കസ്തൂരി രംഗന് റിപ്പോര്‍ട്ട്; കരട് വിജ്ഞാപനം ഉടന്‍ പുറത്തിറക്കണം മാര്‍ കഌമിസ്
തിരുവനന്തപുരം 6 മാര്‍ച്ച്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കരട് വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കണമെന്ന് കെ.സി.ബി.സി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ കീമീസ് കാതോലിക്കാബാവ. ഇപ്പോള്‍ പുറപ്പെടുവിച്ചിട്ടുള്ള ഓഫീസ് മെമ്മോറാണ്ടത്തില്‍ മലയോര കര്‍ഷക ജനത ആശങ്കാകുലരാണ്. കരട് വിജ്ഞാപനം രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പില്‍ വിശ്വസിക്കുകയാണ്. മുഖ്യമന്ത്രിയുടേത് പാഴ്വാഗ്ദാനമായിപ്പോകരുത്. ആ വാഗ്ദാനം സമയബന്ധിതമായി പാലിക്കപ്പെട്ടില്ളെങ്കില് അതിന്റെ ഉത്തരവാദിത്തം സര്‍ക്കാറിന് തന്നെയായിരിക്കുമെന്ന് കത്തോലിക്കാ മെത്രാന് സമിതിയുടെ നിലപാട് വ്യക്തമാക്കി അദ്ദേഹം പറഞ്ഞു.
ഈ വിഷയം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ അവസാന നിമിഷം വരെ വലിച്ചിഴച്ചു കൊണ്ടു പോയതില്‍ കര്‍ഷകര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. തങ്ങളും ഈ വികാരത്തില്‍ പങ്കുചേരുന്നു. ഇതിന് കേന്ദ്രസര്‍ക്കാരിന് വലിയപങ്കാണുള്ളത്. ഇത് നേരത്തേ പരിഹരിക്കപ്പെടേണ്ടതായിരുന്നു.
തിരഞ്ഞെടുപ്പ് സംബന്ധിച്ച നിലപാട് സഭ നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ആശങ്കകള്‍ പരിഹരിക്കപ്പെടുന്നതനുസരിച്ചാണ് തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ടു ചെയ്യുന്നത്. അത് അവരുടെ സ്വാതന്ത്യമാണ്. സമരക്കാരെ അധിഷേപിക്കുന്നതുവഴി ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും നേട്ടമുണ്ടാകില്ല. ഇത്തരത്തില്‍ അഭിപ്രായം നടത്തുന്നതിലൂടെ പുതിയ വോട്ടുകിട്ടുമെന്നോ വിജയമുണ്ടാകുമെന്നോ കരുതുന്നത് മൗഢ്യമാണ്. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന സമരങ്ങളെ അധിഷേപിച്ചതു കൊണ്ട് പ്രശ്നത്തിന് പരിഹാരമാകില്ല.
ആരും ഈ തെറ്റായ ധാരണ വച്ചുപുലര്‍ത്തരുത് നേതൃത്വം കൊടുക്കുന്ന ആളുകളെ ഒറ്റപ്പെടുത്തി സംസാരിച്ചാല്‍ പ്രശ്നം തീരുമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളോ രാഷ്ട്രീയപാര്‍ട്ടികളോ കരുതരുത്. അത് ശരിയല്ല. ഈ വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിച്ചു സംസാരിക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും ഇക്കാര്യത്തില്‍ സഭക്ക് അഭിപ്രായമില്ളെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ കൊണ്ട് എടുത്തിട്ടുള്ള കര്‍ഷക അനുകൂല തീരുമാനങ്ങളിലെ ആത്മാര്‍ഥത സഭ സംശയിക്കുന്നില്ല. എന്നാല്‍ വിജ്ഞാപനം സംബന്ധിച്ച നിലപാടുകള്‍ കേന്ദ്രവും സംസ്ഥാനവും വ്യക്തമാക്കണം.
ഓഫീസ് മെമ്മോറാണ്ടം സംബന്ധിച്ച ഉള്ളടക്കത്തെക്കുറിച്ചല്ല മറിച്ച് അതിന്റെ സാധുതയെക്കുറിച്ചാണ് ആശങ്ക. ഓഫീസ് ഓഫ് മെമ്മോറാണ്ടം വിഞ്ജാപനത്തിന് മുന്നോടിയായി പുറപ്പെടുവിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശം മാത്രമാണ്. കരടു വിജ്ഞാപനത്തിലാണ് ഇത് സംബന്ധിച്ച പൂര്‍ണത വരേണ്ടത്. കര്‍ഷക പ്രതിഷേധങ്ങളിലുള്ള ആകുലതയേക്കാള്‍ പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടുകയാണ് ക്രിയാത്മകമായ സര്‍ക്കാര്‍ ചെയ്യേണ്ടത്. കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പിലായില്ളെങ്കില് ഗാഡ്ഗിലാണെന്ന് പറയുന്നതില്‍ അര്‍ഥമില്ല.
പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് കേരളം സമര്‍പ്പിച്ചതു പോലെ മറ്റ് സംസ്ഥാനങ്ങളും രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ഈ വ്യവസ്ഥ ചൂണ്ടിക്കാട്ടിയപ്പോള്‍ രണ്ട് മാസമൊന്നും കാത്തിരിക്കാനാവില്ളെന്നായിരുന്ന അദ്ദേഹത്തിന്റെ മറുപടി. രണ്ട് ദിവസത്തിനകം പരിഹാരമുണ്ടാകുമെന്നാണ് മുഖ്യമന്ത്രി വാക്കുതന്നിട്ടുള്ളത്. വിഷയത്തില്‍ കേരള സര്‍ക്കാര്‍ അനാസ്ഥ കാണിച്ചുവെന്ന് കരുതുന്നില്ല എന്നാല്‍ നടപടിക്രമങ്ങള്‍ ഇത്രയും വൈകിയതെന്താണെന്ന് ഭരണരംഗത്തുള്ളവര്‍ പരിശോധിക്കേണ്ടതാണെന്നും കഌമീസ് കാതോലിക്കാബാവ ആവശ്യപ്പെട്ടു.