ഭാഷയും ദേശയും മറന്നവര്‍ ആടി: കൊച്ചി നഗരം കൂടെയാടി

കൊച്ചി , 26 ഫെബ്രുവരി (ഹിസ) :  ആഫ്രിക്കയില്‍ നിന്നും കംബോഡിയയില്‍ നിന്നുമെത്തിയ നാടന്‍ കലാകാരന്‍മാര്‍ മലയാള നാടന്‍ പാട്ടുകള്‍ക്കൊപ്പിച്ച് ആടിയും പാടിയും ജനഹൃദയങ്ങളെ കീഴടക്കി. രാജ്യാന്തര നാടന്‍ കലാമേളയുടെ മൂന്നാംദിനം ദര്‍ബാര്‍ഹാള്‍ മൈതാനിയിലെത്തിയ കാണികള്‍ ഒന്നടങ്കം ഇവര്‍ക്കൊപ്പം ആടിയും പാടിയും സായാഹ്നം ചെലവിട്ടു.

വൈകിട്ട് മുതല്‍ കണ്ണൂര്‍ താപം ഗ്രാമവേദി അവതരിപ്പിച്ച നാട്ടറിവു പാട്ടുകളോടെയാണ് കലാമേളയുടെ മൂന്നാംദിനം തുടങ്ങിയത്. ഇതിനിടെയാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് സുളു ഡാന്‍സ് സംഘം വേദിയിലെത്തിയത്. മുന് നിരയില്‍ ഇരുപ്പുറപ്പിച്ച സംഘത്തെ പലപ്പോഴും കൂട്ടനൃത്തത്തിലേക്കു വഴിമാറ്റി വിടാന്‍ ഗായകര്‍ക്ക് ബുദ്ധിമുട്ടുണ്ടായില്ല.

പുല്‍ച്ചാടികളെ ഭാഗ്യ പ്രതീകമായി കാണുന്ന കംബോഡിയയിലെ സംഘമവതരിപ്പിച്ച കങ്‌ടോപ്പ് ഡാന്‍സോടെയായിരുന്നു രാജ്യാന്തര മേളയ്ക്ക് അരങ്ങേറ്റം. ചിരട്ടയണിഞ്ഞ സ്ത്രീകളും പുരുഷന്‍മാരും കംബോഡിയന്‍ ഗായനങ്ങളുമായി ജന ഹൃദയങ്ങളെ തൊട്ടറിഞ്ഞു. കെമര്‍ ഉത്സവത്തിന്റെ ഭാഗമായി സന്തോഷവും സംതൃപ്തിയും നിറഞ്ഞ ദിനാഘോഷങ്ങളിലാണ് ഈ നൃത്തം അവര്‍ അവതരിപ്പിക്കുന്നത്.

വന്യമായ ആഫ്രിക്കന്‍ മെയ്‌വഴക്കത്തിലായിരുന്നു ആഫ്രിക്കയില്‍ നിന്നുള്ള സുളു ഡാന്‍സ്. ആഫ്രിക്കയില്‍ നിന്നുള്ള ബിയോണ്ട് സുളു എന്ന ഗ്രൂപ്പ് അവതരിപ്പിച്ച സുളുനൃത്തരൂപം ചടുലമായ ആഫ്രിക്കന്‍ സംസ്‌ക്കാരത്തിന്റെ താളലയങ്ങളാല്‍  കൊച്ചിക്കാര്‍ക്ക് വേറിട്ട അനുഭവമായി. ആഫ്രിക്കയിലെ  സുളു ഗോത്രത്തിന്റെ പരമ്പരാഗത നൃത്തരൂപമാണ് സുളു നൃത്തം.  തലമുറകളായി കൈമാറി വരുന്ന ആചാരങ്ങളില്‍ ഒന്ന്. സന്തോഷകരമായ കാര്യങ്ങളെ വിളിച്ചറിയിക്കുന്ന സുളു ഡാന്‍സ് പലപ്പോഴും ഗോത്രത്തിലെ വിശേഷാവസരങ്ങളിലാണ് അവതരിപ്പിക്കുന്നത്.  ഏഴുപേരടങ്ങുന്ന സംഘമാണ് നൃത്തം അവതരിപ്പിച്ചത്.

രാജ്യാന്തര നാടന്‍ കലാമേളയുടെ അവസാന ദിനമായ ഇന്ന് കളരിപ്പയറ്റ്, പരിചമുട്ടുകളി, ദഫ് മുട്ട്, പൂരക്കളി, സിക്കിമില്‍ നിന്നുള്ള തമങ്ങ്‌സൊലാ ഡാന്‍സ്, തൃപുരയില്‍ നിന്നുള്ള ഹൊസാഗിരി ഡാന്‍സ്, നാഗാലാന്റില്‍ നിന്നുള്ള കോക് ഡാന്‍സ്,മിസോറാമില്‍ നിന്നുള്ള പെറോ ഡാന്‍സ്, മണിപ്പൂരി ഡാന്‍സായ ലായി ഹറോബ ഡാന്‍സ്, ശ്രീലങ്കയില്‍ നിന്നുള്ള കോലം തുടങ്ങയവ നടക്കും.

കലാ അവതരങ്ങള്‍ക്ക് മുമ്പായി വൈകിട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം സാസംകാരിക മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും. ഫിഷറീസ് മന്ത്രി കെ.ബാബു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഫാ.വി.പി.ജോസഫ് രചിച്ച ചവിട്ട് നാടക വിജ്ഞാനകോശം എന്ന പുസ്തകം സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിക്കും.  കാലടി സര്‍വകലാശാല വി.സി ഡോ.എം.സി.ദിലീപ് കുമാര്‍ പുസ്തകം ഏറ്റുവാങ്ങും. നെടുമുടി വേണു മുഖ്യാതിഥിയായിരിക്കും. ഡോ.എം.ജി.എസ് നാരായണന്‍ മുഖ്യ പ്രഭാഷണം നടത്തും. ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍.വേണിഗോപാല്‍,ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ്,മലയാളം മിഷന്‍ ചെയര്‍മാന്‍ തലേക്കുന്നില്‍ ബഷീര്‍,ഐ.ആന്റ്.പി.ആര്‍.ഡി ഡയറക്ടര്‍ മിനി ആന്റണി,കേരള കലാമണ്ഡലം വി.സി പി.എന്‍.സുരേഷ്,സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി,ലളിതകലാ അക്കാദമി ചെയര്‍മാന്‍ കെ.എ.ഫ്രാന്‍സിസ്,ആര്‍ക്കൈവ്‌സ് ഡയറക്ടര്‍ ജി.റജി കുമാര്‍,കേരള പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി.രാജേന്ദ്രന്‍,ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ.എം.ആര്‍.തമ്പാന്‍,ബാല സാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ.നെടുമു ഹരികുമാര്‍,വിവിധ സാംസ്‌കാരിക കൂട്ടായ്മകളിലെ അധ്യക്ഷര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി എം.പ്രദീപ് കുമാര്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ സുരേഷ് കൂത്തു പറമ്പ് നന്ദയും രേഖപ്പെടുത്തും.

Add a Comment

Your email address will not be published. Required fields are marked *