ഉച്ചഭാഷിണി: വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ജില്ലാ കളക്ടര്‍

തിരുവനന്തപുരം 12 മാര്‍ച്ച്: ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുളള പോലീസ് ലൈസന്‍സ് നേടിയശേഷം വ്യവസ്ഥകള്‍ ലംഘിച്ച് ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍, മാരകരോഗം ബാധിച്ചവര്‍, വൃദ്ധര്‍ തുടങ്ങിയവര്‍ക്ക് അസൗകര്യമുണ്ടാകുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് നിര്‍ദേശം.

വ്യവസ്ഥകള്‍ ലംഘിക്കപ്പെടുകയാണെങ്കില്‍ ലൈസന്‍സ് വാങ്ങിയിരിക്കുന്ന ആളും ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്ന ആളും പരിപാടിയുടെ സംഘാടകരും ഉച്ചഭാഷിണി വാഹനത്തിലാണ് പിടിപ്പിച്ചിരിക്കുന്നതെങ്കില്‍ അതിന്റെ െ്രെഡവറും ശിക്ഷാര്‍ഹരാണ്. നോയിസ് പൊല്യൂഷന്‍ (റഗുലേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍) റൂള്‍സ,് കേരള പോലീസ് ആക്ട്, ഇന്‍ഡ്യന്‍ ശിക്ഷാനിയമം 268, 290, 291 എന്നീ വകുപ്പുകള്‍ പ്രകാരമാണ് നടപടിയെടുക്കുക. വ്യവസ്ഥകള്‍ ലംഘിക്കുന്ന മൈക്ക് ഓപറേറ്റര്‍മാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ക്ക് തുടര്‍ന്ന് ജില്ലയില്‍ മറ്റൊരിടത്തും ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാന്‍ ലൈസന്‍സ് അനുവദിക്കുകയില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. അടച്ചുകെട്ടിയ ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് മുറികള്‍, കമ്മ്യൂണിറ്റിഹാള്‍, സദ്യാലയങ്ങള്‍ എന്നിവയൊഴികെ മറ്റൊരിടത്തും രാത്രി പത്തിന് ശേഷവും രാവിലെ ആറിന് മുന്‍പും ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കരുത്.
ആശുപത്രികള്‍, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, കോടതികള്‍, പബ്ലിക്ഓഫീസുകള്‍, വന്യജീവിസങ്കേതം എന്നിവയുടെ നൂറ് മീറ്റര്‍ചുറ്റളവില്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിലും കവലകളിലും ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കരുത്. ഒരു വാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ ബോക്‌സുകള്‍ പാടില്ല. പൊതുനിരത്തുകളില്‍ ഗതാഗതത്തിന് അസൗകര്യം ഉണ്ടാക്കുന്ന രീതിയിലും പൊതുജനത്തിന് അരോചകമാകുന്നവിധവും ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കരുത്. ബോക്‌സ് ആകൃതിയിലുളള ഉച്ചഭാഷിണി മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂ. ഒരു ബോക്‌സില്‍ രണ്ടില്‍ കൂടുതല്‍ സ്പീക്കറുകള്‍ ഘടിപ്പിക്കരുത്. പൊതുപരിപാടികള്‍ക്ക് അനുവദിച്ചിരിക്കുന്ന ഉച്ചഭാഷിണികള്‍ ആ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ മാത്രം കേള്‍ക്കത്തക്കവിധം ക്രമീകരിക്കേണ്ടതാണ്.
ഉച്ചഭാഷിണികള്‍ ആംപ്ലിഫയറില്‍ നിന്നും മുന്നൂറ് മീറ്ററിനപ്പുറം ഘടിപ്പിക്കുവാന്‍ പാടില്ല. ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുമ്പോഴുണ്ടാകുന്ന ശബ്ദത്തിന്റെ തോത് താഴെകൊടുത്തിരിക്കുന്ന പട്ടികപ്രകാരമായിരിക്കണം. വ്യവസായികമേഖലപകല്‍ 75 ഡെസിബല്‍, രാത്രി 70 ഡെസിബല്‍; വാണിജ്യമേഖലപകല്‍ 65 ഡെസിബല്‍, രാത്രി 55 ഡെസിബല്‍; ആവാസമേഖല പകല്‍ 55 ഡെസിബല്‍, രാത്രി 45 ഡെസിബല്‍. ഉച്ചഭാഷിണിയുടെ ഉപയോഗം ക്രമസമാധാനപ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുമെന്ന് സബ് ഇന്‍സ്‌പെക്ടറുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് ബോധ്യമായാല്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടും. ഈ നിര്‍ദ്ദേശം അംഗീകരിച്ചില്ലെങ്കില്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതിന് നല്‍കിയ ലൈസന്‍സ് റദ്ദാക്കുകയും ഉച്ചഭാഷിണി, വാഹനം എന്നിവ കണ്ടുകെട്ടി നിയമനടപടി സ്വീകരിക്കുകയും ചെയ്യും.

Add a Comment

Your email address will not be published. Required fields are marked *