ഒന്നാമത് രാജ്യാന്തര നാടന്‍ കലാമേള സമാപിച്ചു

കൊച്ചി, 27 ഫെബ്രുവരി (ഹിസ): സമൂഹത്തിന്റെ ആചാരങ്ങളുടേയും നാട്ടിന്‍പുറങ്ങളുടെ വലിയ പൈതൃക സമ്പത്തുമായ നാടന്‍ കലകളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ്. നാടന്‍ കലകളുടെ പരിചരണത്തിനും സംരക്ഷണത്തിനും സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഫോക്‌ലോര്‍ അക്കാദമിക്കുണ്ടാകും. നാടിന്റെ ഇത്തരം പൈതൃകങ്ങളുടെ ഭാവി സംരക്ഷിക്കേണ്ടത് എല്ലാവരുടേയും ബാധ്യതയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നാലു ദിവസങ്ങളിലായി കൊച്ചിയില്‍ നടന്ന രാജ്യാന്തര നാടന്‍ കലാമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഫോക്‌ലോര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ നടത്തുന്ന ആദ്യത്തെ രാജ്യാന്തര നാടന്‍ കലാമേളയില്‍ ഇന്ത്യയുള്‍പ്പെടെ നാല് രാജ്യങ്ങളുടെയും വിവിധ സംസ്ഥാനങ്ങളുടേയും പങ്കാളിത്തമാണ് ഉണ്ടായത്. നാടന്‍ കലാമേള കൊച്ചിയില്‍ നടത്തുമ്പോള്‍ എത്രത്തോളം ജനപങ്കാളിത്തം ഇതിലുണ്ടാകുമെന്ന ആശങ്ക സംഘാടകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ എല്ലാ ആശങ്കകളോടും വിടപറഞ്ഞ് അതിശയിപ്പിക്കുന്ന പൊതുജനപങ്കാളിത്തമാണ് കലാമേളയില്‍ കണ്ടത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി വിപുലമായ രീതിയില്‍ നാടന്‍ കലാമേള സംഘടിപ്പിക്കുന്നതിന് ഇപ്പോള്‍ തന്നെ ആലോചന തുടങ്ങണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അന്യ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള കലാകാരന്‍മാരുടെ പങ്കാളിത്തത്തിലൂടെ ദേശീയ ഐക്യം സാധ്യമാക്കാന്‍ ഇത്തരം കലാമേളകളിലൂടെ സാധ്യമാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫിഷറീസ് മന്ത്രി കെ.ബാബു പറഞ്ഞു.  വിവിധ രാജ്യങ്ങളിലെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേയും കലാരൂപങ്ങളും ആചാരങ്ങളും ഒറ്റക്കുടക്കീഴില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതിലൂടെ പൈതൃകങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സാംസ്‌കാരിക പരിപാടിയാകാന്‍ രാജ്യാന്തര നാടന്‍ കലാമേളയ്ക്ക് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ഫാ.വി.പി.ജോസഫ് രചിച്ച ചവിട്ട് നാടക വിജ്ഞാനകോശം എന്ന പുസ്തകം മന്ത്രി കെ.സി.ജോസഫ് പ്രശസ്ത നിരൂപകന്‍ തോമസ് മാത്യവിന് നല്കി നിര്‍വഹിച്ചു.

ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഡോ.എം.ജി.എസ്.നാരായണന്‍ മുഖ്യ പ്രഭാഷണം നടത്തി. ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ്, തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.എന്‍.എം.സജിത്, ആര്‍ക്കൈവ്‌സ് ഡയറക്ടര്‍ ജി.റജികുമാര്‍, ഒ.വി.വിജയന്‍ സ്മാരക ഡയറക്ടര്‍ യു.കെ.കുമാരന്‍,ഭാരത് ഭവന്‍ സെക്രട്ടറി സതീഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി എം.പ്രദീപ് കുമാര്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ സുരേഷ് കൂത്തുപറമ്പ് നന്ദിയും പറഞ്ഞു.

