കോണ്‍ഗ്രസ് വഴിയമ്പലമാകുന്നതില്‍ പ്രയാസമെന്ന് മുരളീധരന്‍

തിരുവനന്തപുരം 9 മാര്‍ച്ച് (ഹിസ): കോണ്‍ഗ്രസ് വഴിയമ്പലമാകുന്നതില്‍ വിഷമമുണ്ടെന്ന് കെ.മുരളീധരന്‍ എംഎല്‍എ പത്രസമ്മേളത്തില്‍ പറഞ്ഞു. സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ മുന്നണി വിട്ടുവരുന്നവര്‍ക്ക് ഒരു വഴിയമ്പലമായി കോണ്‍ഗ്രസ് മാറുന്നതില്‍ പ്രയാസമുണ്ട്. കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഗ്രൂപ്പില്ലെന്നും അതിനാല്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സീറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. തമ്പ്രാക്കന്മാര്‍ കല്‍പ്പിക്കുന്നു, ഞങ്ങള്‍ അടിയാന്മാരായതിനാല്‍ അനുസരിക്കുന്നു എന്നതാണ് അവസ്ഥ. എന്നാല്‍ തന്റെ മണ്ഡലത്തില്‍ യുഡിഎഫ് നിര്‍ത്തുന്ന സ്ഥാനാര്‍ഥിക്കു വേണ്ടി പ്രവര്‍ത്തനം നടത്തും. തന്റെ നിയോജകമണ്ഡലത്തില്‍ മാത്രമേ പ്രചാരണത്തിന് ഇറങ്ങൂ. അവിടെ യുഡിഎഫിന് നല്ല ഭൂരിപക്ഷത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന ആദ്യ തെരഞ്ഞെടുപ്പു സമിതി യോഗം താന്‍ ബഹിഷ്‌കരിച്ചുവെന്ന് പറയുന്നത് ശരിയല്ല. എല്‍ഡിഎഫിലെ രണ്ട് ഘടകകക്ഷികള്‍ കൂടി മുന്നണിവിടുമെന്നാണ് വിവരം. അവര്‍ക്കു കൂടിയുള്ള സീറ്റുകള്‍ നിശ്ചയിച്ച ശേഷം ബാക്കിയുള്ളവര്‍ക്കുള്ള സീറ്റുകളെക്കുറിച്ചു ചര്‍ച്ച നടത്തിയാല്‍ മതി. അതിനാലാണ് മാറി നിന്നത്. തനിക്ക് പ്രത്യേകിച്ച് പറയാന്‍ സ്ഥാനാര്‍ഥികളില്ല. കെ.കരുണാകരന് നല്‍കിയ സീറ്റ് കോണ്‍ഗ്രസ് ഏകപക്ഷീയമായി തിരിച്ചെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിലേക്ക് എത്തുന്ന എന്‍.കെ. പ്രേമചന്ദ്രന്‍ ഏത് ചിഹ്നത്തില്‍ മത്സരിക്കുമെന്നത് പ്രധാന ചോദ്യമാണ്. ആര്‍എസ്പി എന്ന പാര്‍ട്ടി കേരളത്തിലെ അംഗീകൃത പാര്‍ട്ടിയല്ല. അവര്‍ ഉപയോഗിക്കുന്നത് ബംഗാളിലെ ചിഹ്നമാണ്. ജയിച്ചാല്‍ അദ്ദേഹം ആര്‍എസ്പിയുടെ നിലപാടിന് വിധേയനായി പ്രവര്‍ത്തിക്കേണ്ട ആളാണ്. ആര്‍എസ്പി ഔധ്യോഗികമായി ഇടത് മുന്നണിയുടെ ഭാഗമാണ.് അപ്പോള്‍ ഡല്‍ഹിയില്‍ എത്തുന്ന ഒരു എംപി അയാള്‍ മത്സരിച്ച ചിഹ്നത്തിന്റെ പാര്‍ട്ടി പറയുന്നത് കേള്‍ക്കാന്‍ ബാധ്യസ്ഥനാണ്. അതല്ലാതെ സ്വതന്ത്രമായ നിലപാട് സ്വീകരിച്ചാല്‍ അയോഗ്യനാക്കപ്പെടുമെന്നും കെ.മുരളീധരന്‍ പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *