ഇടുക്കിയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ലീഗല്‍ അഡൈ്വസര്‍ സിപിഎം സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം 13 മാര്‍ച്ച്: ഇടുക്കിയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിക്കൊപ്പം നിന്ന് സിപിഎം ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടും. സമിതിയുടെ ലീഗല്‍ അഡൈ്വസര്‍ അഡ്വ. ജോയ്സ് ജോര്‍ജ്ജിനെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ഇടുക്കി സീറ്റില്‍ തീരുമാനമായതോടെ പാര്‍ട്ടിയുടെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയായി. സിപിഎമ്മിന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ജോയ്സ് ജോര്‍ജ്ജ് ഇടുക്കിയില്‍ മത്സരിക്കുന്നത്. ഇതോടെ കെഎം മാണിയുടെ പിന്തുണയും ഇടുക്കിയില്‍ സിപിഎമ്മിന് ലഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
ആറ്റിങ്ങലില്‍ എ സമ്പത്ത്, കൊല്ലത്ത് എംഎ ബേബി, പത്തനംതിട്ടയില്‍ ഫിലിപ്പോസ് തോമസ്, ആലപ്പുഴയില്‍ സി ബി ചന്ദ്രബാബു, എറണാകുളത്ത് ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ചാലക്കുടിയില്‍ ഇന്നസെന്റ്, ആലത്തൂരില്‍ പി കെ ബിജു, പാലക്കാട് എംബി രാജേഷ്, മലപ്പുറത്ത് പികെ സൈനബ, വടകരയില്‍ എഎന്‍ ഷന്‍സീര്‍, കോഴിക്കോട് എ വിജയരാഘവന്, കണ്ണൂരില്‍ പികെ ശ്രീമതി, പൊന്നാനിയില്‍ വി അബ്ദുറഹ്മാന്, കാസര്‍കോട് പി കരുണാകരന് എന്നിവരെ മത്സരിപ്പിക്കാന്‍ സിപിഎം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. കോട്ടയത്ത് ജനതാദള്‍ എസിനാണ് സീറ്റ് നല്‍കിയിരിക്കുന്നത്.
ബാക്കിയുള്ള നാല് സീറ്റുകളില്‍ സിപിഐ ആണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. തിരുവനന്തപുരത്ത് സിപിഐ സ്ഥാനാര്‍ത്ഥിയായി ഡോ. ബെന്നറ്റ് എബ്രഹാമും മാവേലിക്കരയില്‍ ചെങ്ങറ സുരേന്ദ്രനും തൃശ്ശൂരില്‍ സി എന്‍ ജയദേവനും വയനാട്ടില്‍ സത്യന് മൊകേരിയുമായിരിക്കും മത്സരിക്കുന്നത്.