചമയ്ക്കല്‍ കേസുകളിലെ പ്രതി
തിരുവനന്തപുരം 13 മാര്‍ച്ച്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ എല്‍.ഡി.എഫ സ്ഥാനാര്‍ഥി സാമ്പത്തിക തിരിമറിയിലും വ്യാജരേഖ ചമച്ച കേസിലും പ്രതി. സി.പി.ഐ സ്ഥാനാര്‍ഥിയും കാരക്കോണം സി.സ്.ഐ മെഡിക്കല്‍കോളജ് അസി. പ്രഫസറുമായ ഡോ. ബന്നറ്റ് എബ്രാഹാമിനെതിരെയാണ് മ്യൂസിയം പൊലീസ് സ്റ്റേഷനിലും വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുമാണ് പരാതി.
കാരക്കോണം മെഡിക്കല്‍ കോളജിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയില്‍ നിന്ന് 4,22,85900 രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായാണ് പരാതി. സി.എസ്.ഐ ദക്ഷിണ കേരള മഹാ ഇടവകയിലെ ഒരംഗവും സഭയ്ക്കകത്തെ പൊതുപ്രവര്‍ത്തകനുമായ പേരൂര്‍ക്കട സ്വദേശി ക്ലമന്റാണ് 2007 മെയില്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
തിരുവനന്തപുരം എല്‍.എം.എസ് കോമ്പൗണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ മിഷന് ഓഫ് സൗത്ത് കേരള ഡയോസസ് ഓഫ് ദ ചര്‍ച്ച് ഓഫ് ദ സൗത്ത് ഇന്ത്യ (എസ്.ഐ.യു.സി) എന്ന സൊസൈറ്റിയുടെ കീഴിലാണ് സാമ്പത്തിക തിരിമറി നടത്തിയത്. ഈ സൊസൈറ്റിയുടെ കീഴില്‍ വരുന്ന സ്ഥാപനമാണ് കാരക്കോണം മെഡിക്കല്‍ കോളജ്. ബിഷപ്പ് ഡോ. ജെ. ഡബ്ല്യു ബ്ലാസ്റ്റണ് പ്രസിഡന്റും ഡി. ലോറന്‍സ് സെക്രട്ടറിയും ബന്നറ്റ് എബ്രഹാം ഡയറക്ടര്‍ ആയും ഉള്‍പ്പെട്ട 18 അംഗ കമ്മിറ്റിയാണ് 2001-02, 2002-03 കാലയളവിലെ ഭരണസമിതി. ഇക്കാലയളവില്‍ ക്രിത്രിമ കണക്കുകളും രേഖകളും ഉണ്ടാക്കിയും വ്യാജ ഒപ്പുകളും രേഖകളും ചമച്ച് വിശ്വാസ വഞ്ചന നടത്തിയതായാണ് പരാതി. ഇതേ കാലയളവിലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഈ സാമ്പത്തിക ക്രമക്കേട് നടത്തിയതായി സൂചിപ്പിക്കുന്നുണ്ട്. ഇടവകക്ക് അര്‍ഹതപ്പെട്ട തുക അപഹരിച്ച് സ്വന്തം ആവശ്യങ്ങള്‍ക്കായി ഇടവകക്ക് നഷ്ടം വരുത്തുകയും വഞ്ചിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
ഇതേ പരാതി ലോകായുക്തയിലും പരാതി നല്‍കിയിരുന്നു. ലോകായുക്ത വിധിയുടെ അടിസ്ഥാനത്തിലാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇക്കാര്യം നേരത്തേ സൊസൈറ്റി രജിസ്ട്രാറുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നെങ്കിലും നടപടി എടുത്തില്ലെന്നും പരാതിയില്‍ പറയുന്നു.
