ഇറാനിയന്‍ ചിത്രം ‘ഹൗ സമീറാ മേഡ് ദി ബ്ലാക്ക് ബോര്‍ഡ്’
കൊച്ചി , 2 ഫെബ്രുവരി (ഹിസ) : വാരാന്ത്യ ചലചിത്രോത്സവത്തിന്റെ ഭാഗമായി ഫെബ്രിവരി 28 ന് പ്രമുഖ ഇറാനിയന്‍ ചിത്രമായ ‘ഹൗ സമീറാ മേഡ് ദി ബ്ലാക്ക്ബോര്‍ഡ്’ പ്രദര്‍ശിപ്പിക്കും. മെയ്സം മഖ്മല്‍ബഫ് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പ്രമുഖ ഇറാനിയന്‍ സംവിധായകന് മഖ്മല്‍ബഫിന്റെ മകളും സംവിധായികയുമായ സമീറാ മഖ്മല്‍ബഫിന്റെ ‘ബ്ലാക്ക്ബോര്‍ഡ്’ എന്ന സിനിമയുടെ നിര്‍മിതിക്കു പിന്നിലെ കഥകളാണ് ഈ സിനിമയ്ക്കു വിഷയമാവുന്നത്. സമീറയുടെ സഹോദരന് തന്നെയായ മെയ്സം മഖ്മല്‍ബഫ് നടത്തിയ ഈ ശ്രമം, അന്താരാഷ്ട്ര തലത്തില്‍ ഏറെ ജനശ്രദ്ധ നേടിയിരുന്നു.
സിനിമ പഠിക്കാനായി സ്കുള് വിട്ടിറങ്ങുന്ന ഒരു കൊച്ചുപെണ്‍കുട്ടിയുടെ കഥ എത്രത്തോളം നാടകീയമായിരിക്കണം? തന്റെ സഹോദരിയുടെ തീവ്രമായ സിനിമാമോഹങ്ങളെ ഒപ്പിയെടുക്കുന്നതിനൊപ്പം ഇറാന്, ഇറാക്ക്, ടര്‍ക്കി, സിറിയ അതിര്‍ത്തികളിലെ കുന്നിന് പ്രദേശങ്ങളില്‍ ‘ബ്ലാക്ക്ബോര്‍ഡ്’ എന്ന സിനിമ ചിത്രീകരിക്കുന്നതില്‍ വന്ന വൈഷമ്യങ്ങളും മെയ്സം മഖ്മല്‍ബഫ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്. 2000-ത്തിലെ കാന്‍ ഫിലിം ഫെസ്റ്റിവലിലെ സമീറയുടെ സാന്നിധ്യവും ചിത്രത്തില്‍ പ്രധാനമായൊരു കഥാമുഹൂര്‍ത്തം പോലെയാവുന്നു.സിനിമാനിര്മിതിക്കു പിന്നിലെ കഥകള്‍ അറിയുവാനാഗ്രഹിക്കുന്നവര്ക്ക് ഏറെ ഇഷ്ടം തോന്നിക്കുന്നതാണ് ഈ ചിത്രം. ലളിതമായ കഥാസന്ദര്‍ഭങ്ങളില്‍ നിന്നുപോലും അതിഗംഭീരമായ സിനിമ തീര്‍ക്കുന്നതില്‍ ഇറാനിയന്‍ സംവിധായകര്‍ക്കുള്ള കഴിവിനെയും ഈ സിനിമ സാധൂകരിക്കുന്നു. ചലച്ചിത്രപ്രദര്ശനത്തിലേയ്ക്കുള്ള ടിക്കറ്റുകള്‍ തിയേറ്ററില്‍ നിന്നും ലഭിക്കുമെന്ന് ജില്ലാ കളക്ടര്‍ എം.ജി രാജമാണിക്യം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്9846322299എന്ന നമ്പരില്‍ ബന്ധപ്പെടാം