ഊര്‍ജ്ജ സംരക്ഷണ പരിപാടി : നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം 6 മാര്‍ച്ച്: വേനല്‍ക്കാലത്ത് വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ലാഭപ്രഭ2 എന്ന പ്രചരണ പരിപാടിക്കായി സ്‌കൂള്‍ തലത്തില്‍ നടപ്പിലാക്കേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലാഭപ്രഭ പദ്ധതിയെ പരിചയപ്പെടുത്താന്‍ ഒരു അദ്ധ്യാപക കോഓര്‍ഡിനേറ്ററുടെ സന്നദ്ധസേവനം ഉറപ്പാക്കണം. സ്‌കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളേയും പദ്ധതിയില്‍ ചേര്‍ക്കുകയും കോഓര്‍ഡിനേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുക.

എല്ലാ വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളെ എസ്.എം.എസ്. അയപ്പിച്ച് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യിക്കണം. അവധിക്കാലത്ത് സ്വന്തം വീട്ടിലെ വൈദ്യുതി ഉപഭോഗം പരമാവധി കുറക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുകയും ഇപ്പോള്‍ ഏറ്റവും ഒടുവില്‍ ലഭിച്ച വൈദ്യുതി ബില്ലിന്റെ കോപ്പി കോഓര്‍ഡിനേറ്റര്‍ ശേഖരിക്കുകയും വേണം. രജിസ്റ്റര്‍ ചെയ്തവരുടെ ബില്‍, മൊബൈല്‍ വിവരങ്ങള്‍ എന്നിവ ക്രോഡീകരിക്കാനും ഊര്‍ജ്ജസംരക്ഷണം സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന സന്ദേശങ്ങള്‍ സശ്രദ്ധം വീക്ഷിക്കാനും നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുകയും വേണം.
സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും മഹത്തായ ഈ പദ്ധതിയില്‍ പങ്കെടുപ്പിച്ച് അവരില്‍ ഊര്‍ജ്ജസംരക്ഷണശീലം ഒരു ദിനചര്യയാക്കി വളര്‍ത്തിയെടുക്കുന്നതിന് ഊര്‍ജ്ജസംരക്ഷണ പരിപാടിയായ ലാഭപ്രഭയുമായി സഹകരിക്കാന്‍ സ്‌കൂള്‍ അധികാരികള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Add a Comment

Your email address will not be published. Required fields are marked *