ചാക്കോയെ തള്ളി സുധീരന്‍

ആലപ്പുഴ 15 മാര്‍ച്ച് (ഹി സ):  തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ കോൺഗ്രസിന് അനുകൂല സാഹചര്യമല്ല ഉള്ളതെന്ന എ.ഐ.സി.സി വക്താവ് പി.സി.ചാക്കോയുടെ പ്രസ്താവനയെ കെ.പി​.സി.സി പ്രസിഡന്റ് വി.എം.സുധീരൻ തള്ളി. ചാക്കോയുടെ പ്രസ്താവനയോട് യോജിപ്പില്ലെന്നും ഏത് സാഹചര്യത്തിലാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും സുധീരൻ ആലപ്പുഴ പ്രസ് ക്ളബിന്റെ ജനവിധി പരിപാടിയിൽ സംസാരിക്കവെ വ്യക്തമാക്കി.

പാർട്ടി പ്രവർത്തകർക്കിടയിൽ അവ്യക്തതയും ആശയക്കുഴപ്പവും ഉണ്ടാക്കുന്ന പ്രസ്താവനകൾ ആരിൽ നിന്നും പ്രതീക്ഷിക്കുന്നില്ല. തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നല്ല ജയസാദ്ധ്യതയാണുള്ളത്. വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ ജയസാദ്ധ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്ന ഒരു പരാമർശവും ആരുടെയും ഭാഗത്ത് നിന്നുണ്ടാവരുത്. അങ്ങനെ സംഭവിച്ചാൽ നടപടി എടുക്കുമെന്നും സുധീരൻ പറഞ്ഞു.

സീറ്റ് നിർണയത്തിൽ രാഷ്ട്രീയ മര്യാദ കാണിക്കാൻ കോൺഗ്രസ് പരമാവധി ശ്രമിച്ചിട്ടുണ്ട്. വനിതകൾക്കും സീറ്റു നൽകി. ജെ.എസ്.എസുമായി ബന്ധപ്പെട്ട് രാജൻ ബാബു വിഭാഗം ഉന്നയിച്ച പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫിൽ ആലോചിച്ച് പരിഹാരം കാണുമെന്നും സുധീരൻ പറഞ്ഞു

Add a Comment

Your email address will not be published. Required fields are marked *