സാമാപന സമ്മേളനത്തിനു ശേഷം സുളു ഗാനത്തിന്റെ ഈണത്തോടെ കേരളക്കരയിലുള്ളവര്‍ക്ക് നമസ്‌കാരം പറഞ്ഞ് ആഫ്രിക്കയില്‍ നിന്നുള്ള സുളു ഡാന്‍സോടെയായിരുന്നു കലാ പരിപാടികള്‍ക്ക് തുടക്കമായത്. സിക്കിമില്‍ നിന്നുള്ള തമങ്ങ്‌സൊലാ ഡാന്‍സ്, തൃപുരയില്‍ നിന്നുള്ള ഹൊസാഗിരി ഡാന്‍സ്, നാഗാലാന്റില്‍ നിന്നുള്ള കോക് ഡാന്‍സ്,മിസോറാമില്‍ നിന്നുള്ള പെറോ ഡാന്‍സ്, മണിപ്പൂരി ഡാന്‍സായ ലായി ഹറോബ ഡാന്‍സ്, ശ്രീലങ്കയില്‍ നിന്നുള്ള കോലം തുടങ്ങിയവയും അരങ്ങേറി.

താളത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന നേപ്പാളില്‍ നിന്നുള്ള നൃത്ത രൂപമായ തമാംഗ് സെലോയും ദൈവത്തെ പ്രകീര്‍ത്തിച്ച് നടത്തുന്ന മണിപ്പൂരിന്റെ നൃത്ത രൂപമായ ലായ്ഹറോബ നൃത്തവും അവസാന ദിനത്തില്‍ വേറിട്ടു നിന്നു. ദാംഫൂ എന്ന വാദ്യോപകരണത്തിന്റെ താളത്തില്‍ ചടുലമായ ചുവടുകളിലൂടെയാണ് തമാംഗ് സെലോ നൃത്തം അവതരിപ്പിക്കുന്നത്. ദാംഫൂ കയ്യിലേന്തിയ നര്‍ത്തകര്‍ ഹാസ്യത്തിന്റെ മേമ്പൊടിയില്‍ നൃത്തത്തില്‍ ചാലിച്ച് ആഹ്ലാദഭരിതരായാണ് രംഗാവതരണം നടത്തുന്നത്. വിവാഹം, ജനനം, ഗ്രാമോത്സവങ്ങള്‍ തുടങ്ങീ ആഘോഷ വേളകളിലാണ് തമാംഗ് സെലോ നൃത്തം അവതരിപ്പിക്കാറുള്ളത്. എല്ലാ വര്‍ഷങ്ങളിലും ഭൂമിയിലെ ജനങ്ങളുടെ സുഖ ദുഖങ്ങളെ അറിയുന്നതിന് എത്തിച്ചേരുന്ന ഈശ്വരന്റെ സന്ദര്‍ശനമാണ് ലായ്ഹറോബ നൃത്തത്തിലൂടെ പ്രകടിപ്പിക്കുന്നത്. മണിപ്പൂരികളുടെ ആരാധന മൂര്‍ത്തികളായ ഖമ്പയുടേയും തോയ്ബി യുടേയും പ്രതിഷ്ഠ സ്ഥാനമായ ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള ക്ഷേത്രാചാരങ്ങളാണ് ലായ്ഹറോബയ്ക്ക് ആധാരം. കേരളത്തില്‍ നിന്നുള്ള കളരിപ്പയറ്റ്,പരിചമുട്ടുകളി,ദഫ് മുട്ട്,പൂരക്കളി എന്നിവയും അവസാന ദിനത്തില്‍ മാറ്റ് കൂട്ടി. കേരളത്തിന്റെ തനത് കലാരൂപമായ തെയ്യത്തോടെയാണ് നാലു ദിവസമായി നടന്നു വരുന്ന രാജ്യാന്തര നാടന്‍ കലാമേളയക്ക് തിരശ്ശീല വീണത്.

Add a Comment

Your email address will not be published. Required fields are marked *