Kudumbashree – Theatre

കോഴിക്കോട്: അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കുള്ള മലയാളി വനിതയുടെ ധൈര്യസമേതമായ കടന്നുവരവിന്റെ വിളംബരമായി മാറി കുടുംബശ്രീ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന നാടകമല്‍സരം. തനിക്കു ചുറ്റും നടക്കുന്ന ലിംഗപരവും പരിസ്ഥിതിപരവുമൊക്കെയായ പ്രശ്‌നങ്ങളെ സ്ത്രീകള്‍ എത്രമാത്രം ഉള്‍ക്കാഴ്ചയോടെയാണ് വീക്ഷിക്കുന്നതെന്നതിന് മല്‍സരത്തിലവതരിപ്പിച്ച ഓരോ നാടകവും തെളിവായിരുന്നു. തങ്ങള്‍ അഭിമുഖീകരിക്കുന്ന സാമൂഹ്യവിഷയങ്ങളോടുള്ള അവരുടെ പ്രതികരണമായിരുന്നു ഓരോ നാടകങ്ങളും.
A-Kudumbashree-theatre-caliജില്ലാ തലത്തില്‍ നടത്തിയ മല്‍സരങ്ങളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട പതിന്നാലു നാടകങ്ങളാണ് സംസ്ഥാനതല മല്‍സരത്തിനെത്തിയത്. വെള്ളി, ശനി ദിവസങ്ങളിലായി മീഞ്ചന്ത ഗവ. വി.എച്ച്.എസ്.എസില്‍ നടന്ന മല്‍സരത്തില്‍ പ്രമേയസ്വീകരണത്തിലും അവതരണത്തിലുമുപരി ജ്വലിച്ചു നിന്നത് അരങ്ങത്തെത്തിയ അഭിനേതാക്കളുടെ ചങ്കുറപ്പായിരുന്നു.
സ്ത്രീകള്‍ നാടകം കളിക്കുന്നത് എന്തോ കുഴപ്പമാണെന്നു കരുതിയിരുന്ന നാട്ടില്‍, നാടകം കളിക്കുന്ന സ്ത്രീകള്‍ ആക്ഷേപിക്കപ്പെട്ടിരുന്നിടത്ത്, ചങ്കൂറ്റത്തോടെ അരങ്ങിലെത്തി തങ്ങളുടെ പ്രശ്‌നങ്ങള്‍ വിളിച്ചു പറയുകയായിരുന്നു ഈ നാടകങ്ങള്‍. കൗമാരക്കാര്‍ മുതല്‍ വാര്‍ദ്ധക്യത്തോടടുത്തു നില്‍ക്കുന്നവര്‍ വരെ നാടകങ്ങളില്‍ വേഷക്കാരായെത്തി. കുടുംബശ്രീ പ്രവര്‍ത്തകരായ വനിതകള്‍ തന്നെയാണ് നാടകങ്ങളുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചതും.
തങ്ങളുടെ വികാരവിചാരങ്ങള്‍ പ്രകടിപ്പിക്കാന്‍ നാടകരചനകളിലൂടെ സ്ത്രീകള്‍ക്ക് അവസരം ലഭിക്കുന്നതിനൊപ്പം സ്വതന്ത്രമായി അത് അരങ്ങിലൂടെ പ്രകടിപ്പിക്കാനുള്ള അവസരവുമാണ് ഈ നാടകാവതരണങ്ങളിലൂടെ സാധിക്കുന്നതെന്ന് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീമതി കെ.ബി.വല്‍സലകുമാരി പറഞ്ഞു. കേരളത്തിലെ 1072 സി.ഡി.എസ്സുകളിലും സ്വന്തമായി നാടകസംഘമെന്ന ലക്ഷ്യം ഈ വര്‍ഷാവസാനത്തോടെ സാധ്യമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
നാടകത്തിന്റെ നിലവാരത്തിലുപരിയായി കമ്യൂണിറ്റി തിയേറ്ററെന്ന സങ്കല്‍പത്തിന് ശക്തിപകരാനും അതിലൂടെ സജീവമായി നില്‍ക്കുന്ന വിഷയങ്ങളെ രംഗത്തവതരിപ്പിക്കാനും സ്ത്രീകള്‍ മുന്നോട്ടു വരുന്നത് അഭിനന്ദനാര്‍ഹമായ കാര്യമാണെന്ന് നാടകമല്‍സരത്തിന്റെ വിധികര്‍ത്താക്കളിലൊരാളായ ശ്രീ. ഷിബു എസ്. കൊട്ടാരം പറഞ്ഞു. സ്ത്രീകളുടെ ഈ നാടകക്കൂട്ടായ്മ ഓരോ വര്‍ഷവും വളര്‍ച്ചയുടെ പടവുകളിലാണെന്നും വൈകാതെ കേരളത്തില്‍ സ്വന്തമായൊരു ഇടമുണ്ടാക്കാന്‍ ഇവര്‍ക്കു കഴിയുമെന്നു കരുതാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാലക്കാട് ജില്ല അവതരിപ്പിച്ച ‘ശ്രീ ശ്രീ കുടുംബശ്രീ’ എന്ന നാടകമാണ് അവതരണത്തില്‍ ഒന്നാമതെത്തിയത്. കോട്ടയം ജില്ലയുടെ ‘ഉള്‍ക്കാഴ്ചകള്‍’, കൊല്ലം ജില്ലയുടെ ‘ശാക്തീകരണത്തിന്റെ സംഗീതം’ എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പത്തനംതിട്ടയുടെ ‘ഇനിയും വൈകരുത്’ മികച്ച രചനയ്ക്കുള്ള പുരസ്‌കാരം നേടി. എറണാകുളം ജില്ലയുടെ ‘എനിക്കു ചിലതു പറയാനുണ്ട്’, പാലക്കാടിന്റെ ‘ശ്രീ ശ്രീ കുടുംബശ്രീ’ എന്നിവ രചനയില്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി.
തിരുവനന്തപുരം ജില്ലയില്‍ നിന്നെത്തിയ സ്മിത നഗരൂര്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് തെങ്കുറിശ്ശിയില്‍ നിന്നുള്ള ലതാ മോഹന്‍ രണ്ടാമത്തെ നടിയായപ്പോള്‍ മലപ്പുറത്തു നിന്നുള്ള ശോഭ വിജയനും കണ്ണൂര്‍ കൂത്തുപറമ്പില്‍ നിന്നുള്ള അശ്വിനിയും മൂന്നാം സ്ഥാനം പങ്കിട്ടു. വിജയികള്‍ക്ക് വാര്‍ഷിക സമ്മേളനത്തില്‍ വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Add a Comment

Your email address will not be published. Required fields are marked *