വികസന പ്രതീക്ഷയോടെ വൈറ്റില മൊബിലിറ്റി ഹബ്ബ്.എസ് എം സുജില

കൊച്ചി 11 മാര്‍ച്ച് (ഹി സ):  വൈറ്റില മോബിലിറ്റി ഹബ്ബിന്റെ യഥാര്‍ത്ഥ മുഖമറിയാന്‍ പകലൊന്നു കറുത്താല്‍  മതി. കൊച്ചിയുടെ  ഏറ്റവും വലിയ വികസന പദ്ധതിയായി അവതരിപ്പിച്ച മൊബിലിറ്റി ഹബ്ബ്  പരാധീനതകളുടെ നടുവിലാണ്. ചുറ്റും വളര്‍ന്നു നില്‍ക്കുന്ന കാടുകളും, വെളിച്ചക്കുറവും, പാമ്പ്‌ ശല്യവും  കാരണം രാത്രിയിലെ ബസ്സ്‌  കാത്തു നില്ല്പ്പു ഏറെ ബുദ്ധിമുട്ടിക്കുന്നതായി യാത്രക്കാര്‍ പരാതിപ്പെട്ടു..

 

ലോക സഭ തെരഞ്ഞെടുപ്പു വിജ്ഞാപനം വരുന്നതിനു മുന്‍പേ പ്രഖ്യാപിച്ചതാന് മൊബിലിറ്റി ഹബ്ബിന്റെ രണ്ടാം ഘട്ട വികസനം. പക്ഷെ പദ്ധതി പ്രഖ്യാപിച്ചു നാളുകളായിട്ടും ഇത് വരെയും തുടങ്ങിയിട്ടില്ല. നാട്ടുകാരുടെയും നിരവധി സംഘടനകളുടെയും ശ്രമ ഫലമായി നേടിയെടുത്തതാണ് മോബിലിറ്റി  ഹബ്ബ്. കൃഷി ഭവന്റെ കീഴിലുള്ള ഭൂമിയിലാണ് മോബിലി ഹബ്ബ് സ്ഥാപിച്ചത്. 2006 ല്‍ വി എസ് അച്ചുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് മൊബിലിറ്റി ഹബ്ബ് ജനങ്ങള്‍ക്ക്‌ സമര്‍പ്പിച്ചത്. ആ ചടങ്ങില്‍ പങ്കെടുത്ത  മന്ത്രിമാരും ജനപ്രതിനിധികളും മൊബിലിറ്റി ഹബ്ബിന്റെ തുടര്‍ വികസന  പരിപാടികള്‍ പ്രഖ്യാപിച്ചതാണ്. പക്ഷെ പ്രഘ്യാപനങ്ങള്‍ വാക്കുകളില്‍ ഒതുങ്ങി. ഹബ്ബിന്റെ വികസന പദ്ധതികള്‍ക്ക് വായ്പ നല്‍കാന്‍ പല ബാങ്കുകളും തയ്യാറാണ്, പക്ഷെ സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും ഒരു നീക്കവും ഉണ്ടാകാത്തതിനാല്‍ വികസനവും കടലാസ്സില്‍ ഒതുങ്ങുന്നു.

ഹബ്ബില്‍  നിന്നും ബോട്ട് സര്‍വ്വീസ് തുടങ്ങിയതാണ്‌ ഏറ്റവുമൊടുവില്‍ അവിടെ നടന്ന വികസന പ്രവര്‍ത്തനം. കാക്കനാട് ഇന്‍ഫോ പാര്‍ക്കിലെ ജീവനക്കാര്‍ക്ക് ഏറ്റവും സഹായകരകമായി തുടരും എന്ന് കരുതിയ  ബോട്ട് സര്‍വ്വീസിന്  ആളില്ല ബോട്ട് സര്‍വ്വീസ്സായി തുടരാനാണ് വിധി. വൈറ്റിലയില്‍ നിന്നും ചിറ്റെത്തുകര വരെയാണ് നിലവിലുള്ള ബോട്ട് സര്‍വ്വീസ്. എന്നാല്‍ കാക്കനാട് വരെ നീട്ടിയാലെ ഇത് കൊണ്ട് പലര്‍ക്കും പ്രയോജനമുള്ളു. ട്രാഫികില്‍ നിന്നും രക്ഷപെടാന്‍ ബോട്ട് സര്‍വ്വീസിനെ ആശ്രയിക്കാം എന്ന് ആശ്വസിച്ചവര്‍ നിരാശയിലാണ്. ഇപ്പോള്‍ സ്വന്തം വണ്ടിയിലും ബസ്സിലുമൊക്കെ കയറിയാണ് പോകുന്നത്. മെട്രോയുടെ പണി തുടങ്ങിയതിനു ശേഷം റോഡില്‍ നേരത്തെതിലും  തിരക്കായെന്നും ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാര്‍ പറഞ്ഞു. കാക്കനാട് പണിയുന്ന ബോട്ട് ജെട്ടിയുടെ പണി എന്ന് പൂര്‍ത്തിയാകും എന്ന ആശങ്കയും അവര്‍ പങ്കു വച്ചു . വൈറ്റില ഫ്ലൈ ഓവര്‍, മെട്രോ റെയിലിന്റെ ഭാഗമായി വരുന്ന സ്റ്റേഷന്‍  എന്നിവയെല്ലാം വൈറ്റിലയുടെ മുഖച്ഛായ മാറ്റുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. മാത്രമല്ല പ്രഖ്യാപിച്ച വികസന പരിപാടികളുടെ പൂര്ത്തീകരണവും അവര്‍ ആഗ്രഹിക്കുന്നു. തെരെഞ്ഞെടുക്കപെടുന്നവര്‍ ആരായാലും മൊബിലിറ്റി ഹബ്ബിനെ പരിഗണിക്കുമെന്ന പ്രതീക്ഷയാണ് ഈ തെരെഞ്ഞെടുപ്പില്‍ അവര്‍ക്കുള്ളത്

Add a Comment

Your email address will not be published. Required fields are marked *