തെരഞ്ഞെടുപ്പ്; തലസ്ഥാനം ചൂടുപിടിച്ചു തുടങ്ങി: ഇനി കൗണ്ടൗണ്‍,

തിരുവനന്തപുരം8 മാര്‍ച്ച്; തലസ്ഥാനത്ത് ഇപ്പോള്‍ ചൂടു കൂടുതലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ അന്തരീക്ഷം പൊള്ളിത്തുടങ്ങിയിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളില്‍ നിന്നും പുകയുയര്‍ന്നു തുടങ്ങി. പ്രധാനമായും കെപിസിസിയിലും എകെജി സെന്ററില്‍ നിന്നുമാണ്. കേരളത്തിന്റെ രാഷ്ട്രീയ ഗതിവിഗതികളില്‍ അവസാന വാക്കുകള്‍ പിറക്കുന്നത് ഈ രണ്ടു സ്ഥലങ്ങളില്‍ നിന്നുമായതു കൊണ്ടാണിത്. സീറ്റു വിഭജനം, ഘടകക്ഷികളെ സമാധാനിപ്പിക്കല്‍, ചാക്കിട്ടു പിടിക്കല്‍, വോട്ടെണ്ണല്‍, നേതാക്കളെ അനുനയിപ്പിക്കല്‍, സ്ഥാനാര്‍ഥികളെ നിശ്ചയിക്കല്‍, വെച്ചുമാറല്‍ പിടിച്ചടക്കല്‍ തുടങ്ങിയുള്ള എല്ലാ കലാപരിപാടികള്‍ക്കും തിരശ്ശീല ഉയര്‍ത്തിക്കഴിഞ്ഞു.
പാര്‍ട്ടി ഓഫീസുകളില്‍ രാവിലെ മുതല്‍ പാതിരാത്രി വരെ പ്രവര്‍ത്തകരും നേതാക്കളും വന്നുപോയുമിരിക്കുന്നു. മാധ്യമപ്പടകള്‍ ലൈവിനായും ഇന്റര്‍വ്യൂവിനായും പാര്‍ട്ടി ആസ്ഥാനങ്ങളുടെ പടിവാതില്‍ക്കല്‍ തന്നെയുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത മാസത്തിലാണെങ്കിലും ഇനിയുള്ള നാളുകള്‍ വാര്‍ത്തകള്‍ കൊണ്ട് നിറയുന്നതാണ്. മണ്ഡലങ്ങളുടെ മനസ്സറിഞ്ഞു വേണം സ്ഥാനാര്‍ഥി നിര്‍ണയം നടത്തേണ്ടത്. എല്‍ഡിഎഫിലെ വലിയകക്ഷിയായ സിപിഎമ്മും. രണ്ടാം കക്ഷിയായ സിപിഐയും പിന്നെയുള്ള ചെറിയ കക്ഷികളും ചേര്‍ന്ന് സീറ്റു ചര്‍ച്ച നടത്തി വിഭജിച്ച് സ്ഥാനാര്‍ഥികളെ തെരഞ്ഞെടുപ്പ് മത്സരരംഗത്ത് ഇറങ്ങേണ്ടുന്നതിനു പകരം ഇത്തവണത്തെ രീതികള്‍ പാടെ മാറിയിരിക്കുന്നു. ഘടകകക്ഷികളില്‍ ചെറു പാര്‍ട്ടികളെ ചര്‍ച്ചകളില്‍ നിന്നും സിപിഎം ഒഴിവാക്കിക്കളഞ്ഞു. ഇത് അവര്‍ക്ക് അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. ആര്‍എസ്പിയുമായി കൊല്ലം സീറ്റിന്റെ കാര്യത്തില്‍ തര്‍ക്കം രൂക്ഷമായിക്കഴിഞ്ഞിരിക്കുന്നു. സിപിഐയുമായി തത്ക്കാലം പിണക്കമില്ലാതെ നാലു സീറ്റു നല്‍കിക്കൊണ്ട് രമ്യതയില്‍ എത്തി. പത്തനംതിട്ടയില്‍ കോണ്‍ഗ്രസില്‍ നി്‌നും സീറ്റിനു വേണ്ടി പടിയിറങ്ങി വന്ന കോണ്‍ഗ്രസുകാരനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. സ്ഥാനാര്‍ഥി പട്ടികയില്‍ സിനിമാ നടന്‍മാര്‍ തുറുപ്പുചീട്ടായി മാറി.
