ഭൂഗര്‍ഭ ജലവും നഷ്ടമാക്കുന്നു: ഭൂഗഭ ജല അഥോറിറ്റിയുടെ സ്വകാര്യ വത്ക്കരണം അനിവാര്യമെന്നു വര്‍ക്ക് സ്റ്റഡി റിപ്പോര്‍ട്ട്

തിരുവനന്തപുരം 11 മാര്‍ച്ച് (ഹി സ): സംസ്ഥാന ഭൂഗര്‍ഭ ജല അഥോറിറ്റി സ്വകാര്യ വത്ക്കരിക്കണമെന്നു സര്‍ക്കാരിനു പി ആന്റ് എആര്‍ഡിയുടെ വര്‍ക്ക് സ്റ്റഡി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സര്‍ക്കാരിലേക്കു വര്‍ക്ക് സ്റ്റഡ് റിപ്പോര്‍ട്ട് നല്‍കുന്ന കമ്മിറ്റിയുടേതാണ് ഈ തീരുമാനം. ഭൂജല അഥോറിട്ടിയെ സ്വകാര്യ വത്ക്കരിക്കുന്നതിനും സര്‍ക്കാര്‍ തയ്യാറാകണം. നിലവില്‍ ഭൂഗര്‍ഭ ജല അഥോറിറ്റിയില്‍ ജോലിയെച്ചുന്ന ഉദ്യോഗസ്ഥരെയെല്ലാം വാട്ടര്‍ അഥോറിറ്റിയിലേക്കു മാറ്റണണെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പി ആന്റ് എആര്‍ഡിയുടെ വര്‍ക്ക് സ്റ്റഡി റിപ്പോര്‍ട്ട് ജലവിഭവ വകുപ്പു മന്ത്രി പോലും അറിയാതെയാണ് കഴിഞ്ഞ ദിവസം വകുപ്പിലെത്തിയത്. റിപ്പോര്‍ട്ട് ലഭിച്ച മുറയ്ക്ക് ഭൂഗര്‍ഭ ജല അഥോറിറ്റിയെ സ്വകാര്യവത്ക്കരണം നടത്തുന്നതിനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചിട്ടുണ്ടെന്നു അഥോറിറ്റിയിലെ തന്നെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സമ്മതിക്കുന്നു.
എന്നാല്‍, ഈ റിപ്പോര്‍ട്ട് വകുപ്പുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ തയ്യാറാക്കി്യതല്ലെന്നും, വകുപ്പ് ഇപ്പോള്‍ ചെയ്യുന്ന ജോലികളെ കുറിച്ച് യാതൊരു ധാരണയുമില്ലാത്തവര്‍ ചെയ്തതു കൊണ്ടും അംഗീകരിക്കില്ലെന്ന നിലപാടിലാണ് ജീവനക്കാര്‍. വകുപ്പിന്റെ വര്‍ക്ക് സ്റ്റഡി റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടത് അതതു വകുപ്പിലെ പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരായിരിക്കണമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ അഥോറിറ്റിയുടെ സ്വകാര്യവത്ക്കരണത്തിന്റെ ആദ്യപടിയെന്നോണം ജീവനക്കാരുടെ സംഘടനകളുമായും അഥോറിറ്റിയുടെ ഡയറക്ടറുമായും സര്‍ക്കാര്‍ തലത്തില്‍ ഇന്നലെ ചര്‍ച്ച വെച്ചിരുന്നതാണ്. ഭൂഗര്‍ഭ ജല അഥോറിറ്റി ഡയറക്ടര്‍ക്കു ചില അസൗകര്യങ്ങളുണ്ടെന്നറിയിച്ചതിനെ തുടര്‍ന്ന് ചര്‍ച്ച വരുന്ന 29ലേക്കു മാറ്റിയിട്ടുണ്ട്. അന്നു നടക്കുന്ന ചര്‍ച്ച വര്‍ക്ക് സ്റ്റഡി റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്നതാണെങ്കില്‍ ഭൂഗര്‍ഭ ജല അഥോറിറ്റിയുടെ സ്വകാര്യ വത്ക്കരണം 2015 ല്‍ ഉണ്ടാകും. നിലവില്‍ കെഎംഎംഎല്‍, ടൈറ്റാന്യം തുടങ്ങി സംസ്ഥാനത്തെ എല്ലാ വ്യവസായ മേഖലകളിലും കുഴല്‍ക്കിണറുകള്‍ കുഴിക്കുന്നത് അഥോറിറ്റിയാണ്. കൂടാതെ ഗാര്‍ഹിക കാര്‍ഷിക ആവശ്യങ്ങള്‍ക്കായുള്ള കിണറുകള്‍ കുഴല്‍ കിണറുകള്‍ എന്നിവയും ജനങ്ങള്‍ക്കു വേണ്ടിയും ചെറുകിട കമ്പനികള്‍ക്കു വേണ്ടിയും കുഴിച്ചു നല്‍കുന്നുണ്ട്. അനിയന്ത്രിതമായി കിണറുകള്‍ കുഴിക്കുന്നതു തടയുന്നതിനു വേണ്ടിയാണ് സംസ്ഥാനത്ത് ഭൂഗര്‍ഭ ജല അഥോറിറ്റി ആരംഭിച്ചത്. അതും കേന്ദ്ര നിയമത്തിന്റെ പിന്‍ബലത്തോടെ. കേരളത്തില്‍ ഭൂഗഭ ജല ചൂഷണം അമിതമായ സാഹചര്യത്തില്‍ അഥോററ്റി രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഭൂഗര്‍ഭ ജലത്തിന്റെ അളവു പരിശോധന നടത്തി വരുന്നുണ്ട്.