മെഡിക്കല്‍ കോളജ് ഭരണം കൈവിട്ട് പോകാതിരിക്കാന്‍ 2004ല്‍ ഗൂഡാലോചന നടത്തി വ്യജ രേഖകള്‍ ചമക്കുകയും അന്യായ ലാഭം ഉണ്ടാക്കിയതായുമാണ് ബാലരാമപുരം ഐതിയൂര്‍ സ്വദേശി ഷൈന്‍ സിങ് കോടതിയില്‍ നല്കിയ ഹരജി. ബന്നറ്റ് എബ്രഹാമിനെ കൂടാതെ ഡി. ലോറന്‍സ്, റോബോര്‍ട്ട് എന്നിവരെയും പ്രതിചേര്‍ത്തിട്ടുണ്ട്. 2001 -04 കാലഘട്ടത്തില്‍ മെഡിക്കല്‍ മിഷന്റെ ഡയറക്ടറായിരുന്നു ബന്നറ്റ് എബ്രഹാം. രണ്ടാം എതിര്‍കക്ഷിയായ ഡി. ലോറന്‍സ് സെക്രട്ടറിയും മൂന്നാം എതിര്‍കക്ഷി റോബോര്‍ട്ട് ട്രഷററായും പ്രവര്‍ത്തിക്കുമ്പോഴാണ് ഇത്. 2004 സെപ്റ്റമ്പറില് മെഡിക്കല്‍ ബോര്‍ഡ് യോഗം വിളിക്കുകയും അതില്‍ ഭരണഘഡനാ ഭേദഗതിയെ കുറിച്ച് പ്രതിപാദിക്കാതെ അന്നുതന്നെ വിളിച്ചു ചേര്‍ത്തതായും കൃത്രിമരേഖയുണ്ടാക്കി ഭരണഘടനയില്‍ ഉള്‍പ്പെടുത്തി വഞ്ചിച്ചു. ഇതിലൂടെ എതിര്‍കക്ഷികള്‍ വന്‍സാമ്പത്തിക ലാഭമുണ്ടാക്കിയതായും പറയുന്നു. യഥാര്‍ഥ ഭരണഘടനയില്‍ ജനറല്‍ ബോഡി നിയമിക്കുന്ന മെഡിക്കല്‍ മിഷന് ഡയറക്ടറാണ് അഡിമിനിസ്ട്രേറ്റീവ് ഹെഡായി പ്രവര്‍ത്തിക്കേണ്ടത്.
കൃത്രിമ രേഖയുണ്ടാക്കി ഈ നിര്‍ദേശത്തില്‍ ഭേദഗതി വരുത്തി ബിഷപ്പ് നിയമിക്കുന്ന മറ്റൊരു ഡയറക്ടറായിരിക്കും സ്ഥിരമായി മെഡിക്കല്‍ കോളജ് അഡിമിനിസ്ട്രേറ്റീവ് ഹെഡ് എന്നാണ് ബന്നറ്റ് വ്യജരേഖയുണ്ടാക്കിയത്. 2004 മുതല്‍ ഇയാള്‍ ഡയറക്ടറായി ചുമതല വഹിക്കുകയും ഇതിലൂടെ ലക്ഷകണക്കിന് രൂപയുടെ അന്യായ ലാഭമുണ്ടാക്കി. ഇത് സംബന്ധിച്ച് 2011ല്‍ തിരുവനന്തപുരം മുന്‍സിഫ് കോടതിയില്‍ സിവില കേസും മ്യുസിയം പൊലീസ് സ്റ്റേഷനില്‍ മറ്റൊരു പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് 2012ല്‍ സി.ജെ.എം കോടതിയില്‍ വീണ്ടും പരാതി നല്കി. ഈ ഹരജി ഫയലില്‍ സ്വീകരിച്ച കോടതി മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. തുടര്‍ന്ന് വിവിധ വകുപ്പുകളില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസിലെ ഒന്നാം പ്രതി ബന്നറ്റ് എബ്രാഹാം അഞ്ച് വര്‍ഷം പി.എസ്.സി അംഗമായി പ്രവര്‍ത്തിച്ചതിന്റെ സ്വധീനത്തിന് വഴങ്ങി മ്യൂസിയം പൊലീസ് കേസില്‍ അന്വേഷണം നടത്താതെ റഫര്‍ ചാര്‍ജ് തയാറാക്കി കോടതിക്ക് കൈമാറുകയായിരുന്നു. ഇതിനെതിരെ പരാതിക്കാരന് 2013 ജൂലൈയില്‍ വീണ്ടും മറ്റൊരു ഹരജി കൂടി സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം, ഈ കേസുകളിലെ നിയമനടപടികള്‍ അവസാനിപ്പിച്ച് പരിഹരിച്ചതാണെന്ന് പ്രതികളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.