സിപിഎം കോട്ടയം സീറ്റ് ജനതാദളിനു നല്‍കിയേക്കും

തിരുവനന്തപുരം 11 മാര്‍ച്ച് (ഹി സ): : സിപിഎം കോട്ടയം ലോക്‌സഭാ സീറ്റ് ജനതാദളിനു നല്കുമെന്നു സൂചന. ജനതാദള്‍ എസിന് ഒരു സീറ്റ് നല്കാനാണ് സിപിഎം സീറ്റ് നിര്‍ണയം സംബന്ധിച്ച് നടത്തിയ യോഗത്തില്‍ തീരുമാനമായത്. ജനതാദള്‍ എസിന്റെ ആവശ്യവും ഇടുക്കി സീറ്റും ആര്‍എസ്പി വിഷയവും സിപിഎം യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇടുക്കി ജില്ലയില്‍ ആരു മത്സരിക്കണമെന്നതു സംബന്ധിച്ച് ജില്ലാ കമ്മിറ്റികളുടെ നിര്‍ദേശങ്ങള്‍ തേടാനും തീരുമാനമായി. ഇടതുമുന്നണി വിട്ട് യുഡിഎഫില്‍ ചേക്കേറിയ ആര്‍എസ്പിയുടെ നടപടി രാഷ്ട്രീയ വഞ്ചനയാണെന്ന് യോഗം വിലയിരുത്തി. കൊല്ലം സീറ്റ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ആര്‍എസ്പി മുന്നണി വിട്ട സാഹചര്യത്തില്‍ ജനതാദളിന്റെ സീറ്റ് ആവശ്യം തള്ളിക്കളയുന്നത് ബുദ്ധിപരമായിരിക്കില്ല എന്ന നിഗമനമാണ് സിപിഎം നേതൃത്വത്തിനുള്ളത്. ഈ സാഹചര്യത്തിലാണ് മാത്യു ടി. തോമസിന്റെ നേതൃത്വത്തിലുള്ള ജനതാദളിന് സീറ്റ് നല്‍കാന്‍ തീരുമാനിച്ചത്. കോട്ടയം കൂടാതെ വടകര സീറ്റും ജനതാദളിനായി പരിഗണിക്കുന്നുണ്ട്. ഈ രണ്ടു സീറ്റുകളിലൊന്നില്‍ താല്‍പര്യമനുസരിച്ച് മത്സരിക്കാന്‍ ജനതാദളിനോട് സിപിഎം നിര്‍ദേശിക്കുകയായിരുന്നു. പാര്‍ട്ടി യോഗം കൂടി ഏത് സീറ്റിലാണ് മത്സരിക്കുന്നതെന്ന് അറിയിക്കാമെന്നാണ് ജനതാദള്‍ അറിയിച്ചിരിക്കുന്നത്

Add a Comment

Your email address will not be published. Required fields are marked *