എറണാകുളത്ത് മമ്മൂട്ടിയെ നിര്‍ത്താന്‍ തീരുമാനിച്ചെന്നു വാര്‍ത്ത പരന്നിരുന്നെങ്കിലും അദ്ദേഹം അത് സന്തോഷപൂര്‍വ്വം നിരസിക്കുകയും പകരം ഇന്നസെന്റിനെ നല്‍കുകയും ചെയ്യ്തു. തൃശൂരില്‍ ഇന്നസെന്റ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിക്കഴിഞ്ഞു. ഇത് എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്ന വിശ്വാസമാണുള്ളത്. ആര്‍എസ്പിയില്‍ എപ്പോഴും മത്സരിക്കാന്‍ സജ്ജമായി നില്‍ക്കുന്ന എന്‍കെ പ്രേമചന്ദ്രനെ വെട്ടിക്കൊണ്ടാണ് എംഎ ബേബിയെ സിപിഎം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയം ഏകപക്ഷീയമായിപ്പോയി എന്ന് ആര്‍എസ്പി പറഞ്ഞു കഴിഞ്ഞു. ഇതിനര്‍ഥം ആര്‍എസ്പിയും കൊല്ലത്ത് മത്സരിക്കുമെന്നു തന്നെയാണ്. എല്‍ഡിഎഫിന്റെ ഘടകക്ഷിയായി നിന്നുകൊണ്ട് ആര്‍എസ്പി കൊല്ലത്ത് സൗഹൃദമത്സരത്തിനു തയ്യാറെടുക്കുകയാണ്.
യുഡിഎഫിലും ഇതേ സ്ഥിതിയാണുള്ളത്. ഇടുക്കി സീറ്റിന്റെ കാര്യത്തിലും കസ്തൂരിരംഗന്‍ വിഷയത്തിലും കേരളകോണ്‍ഗ്രസ് മാണിയെ പിടിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസ് പെടാപ്പാടു പെടുകയാണ്. ഒപ്പം ചെറു ഘടകക്ഷികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിലും തലവേദയാണ് കോണ്‍ഗ്രസിനുള്ളത്. വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിക്കു പാലക്കാടുനല്‍കുന്നതിനെ കുറിച്ച് കോണ്‍ഗ്രസ് ആലോചിക്കുമ്പോള്‍ അവര്‍ ആവശ്യപ്പെടുന്നത് വയനാടാണ്. അത് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറുമല്ല. ഗൗരിയമ്മ നേരത്തെ തന്നെ യുഡിഎഫ് വിട്ടു കഴിഞ്ഞു. എല്‍ഡിഎഫിലേക്കു ചേക്കേറിന്‍ അവര്‍ ചര്‍ച്ച തുടങ്ങി. വിലപേശലുമായി മുസഌം ലീഗും, എംവി രാഘവനും കൂടി രംഗത്തു വന്നാല്‍ കോണ്‍ഗ്രസ്സില്‍ പലതും സംഭവിക്കും. തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഇന്നസെന്റിനെ ഇറക്കിയതിനു ബദലായി മറ്റൊരു സിനിമാ നടനെ തെരഞ്ഞു നടക്കുമ്പോള്‍ കൊല്ലത്ത് ജഗതീഷ് കോണ്‍ഗ്രസിനു വേണ്ടി മത്സരിക്കാന്‍ തയ്യാറാണെന്നു അറിയിച്ചു കഴിഞ്ഞു. രണ്ടു പാര്‍ട്ടിക്കും സിനിമാ നടന്‍മാരുണ്ട്. എന്നാല്‍ ബിജെപിയില്‍ സ്ഥിതി ഇതല്ല. എല്ലാ സ്ഥാനാര്‍ഥികളും ബിജെപി രാഷ്ട്രീയം പറയുന്നവര്‍ തന്നെ. സുരേഷ്‌ഗോപി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും മാസങ്ങള്‍ക്കു മുമ്പുതന്നെ മൂന്നു പാര്‍ട്ടി നേതാക്കളെയും കണ്ട് ആഗ്രഹം അറിയിച്ചെന്നാണ് അറിയുന്നത്. എന്നാല്‍ ആരും അദ്ദേഹത്തിനു സീറ്റു നല്‍കുന്നതിന് അനുകൂല വാക്ക് നല്‍കിയില്ല. സുരേഷ്‌ഗോപിക്ക് കേരളത്തില്‍ നിന്നുള്ള എംപിയായി ലോക്‌സഭയിലേക്കു പോകണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഇടതും വലതും സിനിമാനടന്‍മാരെ രംഗത്തിറക്കി പൊരുതാനുറച്ച സ്ഥിതിക്ക് ബിജെപിക്കു സുരേഷ്‌ഗോപിയെ പരീക്ഷിക്കാമായിരുന്നുവെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

Add a Comment

Your email address will not be published. Required fields are marked *