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ അമിത ചൂഷണം നടന്നിട്ടുണ്ടെന്നു കണ്ടെത്തിയ സ്ഥലങ്ങളെ ബ്ലോക്കുകളാക്കി സംരക്ഷിക്കുന്നതിനും അവിടങ്ങളില്‍ കുഴല്‍ക്കിണറുകളുടെയും ജലം ഉപയോഗിച്ചുള്ള വ്യവസായങ്ങളുടെയും നിയന്ത്രണം കൊണ്ടുവന്നു. ഇതില്‍ പ്രധാനപ്പെട്ട ബ്ലോക്കുകളില്‍ പാലക്കാട് തിരുവനന്തപുരം, എറണാകുളം എന്നിവ പെടും. അഥോറിറ്റി വന്നതിനു ശേഷം കേരളത്തില്‍ കിണര്‍ കുഴിക്കുന്നതിന് അനുമതി നല്‍കിത്തുടങ്ങി. ഇതനുസരിച്ച് കിണറുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. വ്യവസായികാടിസ്ഥാനത്തില്‍ കുഴിക്കുന്ന കിണറുകള്‍ വഴി സംസ്ഥാനത്ത് ജല ചൂഷണം വ്യാപകമായി നടന്നുകൊണ്ടിരുന്ന സമയത്താണ് ഇതുണ്ടായത്. കൊക്ക കോളയും, പെപ്‌സിയും തുടങ്ങി വിദേശ കുത്തക കമ്പനികള്‍ കേരളത്തില്‍ ബ്രാഞ്ചുകള്‍ തുടങ്ങി ചുളുവില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി കിണര്‍കുഴിക്കുന്നതിനുള്ള അനുമതി വാങ്ങിയാണ് മുന്‍ കാലങ്ങളില്‍ ജലചൂഷണം നടത്തി വന്നിരുന്നത്. എന്നാല്‍, ഇപ്പോള്‍ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് ഭൂഗര്‍ഭ ജല അഥോറിറ്റി അധികൃതര്‍ വിശദമായ അന്വേഷണം നടത്തിയതിനു ശേഷമേ കിണര്‍ കുഴിക്കാന്‍ അനുമതി നല്‍കുന്നുള്ളൂ. അഥോറിറ്റിയെ സ്വകാര്യ വത്ക്കരിക്കുന്നതോടെ കിണര്‍, കുഴല്‍ക്കിണറുകള്‍ കുഴിക്കുന്നത് സ്വകാര്യ കമ്പനികളായിരിക്കും. ഇതിനു അനുമതി നല്‍കുകയെന്നതു മാത്രമായിരിക്കും അധികൃതര്‍ക്കുണ്ടാവുക. കുപ്പിവെള്ള കമ്പനികളും, വിദേശ കുത്തകകളുടെ മധുര പാനീയങ്ങളും, ആഗോള കുത്തക വ്യവസായ കമ്പനികളും യഥേഷ്ടം കേരളത്തില്‍ കമ്പനികള്‍ തുറക്കും. കേരളത്തിലെ ഭൂഗഭ ജലം മുഴുവന്‍ കുപ്പികളിലാക്കി ഇവിടുത്തെ ജനങ്ങള്‍ക്കു തന്നെ നല്‍കുന്നതിനുള്ള പ്രവര്‍ത്തനം സജീവമാകും.
 ഭൂജല അഥോറിറ്റി ജനങ്ങള്‍ക്കു വേണ്ടി ഒരു പ്രവര്‍ത്തനവും കാര്യക്ഷമമായി ചെയ്യുന്നില്ലെന്നും, കുഴല്‍ കിണറുകളും, കിണറുകളും കുഴിക്കുന്നതില്‍ താല്‍പര്യം കാണിക്കുന്നില്ലെന്നുമാണ് വര്‍ക്ക് സ്റ്റഡി റിപ്പോര്‍ട്ടില്‍ പ്രത്യേകം പറയുന്നത്്. കൂടാതെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കുറഞ്ഞത് 300 അപേക്ഷ വെച്ചെങ്കിലും ഇപ്പോഴും തീര്‍പ്പാക്കാനുണ്ട്. വരള്‍ച്ച രൂക്ഷമാകുന്നതിനു മുമ്പു തന്നെ കിണറുകള്‍ കുഴിക്കാന്‍ ജനങ്ങള്‍ നെട്ടോട്ടമോടുമ്പാള്‍ അപേക്ഷകളിന്‍മേല്‍ ഭൂഗര്‍ഭ ജല അഥോറിട്ടിക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന ആക്ഷേപം കൂടിയാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, അഥോറിറ്റിയില്‍ ഇപ്പോള്‍ സംസ്ഥാനമൊട്ടുക്കും 600 ജീവനക്കാരാണുള്ളത്. സ്ഥല പരിശോധന തൊട്ട് കിണര്‍ കുഴിക്കല്‍, അനുമതി നല്‍കല്‍, വെള്ളത്തിന്റെ ഗുണനിലവാരം നോക്കല്‍, അളവു പരിശോധിക്കല്‍ എന്നിവയെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഇത്രയും ജീവനക്കാര്‍ പോര. കൂടാതെ കിണര്‍ കുഴിക്കുന്നതിനുള്ള മെഷിനറിയും കുറവാണ്. ഇതെല്ലാമാണ് ഭൂഗര്‍ഭ ജല അഥോറിറ്റി ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍. എന്നാല്‍, അഥോറിറ്റിയെ സ്വകാര്യ വത്ക്കരിക്കുന്നതിനെരെ ശക്തമായ നിലപാടെടുത്തു മുന്നോട്ടു പോകുമെന്നാണ് ജീവനക്കാരും സംഘടനകളും പറയുന്നത്.

Add a Comment

Your email address will not be published. Required fields are marked *